കേരളത്തിന്റെ സാമൂഹിക-സാമ്പത്തിക ഘടനയിൽ ഇതര സംസ്ഥാന തൊഴിലാളികൾ ഇന്ന് അവിഭാജ്യ ഘടകമാണ്. അത്യധ്വാനം വേണ്ടി വരുന്ന ഒരു മേഖലയും സംസ്ഥാനത്ത് ഇവരെ കൂടാതെ പ്രവൃത്തിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്. നിലവിൽ നിർമ്മാണം, പ്ലാന്റേഷൻ, ഫർണിച്ചർ, ഗാർമെന്റ്സ് തുടങ്ങിയ മേഖലകൾ ഇവരെ പൂർണമായും ആശ്രയിച്ചാണ് മുന്നോട്ട് പോകുന്നത്. ഏകദേശം 45 ലക്ഷത്തോളം വരുന്ന ഈ തൊഴിലാളി സമൂഹം കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയെ എങ്ങനെ സ്വാധീനിക്കുന്നുവെന്നും ഭാവിയിൽ ഈ മേഖലയിൽ ഉണ്ടാകാൻ സാധ്യതയുള്ള മാറ്റങ്ങളും പരിശോധിക്കുന്നത് ഏറെ പ്രസക്തമാണ്.
കേരളത്തിൽ കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചത് പൊതുഗതാഗത മേഖലയിൽ വലിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഈ സാഹചര്യം ഇതര സംസ്ഥാന തൊഴിലാളികളെ സംബന്ധിച്ചിടത്തോളം വ്യത്യസ്തമായ ഒരു വശമാണ് തുറന്നുകാട്ടുന്നത്. സ്വകാര്യ ബസുകളുടെയും മറ്റും പ്രധാന വരുമാന മാർഗം ഇപ്പോൾ ഇതര സംസ്ഥാന തൊഴിലാളികളായി മാറിക്കൊണ്ടിരിക്കുകയാണ്. ബസുകളിൽ യാത്ര ചെയ്യുന്നവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളും ഇതര സംസ്ഥാന തൊഴിലാളികളുമാണ്.
സ്ത്രീകൾക്ക് സൗജന്യ യാത്ര ലഭിക്കുന്നതോടെ, ബസുകളുടെ സാമ്പത്തിക നിലനിൽപ്പ് പ്രധാനമായും ഈ തൊഴിലാളികളെ ആശ്രയിച്ചായിരിക്കും. പീക്ക് സമയങ്ങളിൽ ബസുകളിൽ യാത്ര ചെയ്യുന്ന പുരുഷന്മാരിൽ നല്ലൊരു ശതമാനവും ഇതര സംസ്ഥാനക്കാരാണ്. ഇവർ കേരളം വിട്ടുപോകുന്ന സാഹചര്യം ഉണ്ടായാൽ അത് സ്വകാര്യ ബസ് മേഖലയെ വലിയ പ്രതിസന്ധിയിലാക്കും.
ഗുജറാത്ത്, കാശ്മീർ പോലുള്ള പടിഞ്ഞാറൻ മേഖലകളിലൊഴികെ ഇന്ത്യയിലെ മിക്കവാറും എല്ലാ ഭാഗങ്ങളിൽ നിന്നുള്ള തൊഴിലാളികളെയും കേരളത്തിൽ കാണാൻ സാധിക്കും. സംസ്ഥാനത്തെ അഞ്ച് ഇതര സംസ്ഥാന തൊഴിലാളികളിൽ ഒരാൾ അസം സ്വദേശിയാണ്. തൊഴിലാളികളിൽ സിംഹഭാഗവും അസം, പശ്ചിമ ബംഗാൾ, ബീഹാർ, ഒഡീഷ, ഉത്തർപ്രദേശ്, ജാർഖണ്ഡ്, തമിഴ്‌നാട്, കർണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നുളളവരാണ്.
ഇതര സംസ്ഥാന തൊഴിലാളികൾ സമ്പാദിക്കുന്ന പണം മുഴുവൻ നാട്ടിലേക്ക് കൊണ്ടുപോകുന്നു എന്ന ധാരണ തെറ്റാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നതായി ഇതര സംസ്ഥാന തൊഴിലാളികളുടെ മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒ ആയ സെന്റര്‍ ഫോര്‍ മൈഗ്രേഷന്‍ ആന്‍ഡ് ഇന്‍ക്ലൂസീവ് ഡെവലപ്മെന്റിന്റെ (CMID) സഹസ്ഥാപകനും എക്‌സിക്യുട്ടീവ് ഡയറക്ടറുമായ ബിനോയ് പീറ്റര്‍ പറയുന്നു. ഏകദേശം 78,300 കോടി രൂപ ഇവർക്ക് സംസ്ഥാനത്ത് നിന്ന് വിവിധ ജോലികളില്‍ ഏര്‍പ്പെടുന്നത് മൂലം ലഭിക്കുന്നു. വരുമാനത്തിന്റെ മൂന്നിലൊന്ന് ഭാഗവും ഇവര്‍ കേരളത്തിൽ തന്നെയാണ് ചെലവഴിക്കുന്നത്. ചില്ലറ വിപണിയില്‍ ഇവര്‍ കേരളത്തില്‍ ചെലവഴിക്കുന്ന പണം വിവിധ മേഖലകളില്‍ ഇപ്രകാരമാണ്:
ഏകദേശം 15 ലക്ഷം പേർ പ്രതിമാസം ശരാശരി 1200 രൂപ വാടകയിനത്തിൽ സംസ്ഥാനത്ത് നൽകുന്നു. 5 ലക്ഷം പേർ ദിവസവും പൊറോട്ടയും സാമ്പാറും കഴിക്കുന്നതിലൂടെയും, ആഴ്ചയിൽ കോഴിയിറച്ചി വാങ്ങുന്നതിലൂടെയും വലിയൊരു തുക വിപണിയിലെത്തുന്നു. 35 ലക്ഷം പേർ മാസം 100 രൂപയ്ക്ക് റീചാർജ് ചെയ്യുന്നതും, ലക്ഷക്കണക്കിന് പേർ വർഷംതോറും പുതിയ ഫോണുകൾ വാങ്ങുന്നതും വലിയ വരുമാന മാർഗമാണെന്നും സി.എം.ഐ.ഡി ചൂണ്ടിക്കാട്ടുന്നു. പ്രതിദിനം 15 ലക്ഷത്തോളം പേർ ബസ് കൂലിയായി നൽകുന്ന തുക ട്രാൻസ്‌പോർട്ട് മേഖലയെ സഹായിക്കുന്നു. ലോട്ടറി, മുടി വെട്ടൽ, വസ്ത്രം വാങ്ങൽ, മരുന്ന്, നിത്യോപയോഗ സാധനങ്ങൾ എന്നിവയ്ക്കായും ഇവർ വൻതോതിൽ പണം ചെലവാക്കുന്നു.
ഇന്ത്യയിൽ അസംഘടിത മേഖലയിൽ ഏറ്റവും കൂടുതൽ കൂലി ലഭിക്കുന്ന സംസ്ഥാനമാണ് കേരളം. എന്നിരുന്നാലും, സാങ്കേതിക വിദ്യയുടെ വളർച്ചയോടെ തൊഴിൽ രംഗത്ത് മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുന്നു. റോഡ് നിർമ്മാണം പോലുള്ള മേഖലകളിൽ മനുഷ്യ അധ്വാനത്തിന് പകരം ജെ.സി.ബി പോലുള്ള യന്ത്രങ്ങൾ വ്യാപകമായി ഉപയോഗിക്കുന്നത് സാധാരണ തൊഴിലാളികളുടെ ആവശ്യം കുറയ്ക്കുന്നു.
ഭാവിയിൽ ഇതര സംസ്ഥാന തൊഴിലാളികളെ കൂടുതലായി ആശ്രയിക്കേണ്ടി വരുന്ന പ്രധാന മേഖല 'കെയർ ഇക്കോണമി' (Care Economy) ആണ്. കേരളത്തിലെ ജനസംഖ്യയിൽ പ്രായമായവരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ, മാതാപിതാക്കളെയും രോഗികളെയും നോക്കാൻ കൂടുതൽ കെയർ ഗിവർമാരെ (Care givers) ആവശ്യമായി വരും. കൂടാതെ ഭാവിയില്‍ ഹോട്ടൽ സർവീസ്, ഹോസ്പിറ്റാലിറ്റി, ഡൊമസ്റ്റിക് സപ്പോർട്ട് (വീട്ടുജോലികൾ) എന്നീ മേഖലകളിലും ഇവരുടെ സേവനം അത്യന്താപേക്ഷിതമാകുമെന്നും ബിനോയ് പീറ്റര്‍ ധനം ഓണ്‍ലൈനോട് പറഞ്ഞു.
ഭാവിയിൽ കേരളത്തിലേക്കുള്ള തൊഴിലാളികളുടെ ഒഴുക്ക് കുറയാൻ സാധ്യതയുള്ള ചില ഘടകങ്ങളുണ്ട്:
വിദ്യാഭ്യാസം: തൊഴിലാളികളുടെ നാട്ടിലെ പുതിയ തലമുറ വിദ്യാഭ്യാസത്തിന് വലിയ പ്രാധാന്യം നൽകുന്നുണ്ട്. ഇവർ പഠിച്ച് ഉയർന്ന ജോലികൾക്കോ വിദേശ രാജ്യങ്ങളിലേക്കോ പോകാൻ താല്പര്യപ്പെടുന്നത് കേരളത്തിലേക്കുള്ള വരവ് കുറയ്ക്കും.
നാട്ടിലെ അവസരങ്ങൾ: സ്വന്തം നാട്ടിൽ 10,000 മുതൽ 20,000 രൂപ വരെ സ്ഥിരവരുമാനം ലഭിച്ചാൽ രണ്ടാംതരം പൗരന്മാരായി ദൂരദേശങ്ങളിൽ പോയി പണിയെടുക്കാൻ പല ഇതര സംസ്ഥാന തൊഴിലാളികളും ആഗ്രഹിക്കുന്നില്ല.
ഓട്ടോമേഷൻ: കാർഷിക മേഖലയിലും മറ്റും ഡ്രോണുകൾ ഉപയോഗിച്ച് മരുന്നടിക്കുന്നതും മറ്റും ഭാവിയിൽ സാധാരണ തൊഴിലാളികളുടെ ആവശ്യം ഇല്ലാതാക്കും.
സാമൂഹിക മനോഭാവം: ഇതര സംസ്ഥാനക്കാരെ കള്ളന്മാരും കൊള്ളക്കാരുമായി കാണുന്ന 'സെനോഫോബിയ' (Xenophobia- അപരിചിതരോടുള്ള ഭയം) പോലെയുള്ള പ്രവണതകൾ അവരെ കേരളത്തിൽ നിന്ന് അകറ്റിയേക്കാം.
കേരളം ഒരു 'മണി ഓർഡർ ഇക്കോണമി' ആയി തുടരുമ്പോഴും, നമ്മുടെ വികസനത്തിന് ഇതര സംസ്ഥാന തൊഴിലാളികളെ മാറ്റിനിർത്താൻ കഴിയില്ല. അവരെ 'അതിഥി തൊഴിലാളികൾ' എന്ന് വിളിച്ച് മാറ്റിനിർത്തുന്നതിന് പകരം കൂടുതൽ കരുതലോടെ ചേർത്തുപിടിക്കേണ്ടത് കേരളത്തിന്റെ ഭാവിയ്ക്ക് അനിവാര്യമാണ്.
Read DhanamOnline in English
Subscribe to Dhanam Magazine