Industry

മീറ മുറാത്തിയുടെ കണ്ണ് മഞ്ഞളിച്ചില്ല, സക്കര്‍ബര്‍ഗിന്റെ ₹8,300 കോടിക്കു മുന്നില്‍; അറിയുമോ ഈ എ.ഐ സ്റ്റാറിനെ?

ടെക് ചരിത്രത്തിലെ ഏറ്റവും വലിയ സീഡ് ഫണ്ടിംഗ് നേടിയത് മീറ മുറാത്തിയുടെ സ്റ്റാര്‍ട്ടപ്പാണ്

Dhanam News Desk

സിലിക്കണ്‍വാലിയിലെ ഹോട്ട്‌നെയിമാണ് 36 കാരിയായ മീറ മുറാത്തി (Mira Murati). മെറ്റ (Meta) സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ 100 കോടി ഡോളറിന്റെ (8,300 കോടി രൂപ) വമ്പന്‍ വാഗ്ദാനം നിഷ്പ്രയാസം വേണ്ടെന്നുവച്ചാണ് ഇപ്പോള്‍ മീറ മുറാത്തി ശ്രദ്ധനേടുന്നത്. തിങ്കിംഗ്‌ മെഷീന്‍സ് ലാബ്‌സ് (Thinking Machines Lab) എന്ന ഐ.എ സ്റ്റാര്‍ട്ടപ്പ് കമ്പനിയുടെ സ്ഥാപകയാണ് ഇവര്‍. മുന്‍പ് ഓപ്പണ്‍ എ.ഐയുടെ (OpenAI) ചീഫ് ടെക്‌നിക്കല്‍ ഓഫീസറായിരുന്ന ഇവര്‍ 2025 ഫെബ്രുവരിയിലാണ് ഈസ്റ്റാര്‍ട്ടപ്പ് കമ്പനി ആരംഭിക്കുന്നത്.

മെറ്റയില്‍ നിന്ന് വന്ന വമ്പന്‍ ഓഫര്‍ നിരസിച്ചത് മീറ ഒറ്റയ്ക്കല്ല, കമ്പനിയുടെ മുഴുവന്‍ ടീമംഗങ്ങളും മീറയ്‌ക്കൊപ്പം നിന്നു. ഇതോടെ, സ്റ്റാര്‍ട്ടപ്പ് കമ്പനിയിലും മീറയിലുമുള്ള ടീമംഗങ്ങളുടെ ദീര്‍ഘകാല വിശ്വാസം കൂടിയാണ് ചര്‍ച്ചയാവുന്നത്.

രണ്ട് ലക്ഷം ഡോളര്‍ മുതല്‍ ഒരു ബില്യണ്‍ ഡോളര്‍ വരെയുള്ള നഷ്ടപരിഹാര പാക്കേജുമായാണ് മെറ്റ മീറയുടെ സ്റ്റാര്‍ട്ടപ്പിനെ സമീപിച്ചിത്. പുതുതായി ആരംഭിച്ച സൂപ്പര്‍ഇന്റലിജന്‍സ് ലാബിലേക്ക് പ്രതിഭകളെ ആകര്‍ഷിക്കുകയായിരുന്നു ലക്ഷ്യം.

പക്ഷേ അവരുടെ ടീം വഴങ്ങിയില്ല. ഹ്രസ്വകാല നേട്ടത്തേക്കാള്‍ മീറയുടെ ദര്‍ശനത്തിലും കമ്പനിയുടെ ദീര്‍ഘകാല വളര്‍ച്ചയിലും അവര്‍ വിശ്വസിച്ചതുകൊണ്ടാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചാറ്റ് ജി.പി.ടിയുടെ പിന്‍കരം

1988ല്‍ അല്‍ബേനിയയില്‍ ജനിച്ച മീറ പതിനാറാം വയസില്‍, കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലുള്ള പിയേഴ്‌സണ്‍ കോളേജ് യു.ഡബ്ല്യു.സിയില്‍ സ്‌കോളര്‍ഷിപ്പ് നേടി. ആഗോള പൗരത്വവും വിമര്‍ശനാത്മക ചിന്തയും പ്രോത്സാഹിപ്പിക്കുന്നതിന് പേരുകേട്ട ഒരു സ്‌കൂളാണിത്.

ആ അനുഭവമാണ് മീറയുടെ ഭാവിക്ക് അടിത്തറ പാകിയത്. ഇന്റര്‍നാഷണല്‍ ബാക്കലറിയേറ്റ് പ്രോഗ്രാം പൂര്‍ത്തിയാക്കിയ ശേഷം, രണ്ട് ബിരുദങ്ങള്‍ കരസ്ഥമാക്കി. 2011-ല്‍ കോള്‍ബി കോളേജില്‍ നിന്ന് ബാച്ചിലര്‍ ഓഫ് ആര്‍ട്സും 2012-ല്‍ ഡാര്‍ട്ട്മൗത്തിലെ തായര്‍ സ്‌കൂളില്‍ നിന്ന് ബാച്ചിലര്‍ ഓഫ് എഞ്ചിനീയറിംഗും.

സോഡിയാക് എയ്റോസ്പേസിലാണ് മീറ തന്റെ കരിയര്‍ ആരംഭിച്ചത്, പിന്നീട് ടെസ്ലയിലേക്ക് മാറി, അവിടെ മോഡല്‍ എക്സില്‍ സീനിയര്‍ പ്രോഡക്റ്റ് മാനേജരായി ജോലി ചെയ്തു.

അവിടെ നിന്നാണ് ലീപ് മോഷനില്‍ (ഇപ്പോള്‍ അള്‍ട്രാലീപ്പ്) ചേര്‍ന്നത്, അവിടെ ജെസ്റ്റര്‍ അധിഷ്ഠിത കമ്പ്യൂട്ടിംഗും ഓഗ്മെന്റഡ് റിയാലിറ്റിയും പര്യവേക്ഷണം ചെയ്തു.

2018-ല്‍ അപ്ലൈഡ് എഐ ആന്‍ഡ് പാര്‍ട്ണര്‍ഷിപ്പിന്റെ വൈസ് പ്രസിഡന്റായി ഓപ്പണ്‍എഐയില്‍ ചേര്‍ന്നതോടെയാണ് മീറയുടെ കരിയര്‍ മാറിയത്. 2022 ആയപ്പോഴേക്കും ചീഫ് ടെക്‌നോളജി ഓഫീസറായി സ്ഥാനക്കയറ്റം ലഭിച്ചു. ചാറ്റ്ജിപിടി, ഡി.എ.എല്‍.എല്‍.ഇ, കോഡെക്‌സ്, സോറ തുടങ്ങിയ വിപ്ലവകരമായ ടൂളുകള്‍ ഓപ്പണ്‍എഐ പുറത്തിറക്കിയത് മീറയുടെ നേതൃത്വത്തിലാണ്.

2023 നവംബറില്‍, ഓപ്പണ്‍ എ.ഐയിലുണ്ടായ നേതൃത്വ പ്രതിസന്ധിക്കിടെ, സാം ആള്‍ട്ട്മാനെ പുറത്താക്കിയതിനുശേഷം മീറ മുറാത്തി താല്‍ക്കാലിക സിഇഒ ആയി ചുമതലയേറ്റു. അദ്ദേഹത്തിന്റെ മാനേജ്‌മെന്റിനെ ചോദ്യം ചെയ്ത മുതിര്‍ന്ന നേതാക്കളില്‍ ഒരാളായിരുന്നു അവര്‍. ദിവസങ്ങള്‍ക്കുള്ളില്‍ ആള്‍ട്ട്മാന്‍ തിരിച്ചെത്തിയെങ്കിലും, 2024 സെപ്റ്റംബറില്‍ മീറ കമ്പനി വിട്ട് സ്വന്തം സംരംഭം ആരംഭിച്ചു.

2025 ഫെബ്രുവരിയില്‍ സ്ഥാപിതമായ തിങ്കിംഗ് മെഷീന്‍സ് ലാബ് പൊതുതാല്‍പര്യം മുന്‍നിര്‍ത്തിയുള്ള ഒരു എ.ഐ സ്റ്റാര്‍ട്ടപ്പാണ്. ജൂലൈയില്‍ സീഡ് ഫണ്ടിംഗിലൂടെ കമ്പനി 2 ബില്യണ്‍ ഡോളര്‍ സമാഹരിച്ചിരുന്നു. ടെക് ചരിത്രത്തിലെ ഏറ്റവും വലിയ സീഡ് റൗണ്ടായിരുന്നു ഇത്. കമ്പനിക്ക് 12 ബില്യണ്‍ ഡോളര്‍ മൂല്യം കണക്കാക്കിയായിരുന്നു ഫണ്ടിംഗ്.

എന്‍വിഡിയ, എ.എം.ഡി, ആക്‌സല്‍, സിസ്‌കോ, സര്‍വീസ്‌നൗ, അല്‍ബേനിയന്‍ സര്‍ക്കാര്‍ തുടങ്ങിയ കമ്പനികളാണ് ഈ സ്റ്റാര്‍ട്ടപ്പിനെ പിന്തുണയ്ക്കുന്നത്. ഓപ്പണ്‍ എ.ഐ, മെറ്റ, ഫ്രഞ്ച് എ.ഐ സ്ഥാപനമായ മിസ്ട്രല്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിഭകളെയാണ് കമ്പനി ഒപ്പം കൂട്ടിയിരിക്കുന്നത്.

കമ്പനിയുടെ പ്രോഡക്ടുകളൊന്നും ഇനിയും പുറത്തിറക്കിയിട്ടില്ല. രോഗങ്ങള്‍, കാലാവസ്ഥാ വ്യത്യായാനം, അസമത്വം എന്നിവ കണ്ടെത്താനുള്ള ഐ.ഐ സിസ്റ്റമാണ് കമ്പനി വികസിപ്പിക്കുന്നതെന്നാണ് ഇന്‍ഡസ്ട്രിയില്‍ നിന്നുള്ള സൂചന. ശാസ്ത്രജ്ഞര്‍, നയരൂപകര്‍ത്താക്കള്‍, ഗവേഷകര്‍ തുടങ്ങിയവരും മീറ മുറാത്തിയ്‌ക്കൊപ്പം കമ്പനിയിലുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT