Industry

ആര്‍.ബി.എല്‍ ബാങ്കില്‍ 10% ഓഹരി സ്വന്തമാക്കാന്‍ മഹീന്ദ്ര

ഓഹരിയില്‍ 7% ഇടിവ്, ആര്‍.ബി.എല്‍ ബാങ്ക്‌ ഓഹരി കയറി

Dhanam News Desk

രാജ്യത്തെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര സ്വകാര്യ ബാങ്കായ ആര്‍.ബി.എല്‍ ബാങ്കില്‍ 10 ശതമാനം ഓഹരി വാങ്ങുന്നു. ഓട്ടോമൊബൈല്‍, ഐ.ടി, ബാങ്ക്-ഇതര ധനകാര്യ സ്ഥാപനം എന്നിങ്ങനെ വൈവിധ്യമാര്‍ന്ന ബിസിനസുകളില്‍ സാന്നിധ്യമറിയിച്ചിട്ടുള്ള സ്ഥാപനമാണ് പ്രമുഖ വ്യവസായി ആനന്ദ് മഹീന്ദ്ര നേതൃത്വം നല്‍കുന്ന മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര. ബാങ്കിംഗ് മേഖലയിലും സാന്നിധ്യം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് നീക്കം. നിലവില്‍ ആര്‍.ബി.എല്ലിന്റെ 3.5 ശതമാനം ഓഹരികള്‍ മഹീന്ദ്രയുടെ കൈവശമാണ്.

ഏറ്റെടുക്കലിനു ശേഷം ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടായ മേപ്പിളിനൊപ്പം ബാങ്കിന്റെ ഏറ്റവും വലിയ ഓഹരിയുടമയായി മഹീന്ദ്ര മാറും.

ആര്‍.ബി.ഐ അനുമതി നല്‍കണം

ബിസിനസ് ഗ്രൂപ്പുകള്‍ ബാങ്കുകളില്‍ നിക്ഷേപം നടത്തുന്നതുമായി ബന്ധപ്പെട്ട് ആര്‍.ബി.ഐ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയ വേളയിലാണ് മഹീന്ദ്രയുടെ വെളിപ്പെടുത്തല്‍. എതിര്‍പ്പുകളുണ്ടായതിനെ തുടര്‍ന്ന് ബിസിനസ് ഗ്രൂപ്പുകള്‍ക്ക് ഭാവിയില്‍ ബാങ്കുകളെ ഏറ്റെടുക്കാനാകുന്ന നിര്‍ദേശം റിസര്‍വ് ബാങ്ക് ഒഴിവാക്കിയിരുന്നു.

ബാങ്കിന്റെ അഞ്ച് ശതമാനത്തില്‍ കൂടുതല്‍ ഓഹരികള്‍ ഏറ്റെടുക്കണമെങ്കില്‍ മഹീന്ദ്രയ്ക്ക് റീസര്‍വ് ബാങ്കിന്റെ അനുമതിലഭിക്കേണ്ടതുണ്ട്. നിലവില്‍ മഹീന്ദ്ര ഗ്രൂപ്പിനു കീഴില്‍ ബാങ്ക്-ഇതര ധനകാര്യ സ്ഥാപനമുണ്ട്(NBFC).

കോവിഡിന് മുന്‍പ് നിക്ഷേപങ്ങളില്‍ വലിയ ഇടിവ് രേഖപ്പെടുത്തിയ ആര്‍.ബി.എല്‍ ബാങ്ക് 2020 നവംബറില്‍ മൂലധനസാമഹരണം നടത്തിയാണ് നിക്ഷേപകരുടെ വിശ്വാസം തിരിച്ചുപിടിച്ചത്. 2023 ജൂണ്‍ പാദത്തില് ബാങ്കിന്റെ ലാഭം(Net Profit) 43.2% ഉയര്‍ന്ന് 288 കോടി രൂപയായി.ഉയര്‍ന്ന പലിശ വരുമാനവും കുറഞ്ഞ നീക്കിയിരുപ്പുമാണ് ഇതിന് സഹായകമായത്.

മഹീന്ദ്ര ഓഹരി വിലയിൽ ഇടിവ് 

ഓഹരി സ്വന്തമാക്കുന്ന വര്‍ത്തകള്‍ക്കു പിന്നാലെ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ഓഹരികള്‍ ഇന്ന് രാവിലെ 7 ശതമാനം ഇടിഞ്ഞു. വിപണി മൂല്യത്തില്‍ 12,000 കോടി രൂപയുടെ നഷ്ടമാണുണ്ടായിരിക്കുന്നത്.

അതേ സമയം, കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ ആര്‍.ബി.എല്‍ ബാങ്കിന്റെ ഓഹരി വില 44 ശതമാനം ഉയര്‍ന്നു. ജൂണ്‍ 26 ന് 166 രൂപയായിരുന്ന ഓഹരി ഇപ്പോള്‍ 246 രൂപയിലാണ് വ്യാപാരം നടത്തുന്നത്. 1.7 ശതമാനമാണ് ഇന്ന് ഉയര്‍ന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT