BSNL and Canva
Industry

ലേറ്റായി വന്താലും ലേറ്റസ്റ്റായി വരുവേന്‍...' 4ജി വഴി 5ജി കുതിപ്പിന് ബി.എസ്.എന്‍.എല്‍

37,000 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന ടവറുകള്‍ പൂര്‍ണമായും ഇന്ത്യന്‍ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ളതാണ്

Dhanam News Desk

രാജ്യത്തെ ടെലികോം മേഖലയില്‍ പുതിയ നാഴികക്കല്ലായി ബി.എസ്.എന്‍.എല്‍ സ്വദേശി 4 ജി നെറ്റ്‌വര്‍ക്ക് അവതരിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബി.എസ്.എന്‍.എല്ലിന്റെ രജത ജൂബിലിയോടനുബന്ധിച്ചാണ് രാജ്യ വ്യാപക 4 ജി സേവനം ഉദ്ഘാടനം ചെയ്തത്. ഇതിനൊപ്പം തദ്ദേശീയമായി വികസിപ്പിച്ച 97,500 ഓളം മൊബൈല്‍ 4 ജി ടവറുകള്‍ സ്ഥാപിക്കുന്നതിന്റെ ഉദ്ഘാടനവും നടന്നു. ഇതില്‍ 92,600 എണ്ണം 5 ജി സാങ്കേതിക വിദ്യയിലേക്ക് അപ്‌ഗ്രേഡ് ചെയ്യാന്‍ കഴിയുന്നവയാണ്. 37,000 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന ടവറുകള്‍ പൂര്‍ണമായും ഇന്ത്യന്‍ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ളതാണ്.

ഗ്രാമീണ ഇന്ത്യയിലെ ദശലക്ഷക്കണക്കിന് ആളുകളെ തമ്മില്‍ ബന്ധിപ്പിക്കാനും 5 ജി അപ്‌ഗ്രേഡിന് അടിത്തറയിടാനും ഈ നീക്കം സഹായിക്കുമെന്നാണ് കരുതുന്നത്. പുതിയ 4 ജി സേവനങ്ങള്‍ 20 ലക്ഷത്തിലധികം വരിക്കാരെ കൊണ്ടുവരുമെന്നാണ് സര്‍ക്കാര്‍ കണക്കു കൂട്ടല്‍.

സ്വദേശി 4 ജി നെറ്റ്‌വര്‍ക്കിന്റെ സവിശേഷതകള്‍

പൂര്‍ണമായും ഇന്ത്യയില്‍ വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് ഒരുക്കിയ സോഫ്റ്റ്‌വെയര്‍ അധിഷ്ഠിതവും ക്ലൗഡ് അധിഷ്ഠിതവുമായ ഒരു നെറ്റ്‌വര്‍ക്കാണ് സ്വദേശി 4 ജി നെറ്റ് വര്‍ക്ക്. ടെലികോം രംഗത്ത് ഇന്ത്യയുടെ സ്വാശ്രയത്വം ഉറപ്പാക്കുന്ന ആത്മനിര്‍ഭര്‍ ഭാരത് എന്ന ദൗത്യത്തിന്റെ ഭാഗമായാണ് പൂര്‍ണമായും തദ്ദേശീയമായ 4ജി സാങ്കേതിക വിദ്യ വികസിപ്പിച്ചിരിക്കുന്നത്. തേജസ് നെറ്റ്‌വര്‍ക്ക് വികസിപ്പിച്ച റേഡിയോ ആക്‌സസ് നെറ്റ്‌വര്‍ക്ക് (RAN), സി-ഡോട്ട് (C-DO) വികസിപ്പിച്ച കോര്‍ നെറ്റ്‌വര്‍ക്ക്, ടി.സി.എസ് സംവിധാനങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

പ്രതിബന്ധങ്ങള്‍ മറികടന്ന്

2020ലാണ് ബി.എസ്.എന്‍.എല്‍ 4 ജി സേവനങ്ങള്‍ ഔദ്യോഗികമായി ആരംഭിക്കുന്നത്. എന്നാല്‍ ചുരുങ്ങിയ ഇടങ്ങളില്‍ മാത്രമായിരുന്നു സേവനം. അഞ്ച് വര്‍ഷത്തോളമെടുത്തു രാജ്യത്താകമാനം 4 ജി എന്ന നേട്ടം കൈവരിക്കാന്‍. 4ജി സ്‌പെക്ട്രം അനുവദിക്കുന്നതില്‍ നേരിട്ട കാലതാമസം അടക്കം നിരവധി പ്രതിബന്ധങ്ങള്‍ മറികടന്നാണ് ബി.എസ്.എന്‍.എല്‍ ഇപ്പോള്‍ പുതിയ കുതിപ്പിന് ഒരുങ്ങുന്നത്.

സ്വകാര്യ കമ്പനികളായ റിലയന്‍സ് ജിയോ, എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ എന്നിവര്‍ 5ജിയിലെത്തിയിട്ടും 4 ജി വ്യാപനം പോലും പൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്നത് ബി.എസ്.എന്‍.എല്ലിന് ലക്ഷക്കണക്കിന് ഉപയോക്താക്കളെ നഷ്ടമാക്കിയിരുന്നു. ഇതോടെ വോഡഫോണ്‍ ഐഡിയയുടെ നെറ്റ്‌വര്‍ക്ക് ഉപയോഗിച്ച് 4 ജി സേവനങ്ങള്‍ ലഭ്യമാക്കണമെന്ന്‌ ജീവനക്കാരുടെ സംഘടനകള്‍ ആവശ്യമുന്നയിച്ചെങ്കിലും സ്വന്തമായി നെറ്റ്‌വര്‍ക്ക് സംവിധാനം വികസിപ്പിക്കണമെന്ന തീരുമാനത്തിലായിരുന്നു ബി.എസ്.എന്‍.എല്‍. 22 മാസമെടുത്താണ് ഈ പ്രക്രിയ പൂര്‍ത്തിയാക്കിയത്

അതേസമയം ടെലികോം ഉപകരണങ്ങള്‍ നിര്‍മിക്കുന്ന രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇതോടെ ഇന്ത്യയും എത്തിയിരിക്കുകയാണ്. ഡെന്‍മാര്‍ക്ക്, സ്വീഡന്‍, ദക്ഷിണ കൊറിയ, ചൈന എന്നീ രാജ്യങ്ങളാണ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT