ആഗോള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) വിപ്ലവത്തിൽ ഭാരതം പിന്നിലാണെന്നും, ഈ പ്രതിസന്ധി മറികടക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേരിട്ടുള്ള നേതൃത്വത്തിൽ ഒരു 'ഇന്ത്യ എഐ മിഷൻ' ആരംഭിക്കണമെന്നും പ്രമുഖ വ്യവസായിയും ഇൻഫോസിസ് മുൻ സിഎഫ്ഒയുമായ ടി.വി. മോഹൻദാസ് പൈ ആവശ്യപ്പെട്ടു. നിലവിലെ സർക്കാർ പദ്ധതികൾ ഈ മേഖലയിൽ വലിയ മാറ്റമുണ്ടാക്കാൻ അപര്യാപ്തമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
എഐ വികസനത്തിനും ഡീപ് ടെക് (Deep Tech) ഗവേഷണത്തിനുമായി പ്രതിവർഷം 50,000 കോടി രൂപയുടെ പ്രത്യേക ഫണ്ട് അനുവദിക്കണമെന്നാണ് പൈയുടെ പ്രധാന ആവശ്യം. കൂടാതെ, ഹൈപ്പർ ക്ലൗഡ് ഇൻഫ്രാസ്ട്രക്ചർ, ഹാർഡ്‌വെയർ, ചിപ്പുകൾ എന്നിവയുടെ നിർമ്മാണത്തിനായി 2 ലക്ഷം കോടി രൂപയുടെ ഇഎൽജിഎസ് (ELGS) ഗ്യാരണ്ടി ഫണ്ടും അദ്ദേഹം നിർദ്ദേശിച്ചു. നന്ദൻ നിലേകനിയെ മിഷന്റെ വൈസ് ചെയർമാനായി നിയമിക്കണമെന്നും സ്വകാര്യ-പൊതു മേഖലകളിൽ നിന്നുള്ള വിദഗ്ധരെ ഇതിൽ ഉൾപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യുഎസ് ആസ്ഥാനമായുള്ള ആന്ത്രോപിക് (Anthropic) കമ്പനി തങ്ങളുടെ അത്യാധുനിക എഐ മോഡലുകളായ ഫേബിൾ 5 (Fable 5), മിത്തോസ് 5 (Mythos 5) എന്നിവയിലേക്കുള്ള പ്രവേശനം വിദേശ പൗരന്മാർക്ക് നിഷേധിച്ച പശ്ചാത്തലത്തിലാണ് ഈ ആവശ്യം ശക്തമായത്. അമേരിക്കയുടെ കയറ്റുമതി നിയന്ത്രണ നിയമങ്ങൾ പാലിച്ച് ഇത്തരം മോഡലുകൾ വിദേശികൾക്ക് നൽകാതിരിക്കുന്നത് ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളെ ബാധിക്കും.
ഗ്ലോബലൈസേഷൻ എന്ന സങ്കല്പം അവസാനിച്ചുവെന്നും സാങ്കേതികവിദ്യയാണ് ഇനി ഒരു രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കാനുള്ള പ്രധാന ആയുധമെന്നും സോഹോ കോർപ്പറേഷൻ മുൻ സിഇഒ ശ്രീധർ വെമ്പുവും അഭിപ്രായപ്പെട്ടു. വിദേശ സാങ്കേതികവിദ്യകളെയും ജിപിയുകളെയും (GPU) മാത്രം ആശ്രയിക്കാതെ ഇന്ത്യ സ്വന്തം നിലയിൽ ഗവേഷണങ്ങൾ ശക്തമാക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. എങ്കിൽ മാത്രമേ എഐ മേഖലയിലെ പുതിയ വെല്ലുവിളികൾ നേരിടാൻ ഭാരതത്തിന് സാധിക്കൂ.
Read DhanamOnline in English
Subscribe to Dhanam Magazine