പ്രമുഖ യു.എസ് ബഹുരാഷ്ട്ര നിക്ഷേപ ബാങ്കിംഗ് സ്ഥാപനമായ മോർഗൻ സ്റ്റാൻലി (Morgan Stanley) തങ്ങളുടെ ജീവനക്കാരുടെ എണ്ണത്തിൽ കുറവ് വരുത്തുന്നതായി പ്രഖ്യാപിച്ചു. ഏകദേശം 2,500 ഓളം പേർക്കാണ് ഈ പിരിച്ചുവിടലിലൂടെ ജോലി നഷ്ടമാകുന്നത്, ഇത് കമ്പനിയുടെ ആകെ ജീവനക്കാരുടെ ഏകദേശം 3 ശതമാനത്തോളം വരും. 2025 ഡിസംബർ 31 വരെയുള്ള കണക്കനുസരിച്ച് 40 ലധികം രാജ്യങ്ങളിലായി 82,992 ജീവനക്കാരാണ് ബാങ്കിന് ആഗോളതലത്തിൽ ഉള്ളത്.
ബാങ്കിന്റെ മൂന്ന് പ്രധാന വിഭാഗങ്ങളെയും ഈ തീരുമാനം ബാധിക്കുക. ഇൻസ്റ്റിറ്റ്യൂഷണൽ സെക്യൂരിറ്റീസ്, വെൽത്ത് മാനേജ്‌മെന്റ്, ഇൻവെസ്റ്റ്‌മെന്റ് മാനേജ്‌മെന്റ്. വരുമാനം ഉണ്ടാക്കുന്ന ഫ്രണ്ട് ഓഫീസ് തസ്തികകളെയും (front-office) പിന്തുണ നൽകുന്ന ബാക്ക് ഓഫീസ് (back-office) വിഭാഗങ്ങളെയും ഇത് ബാധിക്കും. എന്നാൽ, ബാങ്കിലെ ഫിനാൻഷ്യൽ അഡ്വൈസർമാരെ ഈ പിരിച്ചുവിടൽ ബാധിക്കില്ലെന്ന് വോൾ സ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്യുന്നു. ഈ വെട്ടിക്കുറയ്ക്കൽ ആഗോളാടിസ്ഥാനത്തിലുള്ളതാണെങ്കിലും ഏതൊക്കെ രാജ്യങ്ങളെയാണ് ഇത് കൂടുതൽ ബാധിക്കുക എന്ന് കമ്പനി കൃത്യമായി വ്യക്തമാക്കിയിട്ടില്ല.
നിര്‍മ്മിതബുദ്ധിയുടെ (AI) വർദ്ധിച്ചുവരുന്ന സ്വീകാര്യതയുമായി ബന്ധപ്പെട്ട് അടുത്തിടെയായി സ്ഥാപനങ്ങള്‍ ആയിരക്കണക്കിന് തൊഴിലുകളാണ് വെട്ടിക്കുറച്ചത്. എ.ഐ യുടെ ഉപയോഗം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഫിനാന്‍ഷ്യല്‍ ടെക്നോളജി സ്ഥാപനമായ ജാക്ക് ഡോർസിയുടെ ബ്ലോക്ക് (Block) കഴിഞ്ഞ ആഴ്ച 10,000 അംഗങ്ങളുള്ള ജീവനക്കാരിൽ നിന്ന് 4,000 പേരെ പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ചിരുന്നു. എ.ഐ അധിഷ്ഠിത പരിഷ്കരണങ്ങളുടെ ഭാഗമായി ഏകദേശം 16,000 കോർപ്പറേറ്റ് ജീവനക്കാരെയാണ് ആമസോണ്‍ പിരിച്ചുവിട്ടത്.
കസ്റ്റമർ സപ്പോർട്ട്, പ്രോഗ്രാമിംഗ്, ഡാറ്റ എൻട്രി തുടങ്ങിയ മേഖലകളിലാണ് എ.ഐ നിലവിൽ ഏറ്റവും കൂടുതൽ മാറ്റങ്ങൾ വരുത്തുന്നത്. വരും വർഷങ്ങളിൽ ബാങ്കിംഗ്, ഐ.ടി മേഖലകളിൽ എഐയുടെ സ്വാധീനം മൂലം തൊഴിൽ വെട്ടിക്കുറയ്ക്കലുകൾ തുടരാൻ സാധ്യതയുണ്ടെന്ന് ഗോൾഡ്‌മാൻ സാക്‌സ് (Goldman Sachs) പോലുള്ള സ്ഥാപനങ്ങൾ വ്യക്തമാക്കുന്നു.
എ.ഐയുടെ സ്വാധീനം കൂടാതെ ബിസിനസ് മുൻഗണനകളിലെ മാറ്റം, പുതിയ ഗ്ലോബൽ ലൊക്കേഷൻ തന്ത്രങ്ങള്‍ അടക്കമുളള കാരണങ്ങള്‍ കൂടി മോർഗൻ സ്റ്റാൻലിയുടെ ഈ നീക്കത്തിന് പിന്നിലുണ്ട്. കഴിഞ്ഞ വർഷവും 2,000 ഓളം ജീവനക്കാരെ കമ്പനി ഒഴിവാക്കിയിരുന്നു. 2025 ൽ 70.6 ബില്യൺ ഡോളറിന്റെ റെക്കോർഡ് വരുമാനം നേടിയതിന് പിന്നാലെയാണ് ബാങ്ക് ഈ പുതിയ തീരുമാനമെടുത്തത്.
Morgan Stanley plans to lay off around 2,500 employees globally on shifting business priorities.
Read DhanamOnline in English
Subscribe to Dhanam Magazine