2026 എംഎസ്എംഇ ഭേദഗതി ബിൽ, രാജ്യത്തെ ചെറുകിട സംരംഭങ്ങൾക്ക് സുതാര്യവും ലളിതവുമായ ബിസിനസ് അന്തരീക്ഷം സൃഷ്ടിക്കുന്നു. രജിസ്ട്രേഷൻ, തർക്കപരിഹാരം, ഫണ്ട് ലഭ്യത എന്നിവയിൽ സാങ്കേതിക മുന്നേറ്റങ്ങൾ ഉൾപ്പെടുത്തി സംരംഭകർക്കുള്ള നിയമസഹായം ശക്തമാക്കുകയാണ് ലക്ഷ്യം.
ജി.എസ് പ്രകാശ്
40 കോടിയിലേറെ ആളുകള്‍ക്ക് തൊഴില്‍ നല്‍കുന്ന രംഗമാണ് രാജ്യത്തെ എംഎസ്എംഇ മേഖല. ഉദ്യം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിരുന്ന എംഎസ്എംഇകളുടെ എണ്ണം 2023 ഏപ്രില്‍ ഒന്നിന് 1.65 കോടിയായിരുന്നുവെങ്കില്‍ ഇപ്പോഴത് 9.16 കോടിയായി. 2006ല്‍ പ്രാബല്യത്തില്‍ വന്ന എംഎസ്എംഇഡി നിയമം 20 വര്‍ഷം പൂര്‍ത്തിയാകുന്ന വേളയില്‍ സാങ്കേതികവിദ്യയിലുണ്ടായ മുന്നേറ്റങ്ങളും ഐടി അധിഷ്ഠിത സംവിധാനങ്ങളുടെ വളര്‍ച്ചയും മാറിക്കൊണ്ടിരിക്കുന്ന നിയമസാഹചര്യങ്ങളും കണക്കിലെടുത്ത് നിയമത്തില്‍ സമഗ്രമായ മാറ്റങ്ങള്‍ വരുത്തിയാണ് 'സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭ വികസന (ഭേദഗതി) ബില്‍ 2026' പാര്‍ലമെന്റ് പാസാക്കിയിരിക്കുന്നത്.
എംഎസ്എംഇ മേഖലയുടെ വികസനം നിയന്ത്രിക്കുന്ന നിയമ ചട്ടക്കൂട് ശക്തിപ്പെടുത്തുക, ബിസിനസ് ചെയ്യുന്നതിനുള്ള സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുക, ചെറുകിട, ഇടത്തരം സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ സവിശേഷമായ സംവിധാനങ്ങള്‍ സൃഷ്ടിക്കുക, സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ വായ്പ തിരിച്ചടവ്, ഫണ്ട് ലഭ്യമാക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ അനുഭവപ്പെടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുക എന്നിവയെല്ലാം പരിഗണിച്ചുള്ളതാണ് ഈ നിയമഭേദഗതി.
1. രജിസ്‌ട്രേഷനും വര്‍ഗീകരണവും
ഉദ്യം രജിസ്ട്രേഷന്‍ പോര്‍ട്ടലിന് ഡിജിറ്റലും സൗജന്യവും വ്യക്തിഗത താല്‍പര്യ പ്രകാരവുമുള്ള രജിസ്ട്രേഷന്‍ പ്ലാറ്റ്ഫോം എന്ന നിലയില്‍ സ്ഥിരമായ നിയമസാധുത നല്‍കി. രജിസ്ട്രേഷന്‍ പൂര്‍ണമായും സ്വമേധയാ ചെയ്യാം. ഈ രജിസ്ട്രേഷന്‍ ഒരു സംരംഭത്തിന് നേടിയെടുക്കാവുന്ന അവകാശമാണ്. മറിച്ച് നിര്‍ബന്ധിത ബാധ്യതയല്ല.
പ്ലാന്റ്, യന്ത്രസാമഗ്രികള്‍, ഉപകരണങ്ങള്‍ എന്നിവയിലെ നിക്ഷേപവും വിറ്റുവരവും മാനദണ്ഡമാക്കിയാണ്‌സംരംഭങ്ങളുടെ വര്‍ഗീകരണം. സാങ്കേതികവിദ്യ, ചെലവ്, വിപണി മാതൃകകള്‍ എന്നിവയിലെ മാറ്റങ്ങള്‍ക്കനുസരിച്ച് ഇവയുടെ പരിധികള്‍ വിജ്ഞാപനം വഴി നിശ്ചയിക്കാന്‍ കേന്ദ്ര സര്‍ക്കാറിന് അധികാരമുണ്ട്.
2. കുടിശ്ശിക തര്‍ക്കപരിഹാരവും തുക ഈടാക്കലും
പരാതികള്‍ കുറഞ്ഞ ചെലവിലും വേഗത്തിലും പരിഹരിക്കാന്‍ ഓണ്‍ലൈന്‍ ഡിസ്പ്യൂട്ട് റെസല്യൂഷന്‍ സംവിധാനം ഏര്‍പ്പെടുത്തി.
തര്‍ക്കവുമായി ബന്ധപ്പെട്ട കേസ്, അല്ലെങ്കില്‍ അപ്പീല്‍ ആറ് മാസത്തില്‍ കൂടുതല്‍ നീളുകയാണെങ്കില്‍ വിധിന്യായത്തിലെ തുകയുടെ കുറഞ്ഞത് 50 ശതമാനമെങ്കിലും സംരംഭകന് നല്‍കാന്‍ കോടതികള്‍ ഉത്തരവിടണം.
3. സമയബന്ധിതമായ തര്‍ക്ക പരിഹാര മാനദണ്ഡങ്ങള്‍
ആദ്യമായി ഹാജരാകുന്ന തീയതി മുതല്‍ 90 ദിവസത്തിനുള്ളില്‍ മധ്യസ്ഥത പൂര്‍ത്തിയാക്കണം.
മധ്യസ്ഥത പരാജയപ്പെട്ടാല്‍ 30 ദിവസത്തിനുള്ളില്‍ വിഷയം ആര്‍ബിട്രേഷനിലേക്ക് അയക്കണം.
വാദപ്രതിവാദങ്ങള്‍ പൂര്‍ത്തിയാക്കി 90 ദിവസത്തിനുള്ളില്‍ കൗണ്‍സിലോ, അധ്യക്ഷ സ്ഥാനത്തുള്ള കേന്ദ്രമോ അന്തിമ വിധി പ്രസ്താവിക്കണം.
4. കുടിശ്ശിക തുക ഈടാക്കുന്നത് ശക്തമാക്കാന്‍
ഫസിലിറ്റേഷന്‍ കൗണ്‍സിലോ, മധ്യസ്ഥത വഴിയോ മറ്റ് തര്‍ക്കപരിഹാര സ്ഥാപനങ്ങള്‍ വഴിയോ പുറപ്പെടുവിക്കുന്ന അന്തിമ ഉത്തരവുകള്‍ ഇനി 'ഭൂനികുതി കുടിശ്ശിക' പോലെ ശക്തമായി ഈടാക്കാം.
വാങ്ങുന്നവന്റെ വസ്തുവകകള്‍ സ്ഥിതിചെയ്യുന്ന മേഖലയിലെ ഡിസ്ട്രിക്റ്റ് കലക്റ്റര്‍, ഡെപ്യൂട്ടി കമ്മീഷണര്‍, അല്ലെങ്കില്‍ തത്തുല്യമായ ബന്ധപ്പെട്ട അധികാരികള്‍ വഴി തുക നേരിട്ട് കണ്ടുകെട്ടി ഈടാക്കാന്‍ ഈ ഭേദഗതി അധികാരം നല്‍കുന്നു.
5. വേഗത്തിലുള്ള പണമിടപാടിന് 'ട്രെഡ്‌സ്' നിര്‍ബന്ധമാക്കി
കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങള്‍ എംഎസ്എംഇകളില്‍ നിന്ന് സാധനങ്ങളോ, സേവനങ്ങളോ വാങ്ങുമ്പോള്‍ അതിന്റെ ഇന്‍വോയ്സ് പേയ്മെന്റുകള്‍ 'ട്രെഡ്സ്' ഡിജിറ്റല്‍ പ്ലാറ്റ്ഫോം (ഠഞലഉട ഠൃമറല ഞലരലശ്മയഹല െഉശരെീൗിശേിഴ ട്യേെലാ) വഴി തന്നെ നടത്തുന്നത് നിര്‍ബന്ധമാക്കി.
സംസ്ഥാനങ്ങള്‍ അവരുടെ പൊതുമേഖല സ്ഥാപനങ്ങളെ ട്രെഡ്സ് പ്ലാറ്റ്ഫോമിലേക്ക് കൊണ്ടുവരാന്‍ ആവശ്യമായ വ്യവസ്ഥകള്‍ നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ട്രെഡ്സ് വഴിയുള്ള ഇന്‍വോയ്സ് ഡിസ്‌കൗണ്ടിങ് തുക 2022-23ലെ 40,000 കോടി രൂപയില്‍ നിന്ന് 2025-26 ആയപ്പോഴേക്കും 3.47 ലക്ഷം കോടി രൂപയായി കുത്തനെ ഉയര്‍ന്നു.
ആര്‍ബിഐ നിയന്ത്രിക്കുന്ന ഈ പ്ലാറ്റ്ഫോം വഴി അംഗീകൃത ഇന്‍വോയ്സുകള്‍ക്ക് ബാങ്കുകളില്‍ നിന്നും ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വിതരണക്കാര്‍ക്ക് മുന്‍കൂറായിപണം ലഭിക്കുന്നു. വാങ്ങുന്നവര്‍ നിശ്ചിത തീയതിയില്‍ ബാങ്കുമായി തുക തീര്‍പ്പാക്കിയാല്‍ മതിയാകും.
6. ഫസിലിറ്റേഷന്‍ കൗണ്‍സിലുകളുടെ പുനഃസംഘടന
കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിനായി കൂടുതല്‍ ഫസിലിറ്റേഷന്‍ കൗണ്‍സിലുകള്‍ രൂപീകരിക്കാന്‍ സംസ്ഥാന സര്‍ക്കാറുകള്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യവും നിയമനിര്‍മാണ അധികാരവും നല്‍കി. കൗണ്‍സിലിന്റെ ഘടന ലളിതമാക്കിയതിലൂടെ തര്‍ക്കങ്ങള്‍ കെട്ടിക്കിടക്കുന്നത് ഒഴിവാക്കാനും പ്രാദേശിക തലത്തില്‍ വേഗത്തില്‍ തീര്‍പ്പാക്കാനും സാധിക്കും.
7. എംഎസ്എംഇ ഇക്കോസിസ്റ്റത്തിലെ മാറ്റങ്ങള്‍
കഠിനമായ ശിക്ഷാ നടപടികള്‍ക്ക് പകരം പടിപടിയായുള്ള സിവില്‍ പിഴകള്‍ ചുമത്തുന്ന രീതിയിലേക്ക് നിയമം ഭേദഗതി ചെയ്തു.
രജിസ്ട്രേഷന്‍ വിവരങ്ങള്‍ നല്‍കാതിരിക്കുകയോ, തെറ്റായ വിവരങ്ങള്‍ സമര്‍പ്പിക്കുകയോ ചെയ്താല്‍ മുമ്പ് ശിക്ഷയും പിഴയും ഉണ്ടായിരുന്നു.
പുതിയ നിയമപ്രകാരം ആദ്യതവണ നിയമലംഘനം നടത്തിയാല്‍ താക്കീത് മാത്രമായിരിക്കും നല്‍കുക. രണ്ടാമതും അതിന് ശേഷവും ആവര്‍ത്തിച്ചാല്‍ മാതമെ പിഴ ചുമത്തുകയുള്ളൂ.
എംഎസ്എംഇകള്‍ക്ക് നല്‍കാനുള്ള കുടിശ്ശികയും അതിന്റെ പലിശയും വാര്‍ഷിക സാമ്പത്തിക സ്റ്റേറ്റ്മെന്റുകളില്‍ വെളിപ്പെടുത്താതിരുന്നാല്‍, നല്‍കിയിരുന്ന ശിക്ഷ ഒഴിവാക്കി.
പകരം ആദ്യതവണ താക്കീതും രണ്ടാമത് പിഴയും മൂന്നാമതും അതിന് ശേഷവും ആവര്‍ത്തിച്ചാല്‍ സാമ്പത്തിക പിഴയും ചുമത്തുന്ന രീതിയിലേക്ക് ലളിതമാക്കി. ഈ മാറ്റങ്ങള്‍ സംരംഭകര്‍ക്കിടയില്‍ അനാവശ്യ നിയമഭയം ഇല്ലാതാക്കാനും ബിസിനസ് നടത്തുന്നത് കൂടുതല്‍ എളുപ്പമാക്കാനും സുതാര്യമായ അന്തരീക്ഷം സൃഷ്ടിക്കാനും സഹായിക്കും.
(തൃശൂര്‍ എംഎസ്എംഇ-ഡെവലപ്‌മെന്റ് & ഫസിലിറ്റേഷന്‍ ഓഫീസ് ഡയറക്റ്ററും ഹെഡ് ഓഫ് ഓഫീസുമാണ് ലേഖകന്‍)
(ധനം മാഗസിന്റെ സെപ്റ്റംബർ 30 ലക്കത്തിൽ പ്രസിദ്ധീകരിച്ചത്)
Read DhanamOnline in English
Subscribe to Dhanam Magazine