ബാങ്ക് ഇതര ധനകാര്യ രംഗത്ത് മറ്റൊരു വമ്പന്‍ ഏറ്റെടുക്കലിന് കൂടി 2025 സാക്ഷ്യം വഹിച്ചേക്കും. ശ്രീറാം ഫിനാന്‍സിന്റെ 20 ശതമാനം ഓഹരികള്‍ ഏറ്റെടുക്കാന്‍ ജപ്പാന്‍ കമ്പനിയായ മിത്‌സുബിഷി യു.ജെ.എഫ് ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ് (MUJF) ചര്‍ച്ച നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍.
വാഹന വായ്പാ ദാതാക്കളായ ശ്രീറാം ഫിനാന്‍സിന്റെ 20 ശതമാനം ഓഹരികള്‍ക്കായി 350-400 കോടി ഡോളറിന്റെ ( ഏകദേശം 33,000-35,000 കോടി രൂപ) പുതു മൂലധനമാണ് എം.യു.ജെ.എഫ് നിക്ഷേപിക്കുക. അധികം വൈകാതെ പ്രഖ്യാപനമുണ്ടായേക്കുമെന്ന് മണികണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇടപാട് പൂര്‍ത്തിയായാല്‍ ശ്രീറാം ഫിനാന്‍സിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ എം.യു.ജെ.എഫിന്റെ രണ്ട് പ്രതിനിധികള്‍ക്ക് സാന്നിധ്യം ലഭിക്കും.
ശ്രീറാം ഫിനാന്‍സിന്റെ 20 ശതമാനം ഓഹരികള്‍ ഏറ്റെടുത്ത ശേഷം, ബാങ്കിതര സ്ഥാപനത്തിന്റെ തുടര്‍ന്നുള്ള മൂലധന സമാഹരണത്തില്‍ പങ്കെടുക്കാനുള്ള ആദ്യ അവകാശം എം.യു.ജെ.എഫിനായിരിക്കും. അതുവഴി കമ്പനിയുടെ ഓഹരി പങ്കാളിത്തത്തിന്റെ 51 ശതമാനം വരെ സ്വന്തമാക്കാനുള്ള ഓപ്ഷനും എം.യു.ജെ.എഫിന് ലഭിക്കും.
ഓഹരി ഒന്നിന് 760 - 780 രൂപയ്ക്കായിരിക്കും ഇടപാട് എന്നാണ് അറിയുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ ശ്രീറാം ഫിനാന്‍സിന്റെ ഓഹരികള്‍ 21 ശതമാനം നേട്ടമുണ്ടാക്കിയിട്ടുണ്ട്.
ശ്രീറാം ഫിനാന്‍സിന്റെ തലപ്പത്ത് വലിയ മാറ്റങ്ങള്‍ നടക്കുന്ന സമയത്താണ് പുതിയ നീക്കം. കമ്പനിയുടെ ദീര്‍ഘകാല മേധാവി വൈ.എസ്. ചക്രവര്‍ത്തി അടുത്ത മാസം വിരമിക്കുന്ന ഒഴിവിലേക്ക് എം.ഡിയും സി.എഫ്.ഒ.യുമായി പരാഗ് ശര്‍മ്മയ്ക്ക് സ്ഥാനക്കയറ്റം ലഭിക്കും.
ശ്രീറാം ഫിനാന്‍സിന്റെ പ്രൊമോട്ടര്‍ സ്ഥാപനവും വാഹന ഫിനാന്‍സ് കമ്പനിയില്‍ 17.83 ശതമാനം ഓഹരി കൈവശം വച്ചിട്ടുമുള്ള ശ്രീറാം ക്യാപിറ്റലിന്റെ എംഡിയും സിഇഒയുമായ ശുഭശ്രീ ശ്രീറാം കമ്പനിയുടെ ബോര്‍ഡിലേക്ക് ചേരാന്‍ സാധ്യതയുണ്ടെന്നും സൂചനയുണ്ട്. 2023ല്‍ പിരമല്‍ ഗ്രൂപ്പ് ശ്രീറാം ഫിനാന്‍സിലെ ഓഹരി പങ്കാളിത്തം ഒഴിവാക്കിയതിനു ശേഷവും കമ്പനിക്ക് നിക്ഷേപ താത്പര്യങ്ങള്‍ ലഭിക്കുന്നുവെന്നതിന്റെ സൂചനയാണിത്.
ശ്രീറാം ഫിനാന്‍സിന്റെ 20 ശതമാനം ഓഹരികള്‍ സ്വന്തമാക്കാന്‍ എം.യു.ജെ.എഫ് ശ്രമിക്കുന്നതായി കഴിഞ്ഞ ഒക്ടോബര്‍ ഒന്നിന് ഇക്കണോമിക് ടൈംസും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Mitsubishi UFJ Financial Group plans to acquire a 20% stake in Shriram Finance, marking a major financial move in 2025
Read DhanamOnline in English
Subscribe to Dhanam Magazine