Image : Dhanam File 
Industry

ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ മുകേഷ് അംബാനിയും ഗൗതം അദാനിയും, രാജ്യത്തെ അതിസമ്പന്ന സ്ഥാനത്തില്‍ അട്ടിമറിയോ? റാന്‍ ഓഫ് കച്ചിലും വടംവലി

രണ്ട് ദിവസം കൊണ്ട് മാത്രം 13 ബില്യണ്‍ ഡോളറിന്റെ വര്‍ധനയാണ് ഗൗതം അദാനിയുടെ ആസ്തിയിലുണ്ടായത്

Dhanam News Desk

രാജ്യത്തെ അതിസമ്പന്ന പദവി മുകേഷ് അംബാനിയില്‍ നിന്ന് പിടിച്ചടക്കാന്‍ ഗൗതം അദാനി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അദാനി ഓഹരികളിലുണ്ടായ കുതിപ്പ് ഗൗതം അദാനിയുടെ ആസ്തി 95.7 ബില്യണ്‍ ഡോളറാക്കി (84.36 ലക്ഷം കോടി രൂപ) ഉയര്‍ത്തിയതോടെയാണ് സമ്പന്നപ്പട്ടികയില്‍ അട്ടിമറിയ്ക്ക് കളമൊരുങ്ങിയത്. ബ്ലൂംബെര്‍ഗിന്റെ ശതകോടീശ്വര സൂചിക അനുസരിച്ച് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ ആസ്തി 98.6 ബില്യണ്‍ ഡോളറായി (87.50 ലക്ഷം കോടി രൂപ) കുറഞ്ഞിട്ടുമുണ്ട്. കഴിഞ്ഞ രണ്ട് ദിവസം കൊണ്ട് മാത്രം 13 ബില്യണ്‍ ഡോളറിന്റെ വര്‍ധനയാണ് ഗൗതം അദാനിയുടെ ആസ്തിയിലുണ്ടായത്.

ഈ മുന്നേറ്റം തുടര്‍ന്നാല്‍ രാജ്യത്തെ ഏറ്റവും സമ്പന്നന്‍ എന്ന സ്ഥാനം ഗൗതം അദാനി നേടിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2025ല്‍ ഇതുവരെ അദാനിയുടെ ആസ്തിയില്‍ 17.1 ബില്യണ്‍ ഡോളറിന്റെ വര്‍ധനയുണ്ടായി. ഇക്കാലയളവില്‍ മുകേഷ് അംബാനിയുടെ ആസ്തിയിലുണ്ടായത് 8.02 ബില്യണ്‍ ഡോളറാണ്. അതായത് അംബാനിയേക്കാള്‍ ഇരട്ടിയോളം വളര്‍ച്ച നേടി.

വഴിയൊരുക്കി സെബിയുടെ ക്ലീന്‍ ചിറ്റ്

അമേരിക്കന്‍ ഷോര്‍ട്ട് സെല്ലാറായ ഹിന്‍ഡഡെന്‍ബെര്‍ഗ് അദാനി ഗ്രൂപ്പിന് എതിരായി നിരത്തിയ ആരോപണങ്ങള്‍ തള്ളികൊണ്ട് സെബി ക്ലീന്‍ ചിറ്റ് നല്‍കിയതാണ് അദാനി ഓഹരികളില്‍ കുതിപ്പുണ്ടാക്കിയത്.

അദാനി ഗ്രൂപ്പ് കൃത്രിമമായി ഓഹരി വില പെരുപ്പിച്ച് കാട്ടിയെന്നും ഇതുവഴി നേടിയ ലാഭം കടലാസുകമ്പനികളിലേക്ക് വകമാറ്റിയെന്നും അടക്കമുള്ള ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട് 2023 ജനുവരിയിലാണ് ഹിന്‍ഡെന്‍ബര്‍ഗ് റിസര്‍ച്ച് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. തുടര്‍ന്ന് അദാനി കമ്പനികളുടെ വിപണി മൂല്യത്തില്‍ കോടികളുടെ നഷ്ടം നേരിട്ടിരുന്നു. ഈ വര്‍ഷം ആദ്യം മുതലാണ് ഈ നഷ്ടം മറികടന്ന് തുടങ്ങിയത്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മാത്രം അദാനി കമ്പനികളുടെ സംയോജിത വിപണി മൂല്യം 1.8 ലക്ഷം കോടിയുടെ വളര്‍ച്ച നേടി. നിലവില്‍ 15.44 ലക്ഷം കോടി രൂപയാണ് സംയോജിത വിപണി മൂല്യം.

റാന്‍ ഓഫ് കച്ചില്‍ കടുത്ത മത്സരം

പാകിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന ഗുജറാത്തിലെ റാന്‍ ഓഫ് കച്ചില്‍ ഏക്കറു കണക്കിന് ഉപ്പുപാടങ്ങള്‍ വാങ്ങികൂട്ടികൊണ്ട് ഊര്‍ജ ബിസിനസില്‍ ആധിപത്യം സ്ഥാപിക്കാന്‍ മുകേഷ് അംബാനിയും ഗൗതം അദാനിയും തമ്മില്‍ കടത്തു പോരാട്ടം നടന്നു വരുന്നതിനിടെയാണ് ആസ്തിയിലെ കൊമ്പുകോര്‍ക്കല്‍.

റാന്‍ ഓഫ് കച്ചില്‍ 5.5 ലക്ഷം ഏക്കര്‍ തരിശുപാടമാണ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് സ്വന്തമാക്കിയിരിക്കുന്നത്. സിംഗപ്പൂരിന്റെ നാലിരിട്ടി വലിപ്പമുള്ള പ്രദേശമാണിത്. ഇതിനോട് തൊട്ടു ചേര്‍ന്ന് തന്നെയാണ് അദാനി ഗ്രൂപ്പിന്റെ ഊര്‍ജ വിഭാഗം നിയന്ത്രിക്കുന്ന 4.6 ലക്ഷം ഏക്കര്‍ ഭൂമി. വെറും തരിശുപാടമായ ഈ പ്രദേശത്തെ ഇന്ത്യയുടെ 'ഹരിത സ്വര്‍ണ ഖനി' (ഗ്രീന്‍ ഗോള്‍ഡ് മൈന്‍) എന്നാണ് ഇന്‍ഡസ്ട്രിയിലുള്ളവര്‍ വിളിക്കുന്നത്.

ആദ്യമെത്തിയത് അദാനി

ഈ വരണ്ട പ്രദേശത്ത് ആദ്യം മെഗാ പദ്ധതികള്‍ പ്രഖ്യാപിച്ചത് അദാനി ഗ്രൂപ്പാണ്. ഇന്ത്യയുടെ ശുദ്ധമായ ഊര്‍ജവ്യവസായത്തിന്റെ കേന്ദ്രബിന്ദുവായി ഈ വിശാലമായ തരുശു ഭൂമി മാറുമെന്നാണ് കണക്കാക്കുന്നത്. 2022ലാണ് ഖാവ്ദ പുനരുപയോഗ പാര്‍ക്ക് അദാനി ഇവിടെ സ്ഥാപിക്കുന്നത്. സൗരോര്‍ജ്ജ, കാറ്റാടി സ്രോതസുകളില്‍ നിന്ന് 30 ജിഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുകയാണ് പ്ലാന്റിന്റെ ലക്ഷ്യം. 2024 ഫെബ്രുവരിയില്‍ ദേശീയ ഗ്രിഡിലേക്ക് ആദ്യത്തെ ആദ്യത്തെ വൈദ്യുതി വിതരണം നടത്തുകയും ചെയ്തു. അതേസമയം 2024 ഓഗസ്റ്റില്‍ നടന്ന ഓഹരി ഉടമകളുടെ വാര്‍ഷിക യോഗത്തിലാണ് കച്ചില്‍ ഊര്‍ജ്ജ പദ്ധതികള്‍ നടപ്പാക്കുന്നതിനെ കുറിച്ച് മുകേഷ് അംബാനി വെളിപ്പെടുത്തിയത്. ലോകത്തിലെ ഏറ്റവും വലിയ സിംഗ്ള്‍-സൈറ്റ് സോളാര്‍ പദ്ധതിയാണ് അംബാനി ഗ്രൂപ്പ് ഇവിടെ വികസിപ്പിക്കുന്നത്. പ്രതിദിനം 55 മെഗാവാട്ട് സോളാര്‍ മൊഡ്യൂളുകളും 150 മെഗാവാട്ട് ബാറ്ററി കണ്ടെയ്‌നറുകളും ഇവിടെ വിന്യസിക്കും.

അദാനിയും സമാനമായി സംയോജിത സോളാര്‍ പിവി നിര്‍മ്മാണം, കാറ്റാടി യന്ത്രങ്ങള്‍, ഇലക്ട്രോലൈസര്‍, പുനരുപയോഗിക്കാവുന്ന വൈദ്യുതി ഉല്‍പ്പാദനം എന്നിവയില്‍ നിക്ഷേപിക്കുന്നതിനായി മുതല്‍ മുടക്കുന്നുണ്ട്. ഇവിടെ നിന്നുള്ള വരുമാനം അതിശയിപ്പിക്കുന്നതായിരിക്കുമെന്നാണ് വിലയിരുത്തലുകള്‍.

സെല്ലുകള്‍ക്കായുള്ള പദ്ധതികളും ഇവിടെ ഉദ്ദേശിക്കുന്നുണ്ട്. ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന സൗരോര്‍ജ്ജവികരണം ലഭിക്കുന്ന സ്ഥലമെന്നതാണ് കച്ചിലേക്ക് കോടിക്കണക്കിന് ഡോളര്‍ നിക്ഷേപം ആകര്‍ഷിക്കുന്നത്. പ്രതിദിനം ഒരു ചതുരശ്ര മീറ്ററിന് ശരാശരി 5.5-6.0 കിലോവാട്ട് മണിക്കൂറാണ് ഉത്പാദനം. കൂടാതെ സെക്കന്‍ഡില്‍ എട്ട് മീറ്റര്‍ വേഗതയിലുള്ള കാറ്റും ലഭിക്കുന്നു.

Mukesh Ambani and Gautam Adani battle for the top billionaire spot and renewable energy dominance in Gujarat's Rann of Kutch.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT