Industry

ടാറ്റാ ഗ്രൂപ്പില്‍ നഷ്ടകഥകള്‍ ഏറുന്നു: സൈറസ് മിസ്ട്രി സുപ്രീം കോടതിയില്‍

Dhanam News Desk

ലാഭകരമല്ലാത്ത നിരവധി ബിസിനസുകളിലും പ്രോജക്ടുകളിലും ടാറ്റാ ഗ്രൂപ്പ് തുടര്‍ച്ചയായി നിക്ഷേപം നടത്തി വന്‍ ബാധ്യതയുണ്ടാക്കുന്നുവെന്ന ആരോപണവുമായി ടാറ്റാ സണ്‍സ് മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ട്രി സുപ്രീം കോടതിയില്‍  പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചു. 2019 ലെ കണക്കനുസരിച്ച് 495 മില്യണ്‍ ഡോളര്‍ നഷ്ടം വരുത്തിയ നാനോ, ടാറ്റാ സ്റ്റീല്‍ യൂറോപ്പ് ഉള്‍പ്പെടെയുള്ള  ബിസിനസുകളുടെ കാര്യം അദ്ദേഹം എടുത്തുപറയുന്നു.

തന്നെ പുറത്താക്കിയതിനെതിരെ ടാറ്റാ സണ്‍സുമായി നിയമപോരാട്ടം തുടരുന്ന സൈറസ് മിസ്ട്രിയുടെ ആരോപണങ്ങള്‍ രത്തന്‍ ടാറ്റയെയും ടാറ്റാ സണ്‍സ്  ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരനെയും ഉന്നമിട്ടുള്ളതാണ്. 2016 ഒക്ടോബര്‍ മുതല്‍ ഇരുപക്ഷവും തമ്മിലുള്ള കടുത്ത പോരാട്ടത്തിന്റെ ഭാഗമായി മുന്‍കാലങ്ങളില്‍ കീഴ്ക്കോടതികളില്‍ ഉന്നയിച്ച ആരോപണങ്ങളാണിവയെല്ലാം തന്നെയെങ്കിലും പുതിയ കണക്കുകളും വിവരങ്ങളും അദ്ദേഹം സത്യവാങ്മൂലത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.തന്റെ മുന്‍ഗാമിയായ രത്തന്‍ ടാറ്റ നടത്തിയ വിനാശകരമായ ഏറ്റെടുക്കലുകളെക്കുറിച്ച് താന്‍ നേരത്തെ പ്രകടിപ്പിച്ച ആശങ്കകള്‍ യാഥാര്‍ത്ഥ്യമായിട്ടുണ്ടെന്ന്  സത്യവാങ്മൂലത്തില്‍ മിസ്ട്രി പറഞ്ഞു.

ടാറ്റാ ടെലി സര്‍വീസസ് ലിമിറ്റഡിന് 60,000 കോടി രൂപയുടെ നഷ്ടം ഉള്ളതായി മിസ്ട്രി ചൂണ്ടിക്കാട്ടി.2017 ലെ കണക്കനുസരിച്ച് 6,000 കോടി രൂപയുടെ നഷ്ടം വരുത്തിയ ടാറ്റ നാനോ പദ്ധതി ഇപ്പോഴും അടച്ചിട്ടില്ല. 2016 ല്‍ തന്നെ നാനോ പ്ലാന്റ് അടച്ചുപൂട്ടാനുള്ള തീരുമാനം ഡയറക്ടര്‍ ബോര്‍ഡ് എടുത്തെങ്കിലും വൈകാരിക കാരണങ്ങളാല്‍ ഇതുവരെ നടപ്പാക്കിയിട്ടില്ല.മുന്ദ്ര പദ്ധതിയില്‍ 18,000 കോടി നിക്ഷേപിച്ചിട്ടും ലാഭമുണ്ടാകാനുള്ള ലക്ഷണമില്ല.ഈ പദ്ധതി ഭാവിയില്‍ കൂടുതല്‍ തകരാറിലാകാനുള്ള സാധ്യതയും മിസ്ട്രി ചൂണ്ടിക്കാട്ടുന്നു. 3,550 കോടി രൂപ കൂടുതല്‍ വകയിരുത്തി താരിഫ് പരിഷ്‌കരണം വരുത്തിയ ശേഷവും ടാറ്റാ പവര്‍ പദ്ധതി കനത്ത നഷ്ടത്തില്‍ തുടരുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT