Image:myntra/fb 
Industry

ഓണാഘോഷമോ, കല്യാണമോ എങ്ങനെ ഒരുങ്ങണമെന്ന് പറയും മിന്ത്രയുടെ 'മൈഫാഷന്‍ജിപിടി'

സമയം ലാഭിക്കാം, ഓരോ വസ്തുക്കളും വെവ്വേറെ നോക്കി സമയം കളയേണ്ട

Dhanam News Desk

ഫ്‌ളിപ്പ്കാര്‍ട്ട് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഫാഷന്‍ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ മിന്ത്ര ചാറ്റ്ജിപിടി (ChatGPT) അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന 'മൈഫാഷന്‍ജിപിടി' (MyFashionGPT) പുറത്തിറക്കി. ഉപയോക്താക്കള്‍ക്ക് മെച്ചപ്പെട്ട രീതിയില്‍ ഉല്‍പ്പന്നങ്ങള്‍ തിരയുന്നതിന് സഹായിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

മൈഫാഷന്‍ജിപിടിയുടെ ഉപയോഗം

ഉപയോക്താക്കള്‍ക്ക് ഓണം പോലുള്ള ഉത്സവങ്ങള്‍, ഐ.പി.എല്‍ പോലുള്ള ജനപ്രിയ ഇവന്റുകള്‍, ബീച്ചുകളിലേക്കും മറ്റുമുള്ള യാത്രകൾ, വിവാഹങ്ങള്‍ എന്നീ അവസരങ്ങളിൽ എന്ത് ധരിക്കണമെന്ന്  ചോദിക്കാന്‍ കഴിയും. ഈ ചോദ്യങ്ങളെ അനുസരിച്ച് എ.ഐ അടിസ്ഥാനമാക്കിയുള്ള മൈഫാഷന്‍ജിപിടി ഉപയോക്താക്കള്‍ക്ക് ഉല്‍പ്പന്നങ്ങള്‍ നിര്‍ദേശിക്കും. ജനപ്രിയ സിനിമകളില്‍ നിന്നുള്ള സെലിബ്രിറ്റി ലുക്കുകള്‍ പോലും മൈഫാഷന്‍ജിപിടി കണ്ടെത്തി തരും.

അന്വേഷണത്തിന്റെ സ്വഭാവത്തെ അടിസ്ഥാനമാക്കി ഉപഭോക്താക്കള്‍ക്ക് ടോപ്പ് വെയര്‍, ബോട്ടം വെയര്‍, പാദരക്ഷകള്‍, ആക്സസറികള്‍ മുതല്‍ മേക്കപ്പ് വരെ ഒന്നിലധികം വിഭാഗങ്ങളിലായി ആറ് സെറ്റ് ഓപ്ഷനുകള്‍ വരെ കാണിക്കും. ഉദാഹരണത്തിന് 'ഓണത്തിന് എനിക്ക് എന്ത് ധരിക്കാം' എന്ന് ഒരു സ്ത്രീ ചോദിച്ചാല്‍, ഓണം പോലെരു ആഘോഷത്തിന് ചേരുന്ന വിവിധ സാരികള്‍, ബ്ലൗസുകള്‍, സല്‍വാറുകള്‍, കമ്മലുകള്‍, മാലകള്‍, മേക്കപ്പ് വസ്തുക്കള്‍, പാദരക്ഷകള്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന ആറ് ഓപ്ഷനുകള്‍ കാണിക്കും. അവയില്‍ നിന്നും എളുപ്പത്തില്‍ വേണ്ടത് തിരഞ്ഞെടുക്കാനാകും. ഓരോ വസ്തുക്കളും വെവ്വേറെ നോക്കി സമയം കളയേണ്ടി വരില്ല.

ടിപ്പുകളുമായി മൈസ്‌റ്റൈലിസ്റ്റും

11 ഭാഷകളില്‍ വിദഗ്ധ സ്‌റ്റൈലിംഗ് ടിപ്പുകള്‍ നല്‍കുന്നതും പ്രാദേശിക ഭാഷയില്‍ ഉല്‍പ്പന്നും തിരയാനാകുന്നതുമായ എ.ഐ അടിസ്ഥാനമാക്കിയുള്ള സ്‌റ്റൈലിസ്റ്റ് വിദഗ്ദ്ധനായ 'മൈസ്‌റ്റൈലിസ്റ്റ്' (MyStylist) എന്ന സംവിധാനവും മിന്ത്ര അടുത്തിടെ പുറത്തിറക്കിയിരുന്നു. സമീപഭാവിയില്‍ വോയ്സ് സെര്‍ച്ച്, സെയില്‍സ് അസിസ്റ്റന്റുമായി സംസാരിക്കുന്നതിനുള്ള സംവിധാനം, വസ്ത്രങ്ങളുടെ തിരഞ്ഞെടുപ്പ് കൂടുതല്‍ വ്യക്തിഗതമാക്കുന്ന രീതി തുടങ്ങിയവ മിന്ത്ര മുന്നോട്ട് വയ്ക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT