എൻ ചന്ദ്രശേഖരൻ, നോയൽ ടാറ്റ Image Source: Tata Group Websites
Industry

ടാറ്റ സൺസിന്റെ നേതൃത്വത്തിൽ അപ്രതീക്ഷിത വഴിത്തിരിവ്; എൻ. ചന്ദ്രശേഖരന് അഞ്ച് വർഷം കൂടി, എതിർത്ത് നോയൽ ടാറ്റ

2027 ഫെബ്രുവരി 20-നാണ് അദ്ദേഹത്തിന്റെ നിലവിലെ കാലാവധി അവസാനിക്കുന്നത്

Dhanam News Desk

ടാറ്റ ഗ്രൂപ്പിന്റെ ഹോൾഡിംഗ് കമ്പനിയായ ടാറ്റ സൺസിന്റെ ചെയർമാനായി എൻ. ചന്ദ്രശേഖരന് അഞ്ച് വർഷത്തേക്ക് കൂടി കാലാവധി നീട്ടിനൽകുന്നതിന് ടാറ്റ സൺസ് ബോർഡ് അംഗീകാരം നൽകിയതായി മണികണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2027 ഫെബ്രുവരി 20-നാണ് അദ്ദേഹത്തിന്റെ നിലവിലെ കാലാവധി അവസാനിക്കുന്നത്. അതേസമയം തന്റെ നിലവിലെ കാലാവധി പൂർത്തിയാകുമ്പോൾ മൂന്നാമതൊരു ഊഴം തേടില്ലെന്ന് ഓഗസ്റ്റ് 12-ന് ചന്ദ്രശേഖരൻ പ്രഖ്യാപിച്ചിരുന്നു.

നിയമനവും എതിർപ്പുകളും

ചന്ദ്രശേഖരനെ വീണ്ടും നിയമിക്കുന്നതിനുള്ള പ്രമേയത്തിനെതിരെ വോട്ട് ചെയ്ത ഏക അംഗം ടാറ്റ ട്രസ്റ്റ് ചെയർമാനായ നോയൽ ടാറ്റയാണ്. നേതൃത്വ മാറ്റത്തെ പിന്തുണയ്ക്കുന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. ടാറ്റ സൺസിൽ ഏകദേശം 66 ശതമാനം ഓഹരി പങ്കാളിത്തം ടാറ്റ ട്രസ്റ്റുകൾക്കാണ്. ചന്ദ്രശേഖരന്റെ മുൻ തീരുമാനത്തെ മാനിച്ച്, അടുത്ത ചെയർമാനെ ശുപാർശ ചെയ്യുന്നതിനായി ഒരു സെലക്ഷൻ കമ്മിറ്റി രൂപീകരിക്കുന്ന നടപടികൾ ആരംഭിച്ചതായി സർ ദൊറാബ്ജി ടാറ്റ ട്രസ്റ്റ് വ്യക്തമാക്കുകയും ചെയ്തിരുന്നു.

ആർ.ബി.ഐ തീരുമാനവും ലിസ്റ്റിംഗും

കമ്പനി ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യുന്നതിനും ബോർഡ് അനുമതി നല്‍കി. കോർ ഇൻവെസ്റ്റ്‌മെന്റ് കമ്പനി (CIC) രജിസ്ട്രേഷൻ ഉപേക്ഷിക്കാൻ ടാറ്റ സൺസ് നൽകിയ അപേക്ഷ സെപ്റ്റംബർ 12-ന് റിസർവ് ബാങ്ക് തള്ളിയിരുന്നു. ഇതോടെ ടാറ്റ സണ്‍സിന്റെ ലിസ്റ്റിംഗ് ബാധ്യത കൂടുതൽ ശക്തമായി.

ടാറ്റ ഗ്രൂപ്പ് ഓഹരികൾ ഇന്ന് ഉയർന്നു. ടാറ്റ കെമിക്കൽസ് ലിമിറ്റഡിന്റെ ഓഹരികൾ വ്യാപാരത്തിനിടെ 13 ശതമാനം വരെ ഉയർന്നു, ടാറ്റ മോട്ടോഴ്‌സ് പാസഞ്ചർ വെഹിക്കിൾസ് ലിമിറ്റഡ് 4.7 ശതമാനവും നേട്ടം കൈവരിച്ചു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT