പുനരുപയോഗ ഊര്‍ജ മേഖലയില്‍ ഇന്ത്യക്ക് വലിയ സാധ്യതകളാണ് ഉളളതെന്ന് ഇൻഫോസിസ് സഹസ്ഥാപകന്‍ നന്ദൻ നിലേകനി. വിപ്ലവകരമായ മാറ്റങ്ങളാണ് സോളാര്‍ ഊര്‍ജ മേഖല ഇന്ത്യയില്‍ കൊണ്ടു വരിക. യു.പി.ഐ രാജ്യത്ത് വരുത്തിയ മാറ്റങ്ങള്‍ക്ക് സമാനമായ മാറ്റങ്ങളാണ് സോളാര്‍ മേഖലയ്ക്ക് സംഭാവന ചെയ്യാന്‍ കഴിയുകയെന്നും നന്ദൻ നിലേകനി പറഞ്ഞു. ആധാര്‍ ഇന്ത്യയില്‍ വ്യാപകമാക്കുന്നതിന് ചുക്കാന്‍ പിടിച്ചതും നിലേകനിയാണ്.
പുരപ്പുറ സോളാര്‍ രാജ്യത്ത് അതിവേഗം വ്യാപിക്കുമെന്നാണ് കരുതുന്നത്. വീടുകളില്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ സാധിക്കുന്നതിലൂടെ ലക്ഷക്കണക്കിന് ചെറുകിട ഊര്‍ജ ഉൽപ്പാദകരെ സൃഷ്ടിക്കാൻ ഇന്ത്യ ഒരുങ്ങുകയാണ്. സോളാര്‍ അടക്കമുളള പുനരുപയോഗ ഊര്‍ജ മേഖലയില്‍ വലിയ തൊഴില്‍ അവസരങ്ങളാണ് ഉളളത്. ഈ മേഖലയ്ക്ക് ലക്ഷകണക്കിന് ചെറുകിട സംരംഭകരെ സൃഷ്ടിക്കാന്‍ സാധിക്കുമെന്നും നിലേകനി പറഞ്ഞു.
ഒരു പതിറ്റാണ്ടു മുമ്പ് ആരംഭിച്ച യുപിഐ യിലാണ് ഇപ്പോൾ രാജ്യത്തെ 80 ശതമാനം ഡിജിറ്റൽ ഇടപാടുകളും നടക്കുന്നത്. സമ്പന്നരും പിന്നോക്കക്കാരുടെയും ഒരുപോലെ യുപിഐ പേയ്‌മെന്റുകളെ ഏറ്റെടുത്തു. ഇതുപോലൊരു മാറ്റമാണ് പുരപ്പുറ സോളാര്‍ മേഖലയിലും നന്ദൻ നിലേകനി കാണുന്നത്.
ഫോസില്‍ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാനും നെറ്റ് സീറോ ലക്ഷ്യത്തിലേക്ക് എത്തുന്നതിനും പുനരുപയോഗ ഊര്‍ജ മാര്‍ഗങ്ങള്‍ പ്രോത്സാഹിപ്പിക്കേണ്ടത് അത്യാവശ്യമാണ്. ഓരോ വീടിനും ഊര്‍ജ ഉല്‍പ്പാദകരാകാനുളള സാധ്യതകളാണ് നന്ദൻ നിലേകനിയുടെ വാക്കുകളില്‍ നിഴലിക്കുന്നത്.
2035 ഓടെ ഇന്ത്യയില്‍ പത്ത് ലക്ഷം സ്റ്റാർട്ടപ്പുകള്‍ എന്ന ലക്ഷ്യത്തിലെത്തും. 2035 ഓടെ ഇന്ത്യ 8 ശതമാനം വാർഷിക വളർച്ചാ നിരക്ക് കൈവരിക്കേണ്ടതുണ്ട്. 8 ലക്ഷം കോടി ഡോളർ സമ്പദ്‌വ്യവസ്ഥയായി മാറുന്നതിനുമുള്ള സാധ്യതകള്‍ ഇന്ത്യക്കുണ്ടെന്നും നിലേകനി വ്യക്തമാക്കി.
പ്രധാനമന്ത്രി സൂര്യ ഘര്‍ പോലുളള പദ്ധതികളിലൂടെ സബ്സിഡി ലഭ്യമാക്കി പുരപ്പുറ സോളാര്‍ വ്യാപകമാക്കുന്നതിന് വലിയ പ്രോത്സാഹനങ്ങളാണ് അധികൃതര്‍ നല്‍കുന്നത്. നിലവില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പുരപ്പുറ സോളാര്‍ സിസ്റ്റങ്ങള്‍ ഉളള സംസ്ഥാനങ്ങള്‍ ഗുജറാത്ത്, കേരള, രാജസ്ഥാന്‍ എന്നിവയാണ്. വരും വര്‍ഷങ്ങളില്‍ സോളാര്‍ ഊര്‍ജ മേഖലയില്‍ സംഭവിക്കാനിരിക്കുന്ന കുതിച്ചു ചാട്ടം വ്യക്തമാക്കുന്നതാണ് നന്ദൻ നിലേകനിയുടെ വാക്കുകള്‍.
Read DhanamOnline in English
Subscribe to Dhanam Magazine