ലുലുഗ്രൂപ്പിന്റെ വിശാഖപട്ടണത്തെ മെഗാ ഷോപ്പിംഗ് മാള്‍ പ്രോജക്ട്രിന്റെ പുതുക്കിയ ലീസ് എഗ്രിമെന്റ് ആന്ധ്രാ സര്‍ക്കാര്‍ അംഗീകരിച്ചു. ജനസേന പ്രസിഡന്റും ആന്ധ്രാ ഉപമുഖ്യമന്ത്രിയുമായ പവന്‍ കല്യാണിന്റെ കടുത്ത എതിര്‍പ്പ് മറികടന്നാണ് ലുലു ഇന്റര്‍നാഷണല്‍ ഷോപ്പിംഗ് മാള്‍സ് പ്രൈവറ്റ് ലിമിറ്റഡ് (Lulu International Shopping Malls Pvt Ltd /LISM) ആവശ്യപ്പെട്ട പുതുക്കിയ ലീസ് നിബന്ധനകള്‍ അംഗീകരിച്ച് ചൊവ്വാഴ്ച രാത്രി സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കിയത്. ഒക്ടോബര്‍ 10ന് നടന്ന മന്ത്രി സഭാ യോഗത്തില്‍ പവന്‍ കല്യാണും സഹമന്ത്രി നദെന്‍ലാ മനോഹറും ലുലുവിന്റെ ലീസ് നിബന്ധനകളില്‍ മാറ്റം കൊണ്ടു വരാനുള്ള പ്രമേയത്തിനെതിരെ ശബ്ദമുയര്‍ത്തിയിരുന്നു. എന്‍.ഡി.എയ്ക്ക് ഇടയില്‍ തന്നെ ലുലു വിഷയത്തില്‍ വിള്ളലുണ്ടെന്ന് വെളിപ്പെടുത്തുന്നതായിരുന്നു ഈ നീക്കം.
നിലവിലെ സര്‍ക്കാര്‍ നിയമപ്രകാരം ലീസ് തുക 3 വര്‍ഷത്തിലൊരിക്കല്‍ 10% വര്‍ധിപ്പിക്കണമെന്നാണ് നിബന്ധന. എന്നാല്‍ ലുലുവിന് പ്രത്യേക ഇളവായി 10 വര്‍ഷത്തിലൊരിക്കല്‍ മാത്രം 10 ശതമാനം വര്‍ധനയാണു സര്‍ക്കാര്‍ അനുവദിക്കുന്നത്. അത് പ്രത്യേക ആനുകൂല്യമാണെന്നാണ് എതിര്‍പ്പിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. ലുലുവിനെയും മറ്റ് ബിസിനസ് സ്ഥാപനങ്ങളെയും തമ്മില്‍ വേര്‍തിരിച്ചു കാണാന്‍ പാടില്ലെന്നതാണ് ഇവര്‍ ഉന്നയിക്കുന്ന ന്യായം.
അതേപോലെ ലുലുവില്‍ പ്രാദേശികര്‍ക്ക് തൊഴില്‍ അവസരങ്ങള്‍ നല്‍കുമോ എന്ന കാര്യത്തിലും അവര്‍ സംശയം പ്രകടിപ്പിച്ചു. വിജയവാഡയിലും വിശാഖപട്ടണത്തും പ്രധാന സ്ഥലങ്ങള്‍ അനുവദിച്ചിട്ടും ലുലുവിന് കൂടുതല്‍ ഇളവുകള്‍ നല്‍കുന്നതിനെയാണ് ഇവര്‍ ചോദ്യം ചെയ്യുന്നത്.
ഫുഡ് പ്രോസസിംഗ് ബിസിനസ് മോഡലിലും ഇവര്‍ സംശയം പ്രകടിപ്പിക്കുന്നു. കൃഷ്ണ ജില്ലയില്‍ മല്ലവള്ളിയില്‍ ലുലു ഗ്രൂപ്പിന്റെ ഉപകമ്പനിയായ ഫെയര്‍ എക്‌സ്‌പോര്‍ട്‌സിന് ഫുഡ് പാര്‍ക്ക് പദ്ധതിക്കായി 7.48 ഏക്കര്‍ അനുവദിച്ചിരുന്നു. പഴവും പച്ചക്കറികളും മാത്രമാണോ അതോ കന്നുകളുടെ മാംസം കയറ്റുമതിചെയ്യാനുള്ള സ്ലോട്ടര്‍ ഹൗസ് ഇവിടെ വരുമോ എന്നതാണ് പവന്‍ കല്യാണ്‍ സംശയം ഉന്നയിച്ചത്.
എന്നാല്‍ കന്നുകളെ കൊല്ലാന്‍ അനുമതിയില്ലെന്നും ഫുഡ് പ്രോസസിംഗ് മാത്രമാണ് അനുവദിച്ചതെന്നും മുഖ്യമന്ത്രി ചന്ദ്രബാബു നായിഡും വ്യക്തമാക്കിയിട്ടും പവന്‍ കല്യാണ്‍ അടങ്ങിയിരുന്നില്ല. ലുലു ഗ്രൂപ്പിന് അനുകൂലമായി എന്തിന് സര്‍ക്കാര്‍ നിലനില്‍ക്കുന്നുവെന്ന് അദ്ദേഹം സംശയം പ്രകടിപ്പിക്കുകയും ചെയ്തു. എന്നാല്‍ ഈ എതിര്‍പ്പുകളെ എല്ലാം അവഗണിച്ചുകൊണ്ടാണ് വിശാഖപട്ടണത്തെ മാള്‍ പ്രോജക്ടുമായി ബന്ധപ്പെട്ട് ലുലുവിന്റെ അധിക ആവശ്യങ്ങളും അംഗീകരിച്ച് ലീസ് പരിഷ്‌കരിച്ചത്.
പുതിയ നിബന്ധന പ്രകാരം 2028 മുതല്‍ വാര്‍ഷിക ലീസ് 7.08 കോടി രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. ഓരോ പത്ത് വര്‍ഷത്തിലും ഇതില്‍ 10 ശതമാനം വര്‍ധന വരുത്തും. മൂന്ന് വര്‍ഷത്തേക്ക് ലീസ് ഫ്രീ കാലാവധിയുണ്ട്. കൂടാതെ 7.08 കോടി രൂപയുടെ സെക്യൂരിറ്റി ഡെപ്പോസിറ്റുമാണ് നിശ്ചയിച്ചിരിക്കുന്നത്.
ആന്ധ്രാപ്രദേശ് ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ കോര്‍പ്പറേഷന്‍ (APIIC) ഹാര്‍ബര്‍ പാര്‍ക്കിലെ 13.74 ഏക്കര്‍ ഭൂമിയാണ് ലുലുവിന് 99 വര്‍ഷത്തേക്ക് ലീസിന് അനുവദിച്ചിരിക്കുന്നത്. 1.35 ലക്ഷം ചതുരശ്ര അടിയില്‍ മെഗാ മാള്‍ ആണ് ഇവിടെ നിര്‍മിക്കുന്നത്. ലുലു സൂപ്പര്‍മാര്‍ക്കറ്റ്, ലുലു ഫാഷന്‍, ലുലു കണക്ട് സ്റ്റോര്‍, ഫാമിലി എന്റര്‍ടെയിന്‍മെന്റ് സെന്‌റര്‍, റീറ്റെയ്ല്‍ ഔട്ട്‌ലെറ്റുകള്‍ എന്നിവയും ഇവിടെയുണ്ടാകും.
ആന്ധ്രാപ്രദേശ് ടൂറിസം ലാന്‍ഡ് അലോട്ട്‌മെന്റ് പോളിസി 2024-29 പ്രകാരമാണ് ലീസ് ഫ്രീ കാലാവധി അനുവദിച്ചത്.
രാഷ്ട്രീയ സാഹചര്യങ്ങള്‍മൂലം ഒരിക്കല്‍ ആന്ധ്രാപ്രദേശില്‍ നിന്ന് പിന്മാറേണ്ടി വന്ന ലുലു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇങ്ങോട്ട് തിരിച്ചെത്തിയത്. ചന്ദ്രബാബു നായിഡു ഇതിനു മുമ്പ് മുഖ്യമന്ത്രി ആയിരുന്ന കാലത്ത് വിശാഖപട്ടണത്ത് മാള്‍ സ്ഥാപിക്കാന്‍ ഭൂമി അനുവദിച്ചിരുന്നു. 2019ല്‍ ജഗന്‍ മോഹന്‍ റെഡ്ഡി മുഖന്ത്രിയായതോടെ ഭൂമി തിരിച്ചു പിടിച്ചു. ഇതോടെ ആന്ധ്രായിലേക്ക് ഇനിയില്ലെന്ന് ലുലു പ്രഖ്യാപനവും നടത്തി. ചന്ദ്രബാബു വീണ്ടും അധികാരത്തിലെത്തിയതോടെയാണ് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിയുമായി കൂടിക്കാഴ്ച നടത്തുകയും വീണ്ടും ഇങ്ങോട്ട് ക്ഷണിക്കുകയും ചെയ്തത്. എന്നാല്‍ തിരിച്ചു വരവില്‍ ലുലുവിനും യൂസഫലിക്കും നിരവധി പ്രതിബന്ധങ്ങള്‍ ഇതിനകം തന്നെ നേരിടേണ്ടി വന്നു. വിജയവാഡ നഗര പരിധിയില്‍ ഭൂമി കണ്ടെത്തുന്നതായിരുന്നു ആദ്യ വെല്ലുവിളി. കൂടാതെ പൊതു സ്ഥലം സ്വകാര്യ വ്യക്തികള്‍ക്ക് നല്‍കുന്നതിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധമായി വന്നതും തടസമായി. ഇതിനിടെയാണ് ഭരണകക്ഷിയില്‍ തന്നെ അഭിപ്രായ ഭിന്നത മറനീക്കി പുറത്തു വന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine