രാജ്യത്തെ ഇന്ധന ചില്ലറ വിപണന രംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് വഴിതുറന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം. നിലവിലുള്ള E20 (20 ശതമാനം എഥനോള്‍ ചേര്‍ത്ത പെട്രോള്‍) പരിധിക്ക് മുകളിലുള്ള ഉയര്‍ന്ന എഥനോള്‍ മിശ്രിത പെട്രോള്‍ വകഭേദങ്ങളായ E22, E25, E28, E30 എന്നിവ വിതരണം ചെയ്യുന്നതിനായി രാജ്യത്തുടനീളം അടിസ്ഥാന സൗകര്യങ്ങള്‍ (Infrastructure) ഒരുക്കാന്‍ പ്രമുഖ എണ്ണക്കമ്പനികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കി.
പൊതുമേഖലാ സ്ഥാപനങ്ങളായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (IOC), ഭാരത് പെട്രോളിയം (BPCL), ഹിന്ദുസ്ഥാന്‍ പെട്രോളിയം (HPCL) എന്നിവയ്ക്ക് പുറമെ സ്വകാര്യ മേഖലയിലെ ജിയോ-ബിപി, നയാര എനര്‍ജി, ഷെല്‍ എന്നീ കമ്പനികള്‍ക്കും ഈ നിര്‍ദേശം ബാധകമാണ്. നിലവില്‍ രാജ്യത്തുടനീളമുള്ള ഒരു ലക്ഷത്തോളം വരുന്ന പെട്രോള്‍ പമ്പുകളില്‍ പുതിയ ഇന്ധന വകഭേദങ്ങള്‍ ലഭ്യമാക്കാനുള്ള സൗകര്യങ്ങളാണ് കമ്പനികള്‍ ഒരുക്കേണ്ടത്. ഇതില്‍ 90,600 പമ്പുകളും പൊതുമേഖലാ എണ്ണക്കമ്പനികളുടേതാണ്. കേരളത്തിലെ പമ്പുകളിലും വരും മാസങ്ങളില്‍ ഇതിനായുള്ള മാറ്റങ്ങള്‍ ദൃശ്യമാകും.
ഡീസലും പ്രീമിയം പെട്രോളും തിരഞ്ഞെടുക്കുന്നതുപോലെ, ഉപഭോക്താക്കള്‍ക്ക് അവരുടെ വാഹനങ്ങളുടെ എഞ്ചിന്‍ ശേഷിക്കും അനുയോജ്യതയ്ക്കും അനുസരിച്ച് ഏത് എഥനോള്‍ മിശ്രിത പെട്രോള്‍ വേണമെന്ന് ഇനി സ്വയം തിരഞ്ഞെടുക്കാം. പുതിയ പരിഷ്‌കാരം നടപ്പിലാക്കുന്നതോടെ പെട്രോള്‍ പമ്പുകളിലെ ഡിസ്‌പെന്‍സിങ് പമ്പുകളില്‍ ഏത് ഇനം ഇന്ധനമാണ് വില്‍ക്കുന്നതെന്ന് വ്യക്തമായി രേഖപ്പെടുത്തണം. ഓരോ വകഭേദത്തിനും വ്യത്യസ്ത വിലയായിരിക്കും ഈടാക്കുക. സാധാരണയായി എഥനോള്‍ മിശ്രിതം കൂടുമ്പോള്‍ പെട്രോളിനേക്കാള്‍ വില കുറയാനാണ് സാധ്യത.
പുതിയ ടാങ്കുകളും ഡിസ്‌പെന്‍സറുകളും സ്ഥാപിക്കുന്നതിനുള്ള ചിലവ് എണ്ണക്കമ്പനികള്‍ തന്നെയാണ് വഹിക്കേണ്ടത്. എന്നാല്‍ നിലവിലുള്ള മള്‍ട്ടി നോസില്‍ സംവിധാനങ്ങള്‍ വിപുലീകരിച്ച് പുതിയ വകഭേദങ്ങള്‍ ഉള്‍ക്കൊള്ളിക്കാന്‍ സാധിക്കുമെന്നതിനാല്‍ ഡീലര്‍മാര്‍ക്ക് ഇത് വലിയ ബാധ്യത വരുത്തിവെക്കില്ലെന്നാണ് പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷനുകളുടെ വിലയിരുത്തല്‍.
കേന്ദ്ര സര്‍ക്കാരിന്റെ ഈ പെട്ടെന്നുള്ള നീക്കത്തിന് പിന്നില്‍ പ്രധാനമായും രണ്ട് കാരണങ്ങളാണുള്ളത്: ഇന്ത്യയില്‍ നിലവില്‍ ഏകദേശം 2,000 കോടി (20 billion) ലിറ്റര്‍ എഥനോള്‍ ഉത്പാദിപ്പിക്കാനുള്ള ശേഷിയുണ്ട്. എന്നാല്‍ നിലവിലെ 20 ശതമാനം മിശ്രിത പരിധി (E20 Mandate) പ്രകാരം 1,100 കോടി ലിറ്റര്‍ മാത്രമാണ് ആവശ്യം വരുന്നത്. ബാക്കി വരുന്ന മിച്ച എഥനോള്‍ വിപണിയില്‍ ഉപയോഗിക്കണമെങ്കില്‍ മിശ്രിതത്തിന്റെ അളവ് കൂട്ടിയേ തീരൂ.
അതേപോലെ, പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ കാരണം ആഗോള എണ്ണ വിതരണത്തിന്റെ വലിയൊരു പങ്കും കടന്നുപോകുന്ന ഹോര്‍മൂസ് കടലിടുക്കില്‍ (Strait of Hormuz) പ്രതിസന്ധി രൂക്ഷമാണ്. ക്രൂഡ് ഓയില്‍ വിലയിലുണ്ടാകുന്ന വര്‍ധന ഇന്ത്യയുടെ സാമ്പത്തിക രംഗത്തെ ബാധിക്കാതിരിക്കാന്‍ ആഭ്യന്തര ഉത്പാദനം കൂട്ടേണ്ടതുണ്ട്.
എഥനോള്‍ ബ്ലെന്‍ഡിങ് വഴി രാജ്യത്തിന് വലിയ തോതില്‍ വിദേശനാണ്യം ലാഭിക്കാന്‍ സാധിച്ചിട്ടുണ്ട്. കാര്‍ബണ്‍ പുറന്തള്ളലില്‍ വലിയ കുറവുമുണ്ടായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷങ്ങളില്‍ മാത്രം പതിനായിരക്കണക്കിന് കോടി രൂപയാണ് ഇത്തരത്തില്‍ രാജ്യം ലാഭിച്ചത്.
ഈ പുതിയ നയം വിപണിയിലെ പഞ്ചസാര-എഥനോള്‍ ഉത്പാദക കമ്പനികളായ ബല്‍റാംപൂര്‍ ചിനി മില്‍സ്, ഡാല്‍മിയ ഭാരത് ഷുഗര്‍, ത്രിവേണി എഞ്ചിനീയറിംഗ് തുടങ്ങിയ കമ്പനികള്‍ക്ക് വലിയ നേട്ടമാകും. ഒപ്പം വാഹന നിര്‍മാതാക്കളും പുതിയ ബിഐഎസ് (Bureau of Indian Standards) മാനദണ്ഡങ്ങള്‍ക്കനുസരിച്ച് E25, E30 ഇന്ധനങ്ങള്‍ ഉപയോഗിക്കാന്‍ കഴിയുന്ന ഫ്െളക്‌സ്-ഫ്യുവല്‍ (Flex-fuel) വാഹനങ്ങളുടെ നിര്‍മാണം വേഗത്തിലാക്കേണ്ടി വരും. ഉപഭോക്താക്കള്‍ ഉയര്‍ന്ന എഥനോള്‍ മിശ്രിതമുള്ള ഇന്ധനം അടിക്കുന്നതിന് മുന്‍പ് വാഹനത്തിന്റെ എഞ്ചിന്‍ അതിന് അനുയോജ്യമാണോ എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine