ഐ.ബി.എസ് സോഫ്റ്റ് വെയര്‍ ചെയര്‍മാന്‍ വി. കെ. മാത്യൂസ്, വി-ഗാര്‍ഡ് ചെയര്‍മാന്‍ എമരിറ്റസ് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി, ഗ്രൂപ്പ് മീരാന്‍ ചെയര്‍മാന്‍ നവാസ് മീരാന്‍, ബിസ്ലെരി ഇന്റര്‍നാഷണല്‍ സി.ഇ.ഒ ജോര്‍ജ് ആഞ്ചലോ എന്നിവര്‍ ധനം ബിസിനസ് സമിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റിലെ പാനല്‍ ചര്‍ച്ചയില്‍  
Industry

പുതുസംരംഭകര്‍ക്ക് വേണ്ടത് അഭിനിവേശം: ഡി-ഡേ സമ്മിറ്റില്‍ പ്രമുഖര്‍

സംരംഭകര്‍ ഒരു ഓള്‍-റൗണ്ടര്‍ ആയിരിക്കണമെന്ന് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി, കഴിവുള്ളവരെ ഒപ്പം നിറുത്തണമെന്ന് ജോര്‍ജ് ആഞ്ചലോ

Dhanam News Desk

സംരംഭക ലോകത്തേക്ക് ചുവടുവയ്ക്കുന്ന പുതുമുഖങ്ങള്‍ക്ക് വേണ്ട ഏറ്റവും പ്രധാന യോഗ്യത സംരഭത്തോടുള്ള അഭിനിവേശമായിരിക്കണമെന്ന് പതിനഞ്ചാമത് ധനം ബിസിനസ് സമിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റില്‍ 'നിങ്ങളുടെ ബിസിനസിനെ അടുത്ത തലത്തിലേക്ക് ഉയര്‍ത്താന്‍ എന്ത് ചെയ്യണം' (ഹൗ ടു സ്‌കെയില്‍ അപ്പ് യുവര്‍ ബിസിനസ്)' എന്ന വിഷയത്തില്‍ നടന്ന പാനല്‍ ചര്‍ച്ചയില്‍ പ്രമുഖര്‍ ചൂണ്ടിക്കാട്ടി.

ഐ.ബി.എസ് സോഫ്റ്റ് വെയര്‍ ചെയര്‍മാന്‍ വി. കെ. മാത്യൂസ് നേതൃത്വം നല്‍കിയ ചര്‍ച്ചയില്‍ വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ എമിരറ്റസ് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി, ഗ്രൂപ്പ് മീരാന്‍ ചെയര്‍മാന്‍ നവാസ് മീരാന്‍, ബിസ്‌ലെരി ഇന്റര്‍നാഷണല്‍ സി.ഇ.ഒ ജോര്‍ജ് ആഞ്ചലോ എന്നിവരാണ് സംബന്ധിച്ചത്.

തികഞ്ഞ ഓള്‍-റൗണ്ടര്‍ ആയിരിക്കണം 

മറ്റ് ജോലിയെ പോലെയല്ല സംരംഭകവൃത്തിയെന്നും സംരംഭകന്‍ ഒരു തികഞ്ഞ ഓള്‍-റൗണ്ടര്‍ ആയിരിക്കണമെന്നും കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി പറഞ്ഞു. നിങ്ങള്‍ ചിലപ്പോള്‍ ഒരു നല്ല എന്‍ജിനിയറോ ബാങ്കറോ ആയിരിക്കാം. പക്ഷേ, സംരംഭകനാകുമ്പോള്‍ അത് മാത്രം പോര. ധനകാര്യത്തിലും ഉത്പന്ന നിര്‍മ്മാണത്തിലും വിപണനത്തിലുമെല്ലാം നല്ല ബോധ്യം വേണം. മള്‍ട്ടിടാസ്‌കിംഗ് നടത്തിയാലേ മുന്നേറാനാകൂ.

ബിസിനസിലേക്ക് ഇറങ്ങുമ്പോള്‍ വിട്ടുവീഴ്ചകളും വേണ്ടിവരും. ബിസിനസ് നടത്തുന്നതിനൊപ്പം തന്നെ എല്ലാ പെരുന്നാളും കൂടാമെന്ന് വിചാരിച്ചാല്‍ നടക്കില്ല - കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി പറഞ്ഞു.

ബിസിനസ് എന്നത് പണം മാത്രമല്ല

പുതു സംരംഭകര്‍ക്ക് വേണ്ടത് വ്യക്തവും മൂല്യങ്ങളില്‍ അധിഷ്ഠിതമായ പ്രവര്‍ത്തന സംസ്‌കാരമാണെന്ന് നവാസ് മീരാന്‍ അഭിപ്രായപ്പെട്ടു. നിങ്ങളുടെ സംരംഭത്തിലും ഉത്പന്നത്തിലും എത്രമാത്രം ശ്രദ്ധാലുവാണെന്ന് എപ്പോഴും ചിന്തിക്കണം. ബിസിനസ് എന്നത് പണം മാത്രമല്ല. എന്നാല്‍, സാമ്പത്തികസ്ഥിതി ഭദ്രമായി നിലനിറുത്തി തന്നെ മുന്നോട്ട് പോകാന്‍ കഴിഞ്ഞാലേ വിജയിക്കാനാകൂ. കൃത്യമായ സാമ്പത്തിക അച്ചടക്കം പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.

കഴിവുള്ളവരെ ഒപ്പം നിറുത്തി മുന്നേറാന്‍ ശ്രമിക്കണമെന്ന് ജോര്‍ജ് ആഞ്ചലോ പറഞ്ഞു. കഴിവുള്ളവരെ കണ്ടെത്തുകയെന്നതും വെല്ലുവിളിയായി കണ്ട് നേരിടണം. ദിശാബോധത്തോടെ പ്രവര്‍ത്തന മികവ് മെച്ചപ്പെടുത്തിയാല്‍ വിജയം ഒപ്പം പോരുമെന്നും അദ്ദേഹം പറഞ്ഞു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT