Image courtesy: Canva
Industry

വാഹന ഇൻഷുറൻസ് ഇല്ലാതെ ദേശീയ പാതയിലൂടെ സഞ്ചരിച്ചാല്‍ പിടിവീഴും, ₹10,000 വരെ പിഴ, പുതിയ സംവിധാനം എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത്?

നിലവില്‍ പൈലറ്റ് അടിസ്ഥാനത്തില്‍ ആരംഭിച്ച പദ്ധതി വിജയകരമായി നടപ്പാക്കിയ ശേഷം രാജ്യവ്യാപകമായി വ്യാപിപ്പിക്കും

Dhanam News Desk

ദേശീയപാതകളിലെ ടോൾ പ്ലാസകളിലൂടെ തേർഡ്-പാർട്ടി ഇൻഷുറൻസ് ഇല്ലാതെ വാഹനങ്ങൾ ഓടിക്കുന്നത് കണ്ടെത്താനായി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) പുതിയ സംവിധാനം ഏർപ്പെടുത്തുന്നു. ഡൽഹിയിലെ അർബൻ എക്സ്റ്റൻഷൻ റോഡ്-II ലെ മുണ്ട്ക (Mundka) ടോൾ പ്ലാസയില്‍ പൈലറ്റ് പദ്ധതി ആരംഭിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. സംവിധാനം വിജയകരമായി നടപ്പാക്കിയ ശേഷം പദ്ധതി രാജ്യവ്യാപകമായി വ്യാപിപ്പിക്കും.

പ്രവർത്തനരീതി

ടോൾ പ്ലാസ കടന്നുപോകുന്ന വാഹനങ്ങളുടെ വിവരങ്ങൾ നാഷണൽ ഇൻഫോർമാറ്റിക്സ് സെന്റർ (NIC) നിയന്ത്രിക്കുന്ന 'വാഹൻ' (Vahan) ഡാറ്റാബേസുമായി പങ്കുവെക്കുന്നു. തുടർന്ന് ഒരു ഓട്ടോമേറ്റഡ് ബാക്കെൻഡ് സംവിധാനം വഴി വാഹനത്തിന് വാലിഡ് ഇൻഷുറൻസ് പോളിസി ഉണ്ടോ എന്ന് സിസ്റ്റം പരിശോധിക്കും. ഇൻഷുറൻസ് കാലാവധി കഴിഞ്ഞതോ പോളിസിയില്ലാത്തതോ ആയ വാഹനങ്ങളുടെ ഉടമകൾക്ക് ടോൾ കടന്ന് മിനിറ്റുകൾക്കകം മൊബൈലിൽ എസ്.എം.എസ് (SMS) സന്ദേശം ലഭിക്കും. ഈ സന്ദേശത്തിൽ വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ, ടോൾ കടന്ന സമയം, ഇൻഷുറൻസ് കാലാവധി തീർന്ന തീയതി, മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരമുള്ള പിഴ ഒഴിവാക്കാൻ ഇൻഷുറൻസ് പുതുക്കാനുള്ള നിർദ്ദേശം എന്നിവ ഉൾപ്പെടുത്തിയിരിക്കും.

ലക്ഷ്യവും പിഴത്തുകയും: തേർഡ്-പാർട്ടി ഇൻഷുറൻസ് കൃത്യസമയത്ത് പുതുക്കാൻ വാഹന ഉടമകളെ പ്രോത്സാഹിപ്പിക്കാനും, ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾ മൂലമുണ്ടാകുന്ന റോഡപകടങ്ങളിൽ ഇരയാകുന്നവർക്ക് നഷ്ടപരിഹാരം ഉറപ്പാക്കാനുമാണ് ഈ നീക്കം. മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരം പൊതുനിരത്തുകളിൽ തേർഡ്-പാർട്ടി ഇൻഷുറൻസ് നിർബന്ധമാണ്.

ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾക്ക് ഈടാക്കുന്ന പിഴകൾ:

ആദ്യ നിയമലംഘനത്തിന്: വാഹനത്തിന്റെ ബേസ് പ്രീമിയത്തിന്റെ മൂന്നിരട്ടിയോ അല്ലെങ്കിൽ 5,000 രൂപയോ (ഏതാണോ ഉയർന്നത്) പിഴയൊടുക്കണം.

തുടർന്നുള്ള നിയമലംഘനങ്ങൾക്ക്: ബേസ് പ്രീമിയത്തിന്റെ അഞ്ചിരട്ടിയോ അല്ലെങ്കിൽ 10,000 രൂപയോ (ഏതാണോ ഉയർന്നത്) പിഴ ഈടാക്കും.

ട്രാഫിക് പോലീസിന്റെ പരിശോധനയ്ക്കായി കാത്തുനിൽക്കാതെ തന്നെ ഇൻഷുറൻസ് കാലാവധി തീർന്നത് തിരിച്ചറിഞ്ഞ് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ സംവിധാനം വാഹന ഉടമകളെ സഹായിക്കുമെന്നാണ് കരുതുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT