എൻ ചന്ദ്രശേഖരൻ, നോയൽ ടാറ്റ Image Source: Tata Group Websites
Industry

ടാറ്റ സൺസിലെ തർക്കം: നോയൽ ടാറ്റയും എൻ. ചന്ദ്രശേഖരനും തമ്മിൽ രഹസ്യ ചർച്ച; ഭിന്നതകൾക്ക് പരിഹാരമാകുമോ?

ചന്ദ്രശേഖരന്റെ പുനർനിയമനത്തിന് അംഗീകാരം നൽകിയ നടപടിക്രമങ്ങളിലും വോട്ടിംഗ് രീതികളിലും നോയൽ ടാറ്റക്ക് അതൃപ്തി

Dhanam News Desk

ടാറ്റാ ഗ്രൂപ്പിലെ നേതൃത്വത്തില്‍ രൂക്ഷമായ അഭിപ്രായ വ്യത്യാസങ്ങളാണ് ഉടലെടുത്തിരിക്കുന്നത്. തർക്കങ്ങൾ പരിഹരിക്കുന്നതിനായി ടാറ്റാ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരനും ടാറ്റാ ട്രസ്റ്റ്സ് ചെയർമാൻ നോയൽ ടാറ്റയും ഒക്ടോബർ 25 ന് രഹസ്യ കൂടിക്കാഴ്ച നടത്തിയതായി ദി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ടാറ്റാ ഗ്രൂപ്പിലെ മുതിർന്ന മുൻ ഉദ്യോഗസ്ഥനായ എൻ.എ സൂനാവാല മുൻകൈയെടുത്താണ് യോഗം സംഘടിപ്പിച്ചത്. ചർച്ചകളില്‍ തീരുമാനമുണ്ടായില്ലെന്നും റിപ്പോര്‍‌ട്ടില്‍ പറയുന്നു.

പ്രധാന ചർച്ചാ വിഷയങ്ങൾ

ടാറ്റാ സൺസിന്റെ ഓഹരി വിപണിയിലെ ലിസ്റ്റിംഗ്, ഹോൾഡിംഗ് കമ്പനിയിലെ ഷാപൂർജി പല്ലോൻജി (SP) ഗ്രൂപ്പിന്റെ ഓഹരികൾ തിരികെ വാങ്ങൽ (Buyout), ചെയർമാനെന്ന നിലയിൽ ചന്ദ്രശേഖരന്റെ കാലാവധി എന്നിവയായിരുന്നു യോഗത്തിൽ പ്രധാനമായും ചർച്ചയായത്. ചന്ദ്രശേഖരന്റെ പുനർനിയമനത്തിന് അംഗീകാരം നൽകിയ നടപടിക്രമങ്ങളെയും വോട്ടിംഗ് രീതികളെയും ചോദ്യം ചെയ്യുന്ന നിലപാടാണ് നോയൽ ടാറ്റക്ക് ഉളളത്.

ബോർഡ് യോഗത്തിന്റെ റെക്കോർഡിംഗുകളും അന്തിമ മിനിറ്റ്സും വോട്ടിംഗ് രേഖകളും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. സെപ്റ്റംബർ 17-ലെ ബോർഡ് തീരുമാനത്തിലൂടെയാണ് ചന്ദ്രശേഖരനെ 2027 ഫെബ്രുവരി 21 മുതൽ അഞ്ചുവർഷത്തേക്ക് വീണ്ടും നിയമിക്കാൻ അംഗീകാരം നൽകിയത്.

നോയൽ ടാറ്റയുടെ സ്ഥാനമൊഴിയൽ

അതേസമയം, 70 വയസ് തികയുന്നതോടെ നോയൽ ടാറ്റ നവംബർ 12-ന് ടാറ്റാ ഗ്രൂപ്പിന്റെ ആറ് പ്രധാന കമ്പനികളുടെ ബോർഡുകളിൽ നിന്ന് പടിയിറങ്ങും. ട്രെന്റ്, വോൾട്ടാസ്, ടാറ്റാ സ്റ്റീൽ, ടൈറ്റൻ ഉൾപ്പെടെയുള്ള കമ്പനികളിൽ നിന്നാണ് നോൺ-എക്സിക്യൂട്ടീവ് ഡയറക്ടർമാർക്കുള്ള വിരമിക്കൽ നയം അനുസരിച്ച് അദ്ദേഹം ഒഴിഞ്ഞുമാറുന്നത്. എങ്കിലും, ടാറ്റാ സൺസ് ബോർഡിൽ ടാറ്റാ ട്രസ്റ്റ്സിന്റെ നോമിനി ഡയറക്ടറായി അദ്ദേഹം തുടരും.

എൻ. ചന്ദ്രശേഖരനും നോയൽ ടാറ്റയും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കപ്പെടാതെ തുടരുന്ന സാഹചര്യത്തില്‍ ഗ്രൂപ്പിന്റെ ഭാവി തീരുമാനങ്ങളിൽ ഈ ഘട്ടം നിർണായകമായിരിക്കുകയാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT