ഇൻസൈറ്റിൽ ജെൻസൻ ഹുവാങ് Image courtesy: Canva
Industry

എൻവിഡിയ പ്രതിസന്ധി: ഇന്ത്യയുടെ എഐ സ്വപ്നങ്ങൾക്കും തിരിച്ചടി? റിലയൻസിന്റെ ഉൾപ്പെടെ ഡാറ്റ സെന്റർ പദ്ധതികൾ ആശങ്കയിൽ

എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ മാറ്റണമോയെന്ന ചർച്ച കമ്പനിയിൽ ഉയർന്നതോടെ ഇന്ത്യയിലെ എഐ ചിപ്പ് വിതരണത്തെയും ഡാറ്റ സെന്റർ പദ്ധതികളെയും കുറിച്ച് ആശങ്കകൾ ശക്തമാകുന്നു

Dhanam News Desk

ഇന്ത്യയുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) വളർച്ചയ്ക്ക് നിർണായക പിൻബലമേകുന്ന ശക്തികളിലൊന്നാണ് അമേരിക്കൻ ചിപ്പ് നിർമാണ ഭീമനായ എൻവിഡിയ (Nvidia). റിലയൻസ് ഇൻഡസ്ട്രീസ്, യോട്ട (Yotta), എൽആൻഡ്ടി (L&T) തുടങ്ങിയ മുൻനിര കമ്പനികളുടെ വൻകിട ഡാറ്റ സെന്റർ പദ്ധതികളിൽ മുതൽ ഇന്ത്യയുടെ സോവറിൻ എഐ (Sovereign AI) പദ്ധതികളിൽ വരെ എൻവിഡിയയുടെ സാങ്കേതികവിദ്യ നിർണായക പങ്കുവഹിക്കുന്നുണ്ട്. എന്നാൽ എൻവിഡിയയുടെ സഹസ്ഥാപകനും സി.ഇ.ഒയുമായ ജെൻസൻ ഹുവാങ്ങിന്റെ നേതൃത്വത്തെച്ചൊല്ലി ഉയർന്നിരിക്കുന്ന പ്രതിസന്ധി ഇന്ത്യയുടെ എഐ ഇക്കോസിസ്റ്റത്തിലേക്കും ആശങ്ക പടർത്തുകയാണ്.

ഹുവാങ്ങിനെ ഉന്നതപദവിയിൽ നിന്നും മാറ്റാനുള്ള നീക്കമുണ്ടായാൽ അത് എൻവിഡിയയുടെ ആഭ്യന്തര പ്രശ്നമായി മാത്രം ഒതുങ്ങില്ല. അത്യാധുനിക എഐ ചിപ്പുകളുടെ ലഭ്യത, ഡാറ്റ സെന്റർ നിക്ഷേപങ്ങൾ, ഇന്ത്യയുടെ സാങ്കേതിക സ്വയംപര്യാപ്തതാ ലക്ഷ്യം എന്നിവയിലെല്ലാം അതിന്റെ പ്രത്യാഘാതം നേരിട്ടേക്കാമെന്നാണ് വിലയിരുത്തൽ.

ഇന്ത്യൻ പദ്ധതികളിൽ എൻവിഡിയയുടെ ആധിപത്യം

​ഗുജറാത്തിലെ ജാംനഗറിൽ ഒരു ഗിഗാവാട്ട് (1 GW) ശേഷിയുള്ള അത്യാധുനിക എഐ ഡാറ്റ സെന്റർ സ്ഥാപിക്കാനുള്ള മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസിന്റെ പദ്ധതിയിൽ എൻവിഡിയയുടെ ബ്ലാക്ക്‌‍വെൽ ചിപ്പുകൾക്ക് മുഖ്യ സ്ഥാനമുണ്ട്. 20,000-ത്തിലധികം എൻവിഡിയ ചിപ്പുകൾക്കായി 200 കോടി ഡോളറിലേറെ (ഏകദേശം 18,500 കോടി രൂപ) നിക്ഷേപിക്കാനാണ് യോട്ടയുടെ പദ്ധതി. ഈ ഡാറ്റ സെന്റർ സമുച്ചയത്തിനുള്ളിൽ എൻവിഡിയ ഒരു ക്ലൗഡ് സേവനവും പ്രവർത്തിപ്പിക്കും. നാല് വർഷത്തേക്ക് 100 കോടി ഡോളറിലധികം മൂല്യമുള്ള കരാറാണിത്.

ഗിഗാവാട്ട് ശേഷിയുള്ള എഐ ഫാക്ടറിക്കായി എൽആൻഡ്ടിയുമായി സംയുക്ത സംരംഭവും എൻവിഡിയ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യൻ ഭാഷകൾക്കായുള്ള എഐ മോഡലുകൾ വികസിപ്പിക്കുന്ന ബെംഗളൂരു ആസ്ഥാനമായ സർവത്തിലൂടെ (Sarvam AI) ഒരു ഇന്ത്യൻ കമ്പനിയിലെ ആദ്യ നിക്ഷേപവും നടത്തി.

100 കോടി ഡോളറിലധികം (ഏകദേശം 9,300 കോടിയിലധികം രൂപ) വിഹിതം വകയിരുത്തിയിട്ടുള്ള ഇന്ത്യ എഐ മിഷൻ, രാജ്യത്തിന്റെ ആഭ്യന്തര കംപ്യൂട്ടിങ് ശേഷിയും തദ്ദേശീയ എഐ മോഡലുകളും സ്റ്റാർട്ടപ്പുകളും വളർത്തിയെടുക്കാനാണ് ലക്ഷ്യമിടുന്നത്. എന്നാൽ, ഈ വൻകിട പദ്ധതിയുടെ അടിസ്ഥാന സൗകര്യങ്ങൾക്കായി വലിയൊരു പങ്കും എൻവിഡിയയെ മാത്രം ആശ്രയിക്കേണ്ടി വരുന്നുവെന്നത് രാജ്യത്തിന്റെ സാങ്കേതിക മുന്നേറ്റത്തിലെ പ്രധാന വെല്ലുവിളിയായി തുടരുന്നു.

ഹുവാങ്ങില്ലാത്ത എൻവിഡിയ: വിപണിക്കും പങ്കാളികൾക്കും ആശങ്ക

എൻവിഡിയയുടെ നിലവിലെ പ്രവർത്തനശൈലി പൂർണമായും ജെൻസൻ ഹുവാങ്ങിനെ കേന്ദ്രീകരിച്ചുള്ളതാണ്. കമ്പനിയുടെ തന്ത്രപരമായ തീരുമാനങ്ങളിലും പ്രധാന ഉപഭോക്താക്കളുമായും സർക്കാരുകളുമായുമുള്ള നയപരമായ ബന്ധങ്ങളിലും അദ്ദേഹത്തിന് നിർണായക പങ്കുണ്ട്. എന്നാൽ, കമ്പനി ഇതുവരെയും വ്യക്തമായൊരു ഔദ്യോഗിക പിൻഗാമി പദ്ധതിയും (Succession Plan) പരസ്യപ്പെടുത്തിയിട്ടില്ല. അതിനാൽ നേതൃത്വമാറ്റമുണ്ടായാൽ അത് എൻവിഡിയയുടെ തീരുമാനങ്ങളുടെയും നിക്ഷേപങ്ങളുടെയും വേഗതയെ പ്രതികൂലമായി ബാധിച്ചേക്കാമെന്നാണ് പൊതുവായ വിലയിരുത്തൽ.

ഹുവാങ്ങിന്റെ സി.ഇ.ഒ പദവി തെറിച്ചേക്കുമെന്ന മാധ്യമ റിപ്പോർട്ടുകൾക്കു പിന്നാലെ എൻവിഡിയ ഓഹരികളിൽ നേരിട്ട ഇടിവ് കമ്പനിയുടെ വിപണി മൂല്യത്തിൽ ഏകദേശം 35,000 കോടി ഡോളറിന്റെ (ഏകദേശം 32.79 ലക്ഷം കോടി രൂപ) നഷ്ടമുണ്ടാക്കിയിട്ടുണ്ട്. അദ്ദേഹം പുറത്തുപോയാൽ എൻവിഡിയ ഓഹരിയുടെ വില 30 ശതമാനം വരെ ഇടിയാമെന്നാണ് ഒരു പ്രമുഖ അനലിസ്റ്റിന്റെ മുന്നറിയിപ്പ്. അതേസമയം, ഹുവാങ് പുറത്താകുന്നതുകൊണ്ട് നിലവിലെ ചിപ്പ് ഉൽപ്പന്ന പദ്ധതികൾ ഉടൻ തടസ്സപ്പെടണമെന്നില്ല. എന്നാൽ പുതിയ സംരംഭങ്ങളും നിക്ഷേപങ്ങളും വിതരണ കരാറുകളും വൈകിയാൽ അത് ഇന്ത്യൻ പദ്ധതികളെയും ബാധിക്കാം.

സോവറിൻ എഐ: വിതരണ വൈവിധ്യം അനിവാര്യം

ജെൻസൻ ഹുവാങ്ങുമായി ബന്ധപ്പെട്ട വ്യക്തിപരവും ഭരണപരവുമായ വിവാദങ്ങളും അമേരിക്കയിലെ രാഷ്ട്രീയ പരിശോധനകളും എൻവിഡിയുടെ പ്രവർത്തനങ്ങൾക്ക് കൂടുതൽ അനിശ്ചിതത്വം സൃഷ്ടിക്കുന്നുണ്ട്. കമ്പനിയുടെ ഉപഭോക്തൃ സ്ഥാപനമായ മെഗാസ്പീഡിലെ ഒരു എക്സിക്യൂട്ടീവുമായുള്ള ബന്ധത്തെ കുറിച്ചുള്ള ആരോപണങ്ങൾ കമ്പനി അന്വേഷിക്കുന്നുണ്ട്. ദേശീയ സുരക്ഷയോ കമ്പനിയുടെ രഹസ്യങ്ങളോ ചോർന്നതായി വിശ്വസിക്കാൻ ഇതുവരെ തെളിവുകളില്ലെന്നാണ് എൻവിഡിയയുടെ ഡയറക്ടർ ബോർഡ് വ്യക്തമാക്കിയിട്ടുള്ളത്.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇതിലെ പ്രധാന പാഠം വിതരണശൃംഖലയുടെ സുരക്ഷയാണ്. എഎംഡി, ഇന്റൽ തുടങ്ങിയ എതിരാളികൾക്ക് വിപണിയിൽ കൂടുതൽ അവസരം ലഭിക്കാമെങ്കിലും എൻവിഡിയയെ ആശ്രയിക്കുന്നതിൽനിന്ന് ഉടനടി മാറുക എന്നതും അത്ര എളുപ്പമല്ല. ആഭ്യന്തര ചിപ്പ് നിർമാണം, വിവിധ വിതരണക്കാരിൽ നിന്നുള്ള ഹാർഡ്‌‍വെയർ ലഭ്യത, ശക്തമായ ഡാറ്റ സെന്റർ അടിസ്ഥാനസൗകര്യം എന്നിവയ്ക്ക് ഇന്ത്യ മുൻഗണന നൽകേണ്ടതുണ്ട്. സ്വന്തം എഐ സ്വപ്നങ്ങൾ ഒരു വിദേശ കമ്പനിയെ മാത്രം ആശ്രയിക്കുന്ന സാഹചര്യം ഒഴിവാക്കുക എന്നതാണ് രാജ്യത്തിന്റെ മുന്നിലുള്ള വലിയ വെല്ലുവിളി.

Nvidia’s leadership uncertainty has raised questions about India’s AI infrastructure plans, but the immediate impact on data-centre projects and chip supply remains unclear.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT