Image Courtesy: nvidia.com 
Industry

എ.ഐ കളംപിടിക്കുമ്പോള്‍ പുതിയ റെക്കോഡിലേക്ക് നടന്നടുത്ത് എന്‍വീഡിയ, വിപണി മൂല്യം നാല് ലക്ഷം കോടി ഡോളറിലേക്ക്‌, ആപ്പിളിന്റെ റെക്കോഡ് മറികടന്നു

3.7 ലക്ഷം കോടി ഡോളര്‍ വിപണി മൂല്യവുമായി മൈക്രോസോഫ്റ്റാണ് രണ്ടാം സ്ഥാനത്ത്

Dhanam News Desk

ലോകചരിത്രത്തിലെ ഏറ്റവും മൂല്യമേറിയ കമ്പനിയെന്ന സ്ഥാനം സ്വന്തമാക്കിയ ചിപ്പ് നിര്‍മാണ കമ്പനിയായ എന്‍വീഡിയ (Nvidia ) കുതിക്കുന്നു, പുതിയ റെക്കോഡിലേക്ക്. നാല് ലക്ഷം കോടി ഡോളര്‍ വിപണി മൂല്യം (market capitalisation) നേടുന്ന ആദ്യ കമ്പനി എന്ന നേട്ടത്തിന് തൊട്ടരികെയാണ് നിലവില്‍ കമ്പനി.

ഇന്നലെ ഓഹരി വില 2.2 ശതമാനം ഉയര്‍ന്ന് 160.6 ഡോളറിലെത്തിയതോടെ വിപണിമൂല്യം 3.92 ലക്ഷം കോടിയിലെത്തി(ഏകദേശം 334 ലക്ഷം കോടി രൂപ). 2024 ഡിസംബര്‍ 26ലെ ആപ്പിളിന്റെ (Apple) 3.915 ലക്ഷം കോടി ഡോളര്‍ വിപണി മൂല്യമെന്ന റെക്കോഡ് ഇതോടെ പഴങ്കഥയായി.

മൈക്രോസോഫ്റ്റാണ് (Microsoft ) നിലവില്‍ വിപണി മൂല്യത്തില്‍ രണ്ടാം സ്ഥാനത്ത്. ഇന്നലെ ഓഹരി വില 1.5 ശതമാനം ഉയര്‍ന്ന് 498.5 ഡോളറിലെത്തിയതോടെ വിപണി മൂല്യം 3.7 ലക്ഷം കോടി ഡോളറായി. ആപ്പിള്‍ ഓഹരി വില 0.8 ശതമാനം വര്‍ധന നേടിയതോടെ വിപണി മൂല്യം 3.19 ലക്ഷം കോടിയുമായി. മൂന്നാം സ്ഥാനത്താണ് നിലവില്‍ ആപ്പിള്‍.

ഐ.ഐയുടെ ഭാവി

നിക്ഷേപകര്‍ എ.ഐയുടെ ഭാവിയെക്കുറിച്ച് കൂടുതല്‍ വിശ്വാസത്തോടെ മുന്നോട്ടു പോകുന്നതാണ് ഹൈ എന്‍ഡ് എ.ഐ ചിപ്പ് നിര്‍മാതാക്കളായ എന്‍വീഡിയയുടെ ഓഹരി മൂല്യം ഇന്നലെ 3.92 ലക്ഷം കോടിയിലെത്തിച്ചത്. വന്‍ ഐ.എ മോഡലുകള്‍ പരിശീലിപ്പിക്കാന്‍ കൂടുതല്‍ മികച്ചതാണ്, എന്‍വീഡിയയുടെ പുതിയ ചിപ്പുകള്‍. ഇത് ഉത്പന്ന ആവശ്യകത ഉയര്‍ത്തുന്നുണ്ട്.

മൈക്രോസോഫ്റ്റ്, ആമസോണ്‍, മെറ്റ പ്ലാറ്റ്‌ഫോമുകള്‍, ആല്‍ഫബെറ്റ്, ടെസ്‌ല എന്നിവ എ.ഐ ഡേറ്റ സെന്ററുകള്‍ സ്ഥാപിക്കാനും എമേര്‍ജിംഗ് സാങ്കേതിക വിദ്യകളില്‍ ആധിപത്യം സ്ഥാപിക്കാനും മത്സരിക്കുന്നത് എന്‍വീഡിയയുടെ ഹൈ-എന്‍ഡ് പ്രോസസറുകള്‍ക്ക് ഡിമന്‍ഡ് ഉയര്‍ത്തുന്നു.

യു.കെയിലെ ലിസ്റ്റഡ് കമ്പനികളേക്കാള്‍ മൂല്യം

2021ല്‍ വെറും 500 ബില്യണ്‍ ഡോളറായിരുന്ന വിപണി മൂല്യമാണ് നാലു വര്‍ഷം കൊണ്ട് നാലു ലക്ഷം കോടിയിലേക്ക് എത്തുന്നത്.

കനേഡിയന്‍, മെക്‌സിക്കന്‍ സ്‌റ്റോക്ക് മാര്‍ക്കറ്റുകളുടെ സംയോജിത മൂല്യത്തിനേക്കാള്‍ കൂടുതലാണ് എന്‍വീഡിയയുടെ നിലവിലെ വിപണി മൂല്യം. മാത്രമല്ല യു.കെയിലെ മൊത്തം ലിസ്റ്റഡ് കമ്പനികളുടെ മൊത്തം മൂല്യത്തെയും എന്‍വീഡിയ പിന്നിലാക്കി.

യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് പ്രഖ്യാപനങ്ങളെ തുടര്‍ന്ന് ഏപ്രില്‍ നാലിന് രേഖപ്പെടുത്തിയ വലിയ താഴ്ചയില്‍ നിന്ന് 68 ശതമാനത്തോളമാണ് ഓഹരി വില ഇപ്പോള്‍ ഉയര്‍ന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT