ഡിസംബര്‍ പാദത്തില്‍ എക്കാലത്തെയും ഉയര്‍ന്ന ത്രൈമാസ അറ്റാദായം രേഖപ്പെടുത്തി ഓയില്‍ ഇന്ത്യ ലിമിറ്റഡ് (OIL). അവലോകന പാദത്തില്‍ കമ്പനിയുടെ അറ്റാദായം 1746.10 കോടി രൂപയാണ്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 1244.90 കോടി രൂപയായിരുന്നു. അസംസ്‌കൃത എണ്ണയുടെയും, പ്രകൃതിവാതകത്തിന്റെയും വില വര്‍ധനവിന്റെ പശ്ചാത്തലത്തിലാണ് ഉയര്‍ന്ന അറ്റാദായം കമ്പനി നേടിയത്.
എണ്ണയും പ്രകൃതിവാതകവും
മൂന്നാം പാദത്തില്‍ വിറ്റുവരവ് 27 ശതമാനം വര്‍ധിച്ച് 5981.63 കോടി രൂപയായി. ഓരോ ബാരല്‍ ക്രൂഡ് ഓയിലിനും 88.33 യുഎസ് ഡോളറാണ് കമ്പനി നേടിയത്. മുന്‍ വര്‍ഷം ഇത് 78.59 ഡോളറായിരുന്നു. സിഎന്‍ജി, വൈദ്യുതി എന്നിവയുടെ ഉല്‍പ്പാദനത്തിനും വളങ്ങള്‍ നിര്‍മ്മിക്കുന്നതിനുമുള്ള പ്രകൃതിവാതകത്തിന്റെ വില 6.10 ഡോളറില്‍ നിന്ന് 8.57 ഡോളറായി ഉയര്‍ന്നു.
ഉല്‍പ്പാദനവും വിറ്റഴിക്കലും
കമ്പനി ഡിസംബര്‍ പാദത്തില്‍ 8.1 ലക്ഷം ടണ്‍ അസംസ്‌കൃത എണ്ണ ഉല്‍പാദിപ്പിച്ചു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 7.5 ലക്ഷം ടണ്ണായിരുന്നു. വാതക ഉല്‍പ്പാദനവും 7900 ലക്ഷം ക്യുബിക് മീറ്ററില്‍ നിന്ന് 8000 ലക്ഷം ക്യുബിക് മീറ്ററായി ഉയര്‍ന്നു. 13.5 ലക്ഷം ടണ്ണില്‍ നിന്ന് അവലോകന പാദത്തില്‍ 14.1 ലക്ഷം ടണ്‍ എണ്ണ വിറ്റഴിച്ചു. 2022 ഏപ്രില്‍-ഡിസംബര്‍ മാസങ്ങളില്‍ കമ്പനിയുടെ നികുതിക്ക് ശേഷമുള്ള ലാഭം 2257.30 കോടി രൂപയില്‍ നിന്ന് 120 ശതമാനത്തിലധികം വര്‍ധിച്ച് 5022.12 കോടി രൂപയായി.
Read DhanamOnline in English
Subscribe to Dhanam Magazine