Image : Canva 
Industry

എല്‍.പി.ജി സിലിണ്ടര്‍ വില കുറച്ചു; പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍

കഴിഞ്ഞമാസം ഒന്നിന് വാണിജ്യ സിലിണ്ടര്‍ വില എണ്ണക്കമ്പനികള്‍ കൂട്ടിയിരുന്നു

Dhanam News Desk

ഹോട്ടലുകളിലും വ്യാവസായിക ആവശ്യത്തിനും ഉപയോഗിക്കുന്ന വാണിജ്യ സിലിണ്ടറുകളുടെ (19 കിലോഗ്രാം) വില പൊതുമേഖലാ എണ്ണവിതരണ കമ്പനികള്‍ ഇന്ന് പ്രാബല്യത്തില്‍ വന്നവിധം 31.50 രൂപ കുറച്ചു. ഇതോടെ കൊച്ചിയില്‍ വില 1,775 രൂപയായി. കോഴിക്കോട്ട് 1,807.5 രൂപയും തിരുവനന്തപുരത്ത് 1,796 രൂപയുമാണ് വില.

മാര്‍ച്ച് ഒന്നിന് 25.50 രൂപ കൂട്ടിയശേഷമാണ് ഇപ്പോള്‍ വില കുറച്ചിരിക്കുന്നത്. എല്ലാ മാസവും ഒന്നാം തീയതിയാണ് പൊതുമേഖലാ എണ്ണവിതരണ കമ്പനികള്‍ ക്രൂഡോയില്‍ വിലയ്ക്ക് ആനുപാതികമായി എല്‍.പി.ജി വില പരിഷ്‌കരിക്കുന്നത്.

ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല

വീട്ടാവശ്യത്തിന് ഉപയോഗിക്കുന്ന 14.2 കിലോഗ്രാം സിലിണ്ടര്‍ വിലയില്‍ മാറ്റംവരുത്തിയിട്ടില്ല. കൊച്ചിയില്‍ 810 രൂപയും കോഴിക്കോട്ട് 811.5 രൂപയും തിരുവനന്തപുരത്ത് 812 രൂപയുമാണ് വില.

ലോക വനിതാദിനമായ മാര്‍ച്ച് എട്ടിന് 'വനിതാദിന സമ്മാനം' എന്ന പേരില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ഗാര്‍ഹിക സിലിണ്ടറിന് 100 രൂപ കുറച്ചിരുന്നു. വനിതാ ശാക്തീകരണത്തിനും വനിതകളുടെ ജീവിതാന്തരീക്ഷം ആരോഗ്യപ്രദമാക്കാനും വിലയിളവ് സഹായിക്കുമെന്നാണ് നരേന്ദ്ര മോദി അഭിപ്രായപ്പെട്ടത്.

ഉജ്വല യോജന ഗ്യാസ് കണക്ഷന്‍ നേടിയവര്‍ക്ക് സിലിണ്ടറൊന്നിന് 300 രൂപ വീതം സബ്‌സിഡി നല്‍കുന്ന പദ്ധതി 2025 മാര്‍ച്ച് 31 വരെ നീട്ടിയതായും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കേയായിരുന്നു മോദിയുടെ പ്രഖ്യാപനം.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT