Industry

ഇനി കാര്യങ്ങള്‍ എളുപ്പമാവില്ല; പണം ഈടാക്കുന്ന ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കും കെവൈസി

ഗെയിമിംഗ് ആപ്പുകളില്‍ പണം നിക്ഷേപിക്കുന്നതിനും പിന്‍വലിക്കുന്നതിനും ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. 5 മുതല്‍ 14 വയസുവരെയുള്ള കുട്ടികളാണ് ഓണ്‍ലൈന്‍ ഗെയിമിംഗില്‍ ഏര്‍പ്പെടുന്ന 18 ശതമാനവും

Dhanam News Desk

രാജ്യത്തെ ഓണ്‍ലൈന്‍ ഗെയിമുകളെ (Online games) നിയന്ത്രിക്കുന്നതിന് ഐടി മന്ത്രാലയം കൊണ്ടുവരുന്ന നയങ്ങള്‍ക്ക് അന്തിമ രൂപമായതായി റിപ്പോര്‍ട്ട്. പണം ഇടാക്കുന്ന ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കെല്ലാം കെവൈസി (Know-your-customer) ഏര്‍പ്പെടുത്തിയേക്കും. ഇത്തരം ഗെയിമുകളുടെ ഭാഗമാവുന്ന ഉപഭോക്താക്കളുടെ സാമ്പത്തിക സുരക്ഷ കണക്കിലെടുത്താണ് കെവൈസി നിര്‍ബന്ധമാക്കുന്നത്. ഓണ്‍ലൈന്‍ ഗെയിമിംഗ് ഇന്‍ഡസ്ട്രിക്കായി ഒരു സ്വയം നിയന്ത്രണ സമിതിയും (self regulatory organization) രൂപീകരിക്കും.

പുതിയ നയത്തിന്റെ കരട് 2-3 ആഴ്ചകള്‍ക്കുള്ളില്‍ പുറത്തിറക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പണം ഇടാക്കുന്ന ഓണ്‍ലൈന്‍ ഗെയിമുകളില്‍ നിന്ന് 18 വയസില്‍ താഴെയുള്ളവരെ പുതിയ നിയമം വിലക്കിയേക്കും. ഒരു സമയപരിധിക്ക് അപ്പുറം ഗെയിമിംഗ് നീണ്ടാലുള്ള മുന്നറിയിപ്പ്, ചൈല്‍ഡ് ലോക്ക്, പണം നിക്ഷേപിക്കുന്നതിനും പിന്‍വലിക്കുന്നതിനും സുരക്ഷാ ക്രമീകരണങ്ങള്‍ തുടങ്ങിവ ഗെയിമിം ആപ്പുകള്‍ ഏര്‍പ്പെടുത്തേണ്ടി വരും. 5 മുതല്‍ 14 വയസുവരെയുള്ള കുട്ടികളാണ് ഓണ്‍ലൈന്‍ ഗെയിമിംഗില്‍ ഏര്‍പ്പെടുന്ന 18 ശതമാനവും.

30-40 കോടി ഇന്ത്യക്കാര്‍ ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കായി പണം മുടക്കുന്നുണ്ടെന്നാണ് ഓള്‍ ഇന്ത്യ ഗെയിമിംഗ് ഫെഡറേഷന്റെ (എഐജിഎഫ്) വിലയിരുത്തല്‍. ഏകദേശം 900 ഗെയിമിംഗ് കമ്പനികള്‍ രാജ്യത്തുണ്ട്. ഡ്രീം11, എംപിഎല്‍ എന്നീ യുണീകോണ്‍ ഗെയിമിംഗ് സ്റ്റാര്‍ട്ടപ്പുകളാണ് വിപണി വിഹിതത്തില്‍ മുന്നില്‍. എഐജിഎഫിന്റെ കണക്കുകള്‍ അനുസരിച്ച് 2.2 ബില്യണ്‍ ഡോളറിന്റേതാണ് രാജ്യത്തെ ഓണ്‍ലൈന്‍ ഗെയിമുകളുടെ (പണം ഇടാക്കുന്നവ) വിപണി. 2025-26 സാമ്പത്തിക വര്‍ഷത്തോടെ ഇത് 7 ബില്യണായി ഉയര്‍ന്നേക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT