Image Courtesy: fb/Narendra Modi 
Industry

അവസരങ്ങള്‍ തുറന്നിട്ട് ടെമ്പിള്‍ ടൂറിസം

അയോധ്യ അടക്കമുള്ള രാജ്യത്തെ പ്രധാന ക്ഷേത്ര നഗരികള്‍ കേന്ദ്രീകരിച്ച് വലിയ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ അത് നമ്മുടെ കേരളത്തില്‍ വരെ അവസരങ്ങളൊരുക്കുന്നു

Ajaya Kumar

പെരിന്തല്‍മണ്ണയിലെ ഒരു ഓട്ടോ ഡ്രൈവര്‍ അടുത്തിടെയാണ് തന്റെ ഓട്ടോറിക്ഷ വിറ്റ് ടെമ്പോ ട്രാവലര്‍ വാങ്ങുന്നതിനെ കുറിച്ച് ചിന്തിച്ചു തുടങ്ങിയത്. അയോധ്യയില്‍ രാമക്ഷേത്രം തുറന്നതിനു പിന്നാലെ നാട്ടില്‍ നിന്ന് പലരും അവിടേക്കുള്ള യാത്രയെ കുറിച്ച് അന്വേഷണം നടത്തിയപ്പോഴാണ് ടെമ്പിള്‍ ടൂറിസത്തിന്റെ സാധ്യതകള്‍ അദ്ദേഹത്തിന് മനസിലായത്.

അയോധ്യ മാത്രമല്ല, രാജ്യത്തെ പ്രധാന ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് വന്‍ വികസന പദ്ധതികളാണ് പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നത്. കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ തന്നെ കാര്യമെടുക്കാം. 400 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ക്ഷേത്രം നവീകരിക്കുന്നത്. ക്ഷേത്രത്തോടനുബന്ധിച്ചുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നേരത്തേ 3,000 ചതുരശ്ര അടി മാത്രമായിരുന്നുവെങ്കില്‍ ഇപ്പോള്‍ അഞ്ചു ലക്ഷം ചതുരശ്ര അടിയായി. ശരാശരി 80 ലക്ഷം പേര്‍ ഓരോ വര്‍ഷവും ഇവിടെ സന്ദര്‍ശിച്ചിരുന്നിടത്ത് കഴിഞ്ഞ വര്‍ഷം മാത്രം എത്തിയത് ഏഴു കോടി പേരാണ്. ഇതുമായി ബന്ധപ്പെട്ടനാല്‍പ്പതോളം ക്ഷേത്രങ്ങളാണ് പുനരുദ്ധരിച്ചത്.

കാശി വിശ്വനാഥ ക്ഷേത്രം 

ഉജ്ജയിനി ക്ഷേത്രവുമായി ബന്ധപ്പെട്ട നവീകരണ പ്രവര്‍ത്തനങ്ങള്‍ വലിയ തോതില്‍ വര്‍ധിച്ചപ്പോള്‍ 1.5 കോടി പേര്‍ സന്ദര്‍ശിച്ചിരുന്നിടത്ത് ഇരട്ടിയിലേറെ പേര്‍ എത്തിത്തുടങ്ങി.

അടിസ്ഥാന സൗകര്യ വികസനം ദ്രുതഗതിയില്‍

പ്രസിദ്ധമായ ചാര്‍ ധാം ക്ഷേത്രങ്ങളില്‍ കേദാര്‍നാഥ്-ബദരീനാഥ് ധാം 1,300 കോടി രൂപ മുടക്കി നവീകരിച്ചു. യമുനോത്രി, ഗംഗോത്രി, കേദാര്‍നാഥ്, ബദരീനാഥ് എന്നിവിടങ്ങളിലേക്കായി 889 കിലോമീറ്റര്‍ ദേശീയപാത വികസിപ്പിക്കുകയും ഇവിടങ്ങളിലേക്ക് ഫൈബര്‍ കണക്ടിവിറ്റി ഏര്‍പ്പെടുത്തുകയും ചെയ്തു. ഇപ്പോള്‍ ഇവിടെ 5ജി സേവനം ലഭ്യമാണ്. കേദാര്‍നാഥില്‍ 12 അടി ഉയരമുള്ള ശങ്കരാചാര്യ പ്രതിമയും സ്ഥാപിച്ചിട്ടുണ്ട്.

സോമനാഥില്‍ പുതിയ എക്‌സിബിഷന്‍ സെന്ററും സര്‍ക്യൂട്ട് ഹൗസും നിര്‍മിച്ചു. ക്ഷേത്ര പരിസരത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചു.

അസമിലെ പ്രസിദ്ധമായ കാമാഖ്യ ക്ഷേത്ര പരിസരം3000 ചതുരശ്രയടിയില്‍ നിന്ന് ഒരുലക്ഷം ചതുരശ്രയടിയിലേക്ക് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുകയും ഇതോടനുബന്ധിച്ചുള്ള ആറ് ക്ഷേത്രങ്ങളുടെ നവീകരണം നടത്തുകയും ചെയ്തു.

അയോധ്യക്ക് 85,000 കോടി രൂപ

ഇപ്പോള്‍ വെള്ളിവെളിച്ചത്തില്‍ നില്‍ക്കുന്ന അയോധ്യയില്‍ അടിസ്ഥാന സൗകര്യ വികസനമടക്കം വമ്പന്‍ പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മഹാഋഷി വാത്മീകി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, അയോധ്യാ ധാം റെയില്‍വേ സ്റ്റേഷന്‍ എന്നിവ തുറന്നുകൊടുക്കുകയും ചെയ്തു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ചേര്‍ന്ന് അയോധ്യ മാസ്റ്റര്‍ പ്ലാന്‍ 2031ന്റെ ഭാഗമായി 85,000 കോടി രൂപയുടെ വികസന പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

സ്വകാര്യ സ്ഥാപനങ്ങളും ഹോട്ടലുകളടക്കമുള്ള പദ്ധതികളുമായി മുന്നോട്ട് വരുന്നുണ്ട്. റിയല്‍ എസ്റ്റേറ്റ് മേഖലയിലും വലിയ കുതിപ്പ് ഉണ്ടാകുന്നുണ്ട്. നിലവില്‍ 1100 മുറികളുടെ പദ്ധതികള്‍ വിവിധ ആഡംബര ഹോട്ടല്‍ ശൃംഖലകളുടേതായി പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ചു കൊണ്ട് മുപ്പതിലേറെ ട്രെയിനുകള്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ റെയില്‍വേയും അതിനൊപ്പം ചേരുന്നു.

കൂടുതല്‍ ലക്ഷ്യസ്ഥാനങ്ങള്‍

2014-2015ല്‍ രൂപീകരിച്ച പില്‍ഗ്രിമേജ് റിജിനുവേഷന്‍ ആന്‍ഡ് സ്പിരിച്വല്‍ ഹെറിറ്റേജ് ഓഗ്മെന്റേഷന്‍ ഡ്രൈവ് എന്ന കേന്ദ്ര ടൂറിസം വകുപ്പിന് കീഴിലുള്ളപദ്ധതി പ്രകാരം ഇതുവരെ 46 പ്രോജക്റ്റുകളിലായി 1,629.17 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഗുരുവായൂര്‍ ക്ഷേത്രവികസനത്തിനായി അനുവദിച്ച 45.10 കോടി രൂപ അടക്കമാണിത്. കൂടാതെ 26 പദ്ധതികള്‍ കൂടി പുതുതായി പ്രഖ്യാപിച്ചിട്ടുണ്ട്.

വലിയ അവസരങ്ങള്‍

ഡ്രൈവര്‍മാര്‍ മുതല്‍ വന്‍കിട കോര്‍പ്പറേറ്റുകള്‍ വരെ നീളുന്ന വൈവിധ്യമാര്‍ന്ന അവസരങ്ങളാണ് ടെമ്പിള്‍ ടൂറിസം മുന്നോട്ടുവെയ്ക്കുന്നത്. കേരളത്തിലെ ട്രാവല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ അയോധ്യയെ ഉള്‍പ്പെടുത്തിയുള്ള കൂടുതല്‍ പാക്കേജുകള്‍ പ്രഖ്യാപിക്കുന്നുണ്ട്. നേരത്തെയും അയോധ്യ വിവിധ പാക്കേജുകളില്‍ ഉള്‍പ്പെട്ടിരുന്നെങ്കിലും ഇപ്പോള്‍ അത് പ്രധാന കേന്ദ്രമായി മാറിയിട്ടുണ്ടെന്ന് ഈ മേഖലയിലുള്ളവര്‍ പറയുന്നു.

ഗുജറാത്തിലെ സ്റ്റാച്യു ഓഫ് യൂണിറ്റി തുറന്നുകൊടുത്തപ്പോഴും സഞ്ചാരികളുടെ വലിയ ഒഴുക്കുണ്ടായിരുന്നു. എന്നാല്‍ അതില്‍ നിന്ന് അയോധ്യയെ വ്യത്യസ്തമാക്കുന്നത് വൈകാരികത കൂടുതലാണ് എന്നതാണെന്ന് ട്രാവല്‍ ഏജന്റ്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ മാനേജിംഗ് കമ്മിറ്റി അംഗവും കൊച്ചി ആസ്ഥാനമായുള്ള കോറസ് ട്രാവല്‍ & ട്രേഡ് ലിങ്ക്‌സ് മാനേജിംഗ് ഡയറക്റ്ററുമായ പൗലോസ് കെ. മാത്യു പറയുന്നത്.

രാമേശ്വരത്ത് പാമ്പന്‍ പാലം നവീകരണമടക്കം ദക്ഷിണേന്ത്യന്‍ ക്ഷേത്രങ്ങളിലും വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുന്നുണ്ട്. പ്രസാദ് പദ്ധതി പ്രകാരം തമിഴ്‌നാട്ടിലെയും പുതുച്ചേരിയിലെയും നവഗ്രഹ ക്ഷേത്രങ്ങളുടെ നവീകരണം നടത്തും. ആന്ധ്രയിലെയും കര്‍ണാടകയിലെയും ക്ഷേത്രങ്ങളും പട്ടികയിലുണ്ട്.

വര്‍ധിച്ചുവരുന്ന തീര്‍ത്ഥാടനം

2022ല്‍ രാജ്യത്ത് 1.35 ലക്ഷം കോടി രൂപയാണ് പില്‍ഗ്രിമേജ് ടൂറിസത്തിലൂടെ ലഭിച്ചത്. 2021നേക്കാള്‍ 65,070 കോടി രൂപ അധികം. 2018ല്‍ 1.95 ലക്ഷം കോടി രൂപയും 2019ല്‍ 2.12 ലക്ഷം കോടി രൂപയുമാണ് ഇതുവഴി ലഭിച്ചത്. എന്നാല്‍ കോവിഡ് തടസം നിന്ന 2020ല്‍ഇത് 50,136 കോടി രൂപയായി കുറഞ്ഞു. 2022ല്‍ തീര്‍ത്ഥാടനത്തിന് എത്തിയ ഇന്ത്യക്കാരുടെ എണ്ണം 1,433 ദശലക്ഷമാണ്. 6.64 ദശലക്ഷം വിദേശികളും മതകേന്ദ്രങ്ങളില്‍ എത്തി.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT