പ്രതീകാത്മക ചിത്രം Image Source: Canva
Industry

'ഇന്നാണ് നിങ്ങളുടെ അവസാന പ്രവൃത്തിദിനം': പുലർച്ചെ ആറിനെത്തിയ'പിങ്ക് സ്ലിപ്പ്',ഒറാക്കിളിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ

ഒറ്റ ഇമെയിലിൽ നൂറുകണക്കിന് ജീവനക്കാരെ പുറത്താക്കി; കടബാധ്യതയും AI നിക്ഷേപവും ചൂണ്ടിക്കാട്ടി ഒറാക്കിളിന്റെ മൂന്നാം ലേഓഫ് തരംഗം

Dhanam News Desk

ആഗോള സോഫ്റ്റ്‌വെയർ ഭീമനായ ഒറാക്കിൾ വീണ്ടും ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നു. ഈ വർഷത്തെ മൂന്നാമത്തെ ലേഓഫ് തരംഗത്തിനാണ് കമ്പനി തുടക്കമിട്ടിരിക്കുന്നത്. പുലർച്ചെ 6 മണിക്ക് അയച്ച ഒറ്റ ഇമെയിലിലൂടെയാണ് നൂറുകണക്കിന് ജീവനക്കാരോട് ജോലിയിൽ നിന്ന് മാറാൻ മാനേജ്‌മെന്റ് ആവശ്യപ്പെട്ടത്.

"കമ്പനിയുടെ ബിസിനസ് പുനഃസംഘടനയുടെ ഭാഗമായി നിങ്ങളുടെ തസ്തിക റദ്ദാക്കിയിരിക്കുന്നു. അതിനാൽ ഇന്നാണ് നിങ്ങളുടെ അവസാന പ്രവൃത്തിദിനം," - ഔദ്യോഗിക ഇമെയിലിൽ ഒറാക്കിൾ വ്യക്തമാക്കുന്നു.

മുന്നറിയിപ്പില്ലാതെ ലോഗിനുകൾ റദ്ദാക്കി

ഇമെയിൽ ലഭിക്കുന്നതിന് മുൻപ്, പുലർച്ചെ 4 മണിയോടെ തന്നെ ജീവനക്കാരുടെ സിസ്റ്റം ലോഗിനുകളും ഒഫീഷ്യൽ ഇമെയിൽ അക്കൗണ്ടുകളും റദ്ദാക്കപ്പെട്ടിരുന്നു. കമ്പനിയുടെ സ്ലാക്ക് ഗ്രൂപ്പിൽ നിന്ന് രാവിലെയോടെ ആയിരത്തോളം അക്കൗണ്ടുകൾ നീക്കം ചെയ്യപ്പെട്ടതായി ജീവനക്കാർ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ റെഡ്ഡിറ്റിൽ കുറിച്ചു.

മൾട്ടി-ബില്യൺ ഡോളറിന്റെ കടബാധ്യത നേരിടുന്ന ഒറാക്കിൾ, നിർമ്മിത ബുദ്ധി (AI) സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനായി കോടികളുടെ നിക്ഷേപമാണ് നടത്തുന്നത്. AI മേഖലയിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പശ്ചാത്തലത്തിൽ, പ്രവർത്തനച്ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.

സെവറൻസ് പാക്കേജ്

പിരിച്ചുവിടപ്പെടുന്നവർക്ക് നാല് ആഴ്ചത്തെ അടിസ്ഥാന ശമ്പളവും, കമ്പനിയിൽ സേവനം അനുഷ്ഠിച്ച ഓരോ വർഷത്തിനും ഒരു ആഴ്ചത്തെ വേതനവും അടങ്ങുന്ന ആനുകൂല്യങ്ങൾ നൽകാമെന്ന് ഒറാക്കിൾ അറിയിച്ചിട്ടുണ്ട്.

ഈ വർഷം മാർച്ച്-ഏപ്രിൽ മാസങ്ങളിലായി ഇന്ത്യയിലെ 12,000 പേരടക്കം ആഗോളതലത്തിൽ 30,000 ജീവനക്കാരെ ഒറാക്കിൾ പിരിച്ചുവിട്ടിരുന്നു. തുടർന്ന് സെപ്റ്റംബർ തുടക്കത്തിലും ഇന്ത്യയിൽ 3,000ത്തോളം തസ്തികകൾ വെട്ടിക്കുറച്ചു. മേയിൽ അവസാനിച്ച സാമ്പത്തിക വർഷത്തെ കണക്കുകൾ പ്രകാരം ഒറാക്കിളിന്റെ ആകെയുള്ള ജീവനക്കാരുടെ എണ്ണം 1,62,000-ൽ നിന്ന് 1,41,000 ആയി കുറഞ്ഞിട്ടുണ്ട്.

Tech giant Oracle initiates another round of job cuts to lower payroll costs and boost AI infrastructure investments.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT