പ്രതീകാത്മക ചിത്രം Image Source: Canva
Industry

എ.ഐ ചെലവ് കുതിച്ചുയരുന്നു; കടബാധ്യത കനത്തതോടെ ഒറാക്കിളിൽ വീണ്ടും പിരിച്ചുവിടൽ ഭീഷണി

എ.ഐ അടിസ്ഥാനസൗകര്യത്തിനായുള്ള വൻ ചെലവിനും കടബാധ്യതയ്ക്കുമിടെ ഒറാക്കിളിൽ വീണ്ടും ജീവനക്കാരുടെ എണ്ണം കുറയ്ക്കാൻ നീക്കമെന്ന് റിപ്പോർട്ട്

Dhanam News Desk

എ.ഐ അടിസ്ഥാന സൗകര്യ വികസനത്തിനായി ശതകോടികൾ മുടക്കിക്കൊണ്ടിരിക്കുന്ന ഒറാക്കിൾ, കടബാധ്യത കനത്തതോടെ വീണ്ടും വൻതോതിൽ ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നു. സെപ്റ്റംബർ 1-നകം ചില വിഭാഗങ്ങളിൽ പത്ത് ശതമാനത്തിലധികം ജീവനക്കാരെ കുറയ്ക്കാനാണ് നീക്കം. FY26ൽ മാത്രം 21,000 പേരെ പിരിച്ചുവിട്ട കമ്പനിക്ക് ഇപ്പോഴും 1,41,000 ജീവനക്കാരുണ്ട്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) അടിസ്ഥാന സൗകര്യ വികസനത്തിനായി ശതകോടിക്കണക്കിന് ഡോളർ ചെലവഴിക്കുന്നതിനിടെ ചെലവ് ചുരുക്കലിന്റെ ഭാഗമായി പ്രമുഖ ക്ലൗഡ് സേവന ദാതാക്കളായ ഓറക്കിൾ കോർപറേഷൻ (Oracle Corporation) വീണ്ടും ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. കമ്പനിയുടെ ആഭ്യന്തര രേഖകളെ ഉദ്ധരിച്ച് ബിസിനസ് ഇൻസൈഡറാണ് ഈ വാർത്ത റിപ്പോ‌ർട്ട് ചെയ്തിരിക്കുന്നത്. സെപ്റ്റംബർ 1-ഓടെ ചില വിഭാഗങ്ങളിലെ ജീവനക്കാരുടെ എണ്ണത്തിൽ പത്ത് ശതമാനത്തിലധികം വരെ കുറവ് വരുത്താനാണ് ഒറാക്കിൾ ലക്ഷ്യമിടുന്നത്.

വൻ കടബാധ്യതയും എ.ഐ നിക്ഷേപങ്ങളും

2026 മേയ് 31-ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ മാത്രം 21,000 ജീവനക്കാരെ (13%) ഒറാക്കിൾ പിരിച്ചുവിട്ടിരുന്നു. നിലവിൽ 1,41,000 ജീവനക്കാരാണ് കമ്പനിക്ക് കീഴിൽ പ്രവർത്തിക്കുന്നത്. എ.ഐ ഡാറ്റ സെന്ററുകൾ സ്ഥാപിക്കുന്നതിനും ആവശ്യമായ ചിപ്പുകൾ സമാഹരിക്കുന്നതിനുമായി കമ്പനി വൻതുകയാണ് നിക്ഷേപിക്കുന്നത്.

  • സാമ്പത്തിക വിവരങ്ങൾ: കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ (FY26) ഡാറ്റ സെന്ററുകൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾക്കായി ഒറാക്കിൾ 5,570 കോടി ഡോളർ (ഏകദേശം 5.31 ലക്ഷം കോടി രൂപ) ചെലവഴിച്ചു.

  • കടമെടുപ്പ്: വികസന പ്രവർത്തനങ്ങൾക്കായി കഴിഞ്ഞ വർഷം 4,300 കോടി ഡോളർ (ഏകദേശം 4.1 ലക്ഷം കോടി രൂപ) കടപ്പത്രങ്ങളിലൂടെയും 500 കോടി ഡോളർ (ഏകദേശം 47,700 കോടി രൂപ) ഓഹരി വിൽപ്പനയിലൂടെയും ഒറാക്കിൾ സമാഹരിച്ചു.

  • പുതിയ ലക്ഷ്യം: നടപ്പ് സാമ്പത്തിക വർഷത്തിൽ (FY27) കടമായും ഇക്വിറ്റിയായും 4,000 കോടി ഡോളർ (ഏകദേശം 3.81 ലക്ഷം കോടി രൂപ) കൂടി സമാഹരിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.

ഒറാക്കിൾ: എ.ഐ നിക്ഷേപവും നിലവിലെ കടബാധ്യതയും

  • അടിസ്ഥാനസൗകര്യ നിക്ഷേപം ---------► 5,570 കോടി ഡോളർ

  • കടപ്പത്രങ്ങളിലൂടെ സമാഹരിച്ചത് ---------► 4,300 കോടി ഡോളർ

  • പിരിച്ചുവിടപ്പെട്ട ജീവനക്കാർ (FY26) ---------► 21,000 (13%)

എ.ഐ മേഖലയിൽ അതിശക്തമായ കിടമത്സരം നിലനിൽക്കുന്നതിനാലാണ് കടുത്ത സാമ്പത്തിക ബാധ്യത നിലനിൽക്കുമ്പോഴും അടിസ്ഥാന സൗകര്യ വികസനവുമായി ഓറക്കിൾ മുന്നോട്ട് പോകുന്നത്. എന്നാൽ പുതിയ പിരിച്ചുവിടൽ വാർത്തകളോട് ഓറക്കിൾ കമ്പനി ഇതുവരെയും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT