Image by Canva 
Industry

വിദേശ പഠനം ഇനി ചെലവ് കുറയും; പണമയക്കുമ്പോള്‍ കൈ പൊള്ളില്ല!

വിദേശത്ത് ഉപരിപഠനത്തിന് പോകുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വലിയ ആശ്വാസവുമായി കേന്ദ്ര സര്‍ക്കാര്‍. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കുള്ള ടിസിഎസ് (TCS) നിരക്ക് 5 ശതമാനത്തില്‍ നിന്ന് 2 ശതമാനമായാണ് കുറച്ചത്

Dhanam News Desk

വിദേശത്ത് പഠനം ആഗ്രഹിക്കുന്ന ലക്ഷക്കണക്കിന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും ആശ്വാസം പകരുന്ന പ്രഖ്യാപനവുമായി ധനമന്ത്രി നിര്‍മല സീതാരാമന്‍. 2026-ലെ കേന്ദ്ര ബജറ്റില്‍ വിദേശ വിദ്യാഭ്യാസത്തിനായുള്ള പണം കൈമാറ്റത്തിന് (Remittance) ഈടാക്കുന്ന സ്രോതസ്സില്‍ നിന്നുള്ള നികുതി (Tax Collected at Source - TCS) നിരക്ക് സര്‍ക്കാര്‍ വെട്ടിക്കുറച്ചു. ലിബറലൈസ്ഡ് റെമിറ്റന്‍സ് സ്‌കീമിന് (LRS) കീഴില്‍ വിദ്യാഭ്യാസ, ആരോഗ്യ ആവശ്യങ്ങള്‍ക്കായി 10 ലക്ഷം രൂപയ്ക്ക് മുകളില്‍ അയക്കുന്ന തുകയുടെ ടിസിഎസ് നിരക്ക് 5 ശതമാനത്തില്‍ നിന്ന് 2 ശതമാനമായാണ് കുറച്ചത്.

വിദേശ പഠനത്തിനായുള്ള ട്യൂഷന്‍ ഫീസ്, ബ്ലോക്ക്ഡ് അക്കൗണ്ടുകള്‍ എന്നിവയിലേക്ക് വന്‍തുക അയക്കേണ്ടി വരുമ്പോള്‍ ഉയര്‍ന്ന ടിസിഎസ് നിരക്ക് വലിയൊരു തുക ബാങ്കുകളില്‍ കെട്ടിക്കിടക്കാന്‍ കാരണമായിരുന്നു. ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ ഈ തുക തിരികെ ലഭിക്കുമെങ്കിലും, അടിയന്തരമായി പണം കണ്ടെത്തേണ്ടി വരുന്ന രക്ഷിതാക്കള്‍ക്ക് ഈ താത്കാലിക ബാധ്യത വലിയ പ്രയാസമുണ്ടാക്കിയിരുന്നു. നിരക്ക് 2 ശതമാനമായി കുറഞ്ഞതോടെ ഈ പ്രായോഗിക ബുദ്ധിമുട്ടിന് വലിയ തോതില്‍ പരിഹാരമാകും.

വിദേശ വിദ്യാഭ്യാസ വായ്പകള്‍ക്ക് നേരത്തെ തന്നെ ഇളവുകള്‍ അനുവദിച്ചിരുന്നെങ്കിലും, സ്വന്തം നിലയില്‍ പണം കണ്ടെത്തുന്നവര്‍ക്കും മറ്റ് ആവശ്യങ്ങള്‍ക്കുമായി തുക അയക്കുന്നവര്‍ക്കും പുതിയ പ്രഖ്യാപനം വലിയ ഗുണമാകും. വിദേശ പഠന ചെലവുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഈ നീക്കം ആശ്വാസകരമാണെന്നാണ് വിദ്യാഭ്യാസ വിദഗ്ധരുടെ വിലയിരുത്തല്‍.

എന്താണ് ടിസിഎസ് (TCS)?

യാത്ര, ചികിത്സ, അല്ലെങ്കില്‍ വിദ്യാഭ്യാസം തുടങ്ങിയ ആവശ്യങ്ങള്‍ക്കായി വിദേശത്തേക്ക് പണം അയക്കുമ്പോള്‍, ഇന്ത്യന്‍ രൂപയെ വിദേശ കറന്‍സിയിലേക്ക് മാറ്റേണ്ടതുണ്ട്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ എല്‍ആര്‍എസ് (Liberalised Remittance Scheme) പ്രകാരം, ഇന്ത്യയില്‍ താമസിക്കുന്ന ഒരാള്‍ക്ക് ഒരു സാമ്പത്തിക വര്‍ഷത്തില്‍ 2.5 ലക്ഷം ഡോളര്‍ ($250,000) വരെ വിദേശത്തേക്ക് അയക്കാന്‍ സാധിക്കും.

പണം കൈമാറുന്ന സമയത്ത്, നികുതിദായകര്‍ 5% നിരക്കില്‍ ടിസിഎസ് (Tax Collected at Source) അടയ്‌ക്കേണ്ടതുണ്ട്. ഇതൊരു മുന്‍കൂര്‍ നികുതിയാണ് (Advance Tax). ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്ന സമയത്ത്, ഒരാള്‍ അടയ്‌ക്കേണ്ട ആകെ നികുതി തുകയുമായി ഈ ടിസിഎസ് തുക ക്രമീകരിക്കാന്‍ സാധിക്കും.

ഉദാഹരണത്തിന്, ഒരു സാമ്പത്തിക വര്‍ഷം നിങ്ങള്‍ അടയ്‌ക്കേണ്ട ആകെ നികുതി 50,000 രൂപയും, അതേ വര്‍ഷം നിങ്ങള്‍ നേരത്തെ അടച്ച ടിസിഎസ് തുക 45,000 രൂപയുമാണെങ്കില്‍, ബാക്കി വരുന്ന 5,000 രൂപ നികുതി റീഫണ്ടായി (Tax Refund) തിരികെ ലഭിക്കാന്‍ അര്‍ഹതയുണ്ട്.

എല്ലാ വിഭാഗത്തിലുള്ള പണം കൈമാറ്റങ്ങള്‍ക്കും ഒരേ നിരക്കാണോ ബാധകം?

അല്ല, ഓരോ ആവശ്യത്തിനും അനുസരിച്ച് നികുതി നിരക്കുകളില്‍ വ്യത്യാസമുണ്ട്. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി 10 ലക്ഷം രൂപ വരെയുള്ള കൈമാറ്റങ്ങള്‍ക്ക് ടിസിഎസ് (TCS) ഈടാക്കില്ല. എന്നാല്‍ തുക 10 ലക്ഷം രൂപയില്‍ കൂടുതലാണെങ്കില്‍ നിലവില്‍ 5% ടിസിഎസ് ബാധകമാകും. അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ ഇത് 2% ആയി കുറയും. അതേസമയം, വിദേശ വിദ്യാഭ്യാസത്തിനായി ബാങ്ക് വായ്പയെടുത്താണ് പണം അയക്കുന്നതെങ്കില്‍ ടിസിഎസ് നല്‍കേണ്ടതില്ല.

ചികിത്സാ ആവശ്യങ്ങള്‍ക്കായി 10 ലക്ഷം രൂപ വരെയുള്ള കൈമാറ്റങ്ങള്‍ക്ക് ടിസിഎസ് ഇല്ല. 10 ലക്ഷത്തിന് മുകളിലുള്ള തുകയ്ക്ക് 5% ആണ് നികുതി. വിദേശ ടൂര്‍ പാക്കേജുകളുടെ കാര്യത്തില്‍, 10 ലക്ഷം രൂപ വരെയുള്ള തുകയ്ക്ക് 5% (ഇത് ഇപ്പോള്‍ 2% ആയി കുറച്ചിട്ടുണ്ട്) ടിസിഎസ് നല്‍കണം. 10 ലക്ഷത്തിന് മുകളിലുള്ള തുകയ്ക്ക് 20% ആണ് ടിസിഎസ് നിരക്ക്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT