മത്സരം ശക്തമായതോടെ രാജ്യത്തെ ഏറ്റവും വലിയ പീത്‌സ ശൃഖലയായ ഡോമിനോസ് ഉള്‍പ്പെടെയുള്ള പ്രമുഖ ബ്രാന്‍ഡുകള്‍ പീത്‌സയുടെ വില പാതിയോളം കുറച്ചു. ടോസിന്‍, സൗത്ത് കൊറിയയുടെ ഗോ പിസ, ലിയോസ് പിസേറിയ, മോജോ പിസ, ഓവന്‍ സ്‌റ്റോറി, ലാ പിനോസ് തുടങ്ങിയ പുതിയ പല ബ്രാന്‍ഡുകളും ഇങ്ങോട്ട് എത്തിയതാണ് വില കുറച്ച് മത്സരിക്കാന്‍ കമ്പനികളെ പ്രേരിപ്പിച്ചത്. കൂടാതെ നിരവധി പ്രാദേശിക ബ്രാന്‍ഡുകളും മത്സരത്തിനായുണ്ട്.
ലാര്‍ജ് പിസ നിരക്കുകളില്‍ വന്‍ കുറവ് വരുത്തിയതായി ഡോമിനോസ് കഴിഞ്ഞയാഴ്ച ഉപയോക്താക്കള്‍ക്ക് സന്ദേശം അയച്ചിരുന്നു. ക്രിക്കറ്റ് വേള്‍ഡ് കപ്പ് ഓഫറായാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. വെജിറ്റേറിയന്‍ ലാര്‍ജ് പീത്‌സയുടെ വില 799 രൂപയില്‍ നിന്ന് 499 രൂപയാക്കിയപ്പോള്‍ നോണ്‍ വെജിറ്റേറിയന്‍ ലാര്‍ജ് പീത്‌സയുടെ വില 919 രൂപയില്‍ നിന്ന് 549ലേക്ക് കുറച്ചു. ഇതുകൂടാതെ ദിവസേനയുള്ള ഓഫറുകളും അവതരിപ്പിച്ചിട്ടുണ്ട്. 'ഹൗസാറ്റ്50' ഓഫര്‍ പ്രകാരം 50 ശതമാനം ഫ്‌ളാറ്റ് ഡിസ്‌കൗണ്ടുമുണ്ട്.
ഇന്ത്യയില്‍ ഡോമിനോസിന്റെ വിതരണക്കാരായ ജൂബിലന്റ് ഫുഡ്‌സിന് 1,800ഓളം സ്‌റ്റോറുകളാണുള്ളത്. ഇതുകൂടാതെ 21 ഡണ്‍കിന്‍ ഭക്ഷണശാലകളും 13 പോപേയ്‌സ് ഔട്ട്‌ലറ്റുകളും ജൂബിലന്റിനുണ്ട്.
വില കുറച്ചും പുതിയ ഉപയോക്താക്കളെ ആകര്‍ഷിച്ചും
കഴിഞ്ഞ മൂന്ന് പാദങ്ങളിലായി ക്യുക്ക് സര്‍വീസ് റസ്റ്ററന്റ് (QRS) ബ്രാന്‍ഡുകളായ ഡോമിനോസ്, ബര്‍ഗര്‍ കിംഗ്, പീത്‌സ ഹട്ട്, കെ.എഫ്.സി എന്നിവയെല്ലാം തന്നെ വില്‍പ്പനയില്‍ കുറവ് രേഖപ്പെടുത്തുന്നുണ്ട്. കടുത്ത മത്സരം മൂലം ജൂണ്‍ പാദത്തില്‍ ജൂബിലന്റ് ഫുഡ് വര്‍ക്‌സിന്റെ ലാഭം 74 ശതമാനം കുറഞ്ഞിരുന്നു.
വില്‍പ്പന കുറവ് പരിഹരിക്കാന്‍ വില കുറച്ചും കൂടുതല്‍ ഷോപ്പ് തുറന്നും പുതിയ ഉപഭോക്താക്കളെ ആകര്‍ഷിക്കാനുള്ള ശ്രമത്തിലാണ് പീത്‌സ ബ്രാന്‍ഡുകള്‍.
പീത്‌സ ഹട്ടിന്റെ ഉടമസ്ഥരായ യം ബ്രാന്‍ഡ്‌സ് (Yum Brand's) 10 ലക്ഷത്തില്‍ കൂടുതല്‍ ജനങ്ങളുള്ള സ്ഥലങ്ങളിലേക്ക് വിപണി വ്യാപിപ്പിക്കുന്നതിലാണ് ശ്രദ്ധയൂന്നുന്നത്. കൂടാതെ പീത്‌സ ഹട്ടിന്റെ പ്രധാന ആകര്‍ഷണമായ ഫ്‌ളേവര്‍ ഫണ്‍ റേഞ്ചിന്റെ വില 200 രൂപയില്‍ നിന്ന് 79 രൂപയാക്കുകയും ചെയ്തു. 45 ശതമാനം വരെയാണ് പീത്‌സ ഹട്ട് വിവിധ പീത്‌സകള്‍ക്ക് കിഴിവ് നല്‍കുന്നത്.
ബര്‍ഗര്‍ കിംഗിന്റെ ഉടമസ്ഥരായ കെ.എഫ്.സി കഴിഞ്ഞ ഏപ്രിലില്‍ 99 രൂപയുടെ പുതിയ വെറൈറ്റി അവതിപ്പിച്ചിരുന്നു. വാല്യു ഫോര്‍ മണി മീല്‍ വിഭാഗത്തിലാണ് 99 രൂപ മുതലുള്ള പീത്‌സ ലഭ്യമാക്കിയിട്ടുള്ളത്.
Read DhanamOnline in English
Subscribe to Dhanam Magazine