സ്റ്റുഡന്റ് വീസ നിയമങ്ങൾ കർശനമാക്കാൻ ട്രംപ് ഭരണകൂടം ഒരുങ്ങുന്നത് യുഎസില്‍ സാങ്കേതിക മേഖലകളിൽ വലിയ തോതിലുള്ള തൊഴിൽ പ്രതിസന്ധിക്ക് കാരണമാകുമെന്ന് മുന്നറിയിപ്പ്. അന്താരാഷ്ട്ര ബിരുദധാരികൾക്ക്, പ്രത്യേകിച്ച് ഇന്ത്യക്കാർക്ക്, പഠനത്തിന് ശേഷം യുഎസിൽ ജോലിയിൽ തുടരുന്നത് ഈ പരിഷ്കാരങ്ങൾ മൂലം പ്രയാസകരമാകുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പുളളത്. ഇതുമൂലം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), ടെക്നോളജി, എഞ്ചിനീയറിംഗ് മേഖലകളില്‍ യുഎസില്‍ വലിയ തൊഴില്‍ ക്ഷാമമുണ്ടാകുമന്നാണ് കരുതുന്നത്.
നിലവിലുള്ള 'ഡ്യൂറേഷൻ ഓഫ് സ്റ്റാറ്റസ്' (D/S) സമ്പ്രദായം ഒഴിവാക്കി, പകരം മിക്ക വിദ്യാർത്ഥികൾക്കും നാല് വർഷത്തെ നിശ്ചിത കാലാവധി ഏർപ്പെടുത്താനാണ് യുഎസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി (DHS) നിർദ്ദേശിച്ചിരിക്കുന്നത്. ഇതോടെ കാലാവധി നീട്ടുന്നതിനോ പഠനത്തോടൊപ്പമുള്ള ജോലിക്കോ (CPT), പഠനത്തിന് ശേഷമുള്ള ജോലിക്കോ (OPT) ഇനി യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസിന്റെ (USCIS) ഔദ്യോഗിക അനുമതി ആവശ്യമായി വരും. കൂടാതെ, എഫ്-1 വീസ കാലാവധി കഴിഞ്ഞുള്ള ഗ്രേസ് പിരീഡ് 60 ദിവസത്തിൽ നിന്ന് 30 ദിവസമായി കുറയ്ക്കാനും നിർദ്ദേശമുണ്ട്. ഇത് പുതിയ തൊഴിൽ കണ്ടെത്താനോ മറ്റ് വീസകൾക്ക് അപേക്ഷിക്കാനോ ഉള്ള സമയം ഗണ്യമായി പരിമിതപ്പെടുത്തും.
ഇന്ത്യൻ വിദ്യാർത്ഥികളെയാണ് ഈ മാറ്റം ഏറ്റവും കൂടുതൽ ബാധിക്കുക. എച്ച്-1ബി (H-1B) വീസ ലോട്ടറിയിൽ പരാജയപ്പെടുന്നവർ സാധാരണയായി ആശ്രയിക്കുന്ന 'ഡേ 1 സിപിടി' (Day 1 CPT) പ്രോഗ്രാമുകൾ ഇനി എളുപ്പമാകില്ല. എഐ, മെഷീൻ ലേണിംഗ്, സോഫ്റ്റ്‌വെയർ എഞ്ചിനീയറിംഗ്, ഡാറ്റ സയൻസ് തുടങ്ങിയ മേഖലകളിൽ ജോലി ചെയ്യുന്ന ആയിരക്കണക്കിന് ഇന്ത്യൻ പ്രൊഫഷണലുകൾ ഇതോടെ അനിശ്ചിതത്വത്തിലാകും.
യുഎസിലെ എഐ തൊഴിൽ വിപണിയിൽ ഭൂരിഭാഗവും വിദേശികളാണെന്നിരിക്കെ, ഈ മാറ്റം യുഎസ് കമ്പനികളെയും സാരമായി ബാധിക്കും. മികച്ച പ്രതിഭകളെ കണ്ടെത്താൻ കമ്പനികൾ ബുദ്ധിമുട്ടുകയും ഒ-1 (O-1) വീസ പോലുള്ള ഇതര മാർഗങ്ങൾ തേടേണ്ടി വരികയും ചെയ്യും. എഐ രംഗത്ത് ആഗോള നേതൃത്വം നിലനിർത്താൻ ശ്രമിക്കുന്ന യുഎസിന്, വിദഗ്ദ്ധരായ ആഗോള പ്രതിഭകളെ ലഭിക്കുന്നതിന് ഈ കർശന നിയമങ്ങൾ തടസമായേക്കാമെന്നാണ് വിലയിരുത്തല്‍.
Read DhanamOnline in English
Subscribe to Dhanam Magazine