2023-2024 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ 1,000 സ്‌ക്രീനുകള്‍ പ്രവര്‍ത്തിപ്പിക്കാനാണ് മള്‍ട്ടിപ്ലക്സ് ഓപ്പറേറ്റര്‍ പിവിആര്‍ (PVR) ലക്ഷ്യമിടുന്നതെന്ന് കമ്പനിയുടെ ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ സഞ്ജീവ് കുമാര്‍ ബിജിലി പറഞ്ഞു. ഇതിന്റെ ഭാഗമായി അടുത്ത 15 മാസത്തിനുള്ളില്‍ 100 സ്‌ക്രീനുകള്‍ കൂടി ഉള്‍പ്പെടുത്തും. ഇതിനായി ഏകദേശം 300 കോടി രൂപ നിക്ഷേപിക്കും. നിലവില്‍ കമ്പനി 900 സ്‌ക്രീനുകള്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ട്.
ഈ 100 സ്‌ക്രീനുകളില്‍ 30 സ്‌ക്രീനുകള്‍ നിലവിലെ പാദത്തില്‍ ചേര്‍ക്കുമെന്ന് അദ്ദേഹം പറഞ്ഞു. വിപുലീകരണത്തിന്റെ ഭാഗമായി കമ്പനി രാജ്യത്തിന്റെ തെക്ക്, കിഴക്ക് ഭാഗങ്ങളില്‍ ഉള്‍പ്പടെ പുതിയ നഗരങ്ങളിലേക്ക് പ്രവേശിക്കാനാണ് ലക്ഷ്യമിടുന്നത്. ഇന്ത്യയില്‍ മാത്രമല്ല ഒമ്പത് സ്‌ക്രീനുകളോടെ ശ്രീലങ്കയിലും പിവിആറിന് സാന്നിധ്യമുണ്ട്. പുതിയ പദ്ധതിയില്‍ ആഭ്യന്തര വിപുലീകരണത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയുള്ളു എന്നും വിദേശ വിപുലീകരണം ഇപ്പോള്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
2022 ഡിസംബറില്‍ ഇന്ത്യയില്‍ ആദ്യമായി ഐസ് തീയേറ്ററുകള്‍ (Ice Theaters Format) പിവിആര്‍ അവതരിപ്പിച്ചിരുന്നു. പ്രധാന സ്‌ക്രീന്‍ കൂടാതെ ഇരുവശങ്ങളിലും എല്‍ഇഡി പാനലുകള്‍ കൂടി ചേര്‍ന്ന ദൃശ്യ സംവിധാനം ആണ് ഐസ് തീയേറ്ററുകളുടെ പ്രത്യേകത.ഡല്‍ഹിയിലും ഗുരുഗ്രാമിലുമാണ് പിവിആര്‍ന്റെ ഐസ് തീയേറ്റര്‍ പ്രവര്‍ത്തനം തുടങ്ങിയത്.
കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 27 ന് പിവിആറും ഐനോക്‌സ് ലെഷറും ലയനം പ്രഖ്യാപിച്ചിരുന്നു. നടപ്പ് സാമ്പത്തിക വര്‍ഷം അവസാനത്തോടെ ഇതിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. ഈ ലയനത്തോടെ 1,600 സ്‌ക്രീനുകള്‍ പിവിആറിന് ഉണ്ടാകും. അതേസമയം നടപ്പ് സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ പിവിആര്‍ 71.23 കോടി രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്.
മൂന്നാം പാദം ബോക്സ് ഓഫീസില്‍ ഒരു ഉയിര്‍ത്തെഴുന്നേല്‍പ്പ് കാണുകയും ധാരാളം സിനിമകള്‍ ബോക്സ് ഓഫീസില്‍ മികച്ച പ്രകടനം നടത്തുകയും ചെയ്തു. അതുകൊണ്ട് തന്നെ മൂന്നാം പാദത്തില്‍ പ്രതീക്ഷിയുണ്ടെന്നും ഈയടുത്ത് പിവിആര്‍ പിക്ചേഴ്സ് സിഇഒ കമല്‍ ജിയാന്‍ചന്ദാനി പറഞ്ഞിരുന്നു. പുതിയ വിപുലീകരണ പദ്ധതി പൂര്‍ത്തീകരിക്കുന്നതോടെ കമ്പനിയുടെ വരുമാനം ഉയരുമെന്നാണ് പ്രതീക്ഷ.
Read DhanamOnline in English
Subscribe to Dhanam Magazine