crude price Image : Canva
Industry

ഖത്തറില്‍ ഉല്‍പ്പാദനം നിലച്ചു; പ്രകൃതിവാതക വിതരണം വെട്ടിക്കുറച്ചു, ഹോര്‍മൂസ് അടഞ്ഞാല്‍ ഇന്ത്യയ്ക്ക് മുന്നില്‍ വെറും 45 ദിവസം മാത്രം

ഇസ്രായേല്‍-അമേരിക്കന്‍ ആക്രമണങ്ങള്‍ക്ക് മറുപടിയായി ഇറാന്‍ ഗള്‍ഫ് മേഖലയില്‍ ആക്രമണം തുടരുന്ന പശ്ചാത്തലത്തിലാണ്‌ ഖത്തര്‍ എല്‍എന്‍ജി ഉല്‍പ്പാദനം നിര്‍ത്തിവെച്ചത്

Dhanam News Desk

ഖത്തര്‍ ദ്രവീകൃത പ്രകൃതി വാതക (LNG) ഉല്‍പാദനം ഖത്തര്‍ നിര്‍ത്തിവെച്ചതിനെത്തുടര്‍ന്ന് ഇന്ത്യയിലെ വിവിധ വ്യവസായങ്ങള്‍ക്കുള്ള ഗ്യാസ് വിതരണം വെട്ടിക്കുറച്ചതായി വ്യവസായ വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. പശ്ചിമേഷ്യയില്‍ വര്‍ധിച്ചുവരുന്ന സംഘര്‍ഷങ്ങള്‍ക്കിടയില്‍ വിതരണം ഇനിയും പരിമിതപ്പെടുമെന്ന കണക്കുകൂട്ടലിലാണ് കമ്പനികളുടെ ഈ നീക്കം. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള എണ്ണ, വാതക നീക്കം തടസപ്പെടുമെന്ന ആശങ്ക നിലനില്‍ക്കുന്നതിനിടെ തിങ്കളാഴ്ച രാത്രിയോടെയാണ് വിതരണം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട അറിയിപ്പ് ഔദ്യോഗികമായി നല്‍കിയത്.

ഖത്തറിലെ പ്രതിസന്ധി വിതരണത്തെ ബാധിക്കുന്നു

ഇസ്രായേല്‍-അമേരിക്കന്‍ ആക്രമണങ്ങള്‍ക്ക് മറുപടിയായി ഇറാന്‍ ഗള്‍ഫ് മേഖലയില്‍ ആക്രമണം തുടരുന്ന പശ്ചാത്തലത്തിലാണ്‌ ഖത്തര്‍ എല്‍എന്‍ജി ഉല്‍പ്പാദനം നിര്‍ത്തിവെച്ചത്. ലോകത്തിലെ നാലാമത്തെ വലിയ എല്‍എന്‍ജി ഉപഭോക്താവായ ഇന്ത്യ, മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള ഇറക്കുമതിയെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. അതുകൊണ്ട് തന്നെ ആ മേഖലയിലുണ്ടാകുന്ന ഏത് തടസവും ഇന്ത്യയിലെ ആഭ്യന്തര വിതരണത്തെ നേരിട്ട് ബാധിക്കും.

പ്രമുഖ ഗ്യാസ് മാര്‍ക്കറ്റിംഗ് കമ്പനിയായ ഗെയിലിനെയും (GAIL) മറ്റ് സ്ഥാപനങ്ങളെയും വിതരണം കുറയുന്നതിനെക്കുറിച്ച് പെട്രോനെറ്റ് എല്‍എന്‍ജി ലിമിറ്റഡ് (Petronet LNG Ltd) അറിയിച്ചു. ഇതിന് പിന്നാലെ ഗെയിലും (GAIL) ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും (IOC) ഉപഭോക്താക്കള്‍ക്ക് ഗ്യാസ് വിഹിതം കുറയ്ക്കുന്നത് സംബന്ധിച്ച അറിയിപ്പ് നല്‍കി.

വ്യവസായങ്ങള്‍ക്കുള്ള വിതരണത്തില്‍ 10 മുതല്‍ 30 ശതമാനം വരെ കുറവാണ് വരുത്തിയിരിക്കുന്നത്. നിലവിലുള്ള കരാറുകള്‍ പ്രകാരം വിതരണക്കാര്‍ പിഴ നേരിടാതിരിക്കാന്‍ 'മിനിമം ലിഫ്റ്റിംഗ് ക്വാണ്ടിറ്റി' അടിസ്ഥാനമാക്കിയാണ് വിഹിതം നിശ്ചയിച്ചിരിക്കുന്നത്.

വിതരണത്തിലെ കുറവ് പരിഹരിക്കുന്നതിനായി ഐഒസി, ഗെയില്‍, പെട്രോനെറ്റ് എല്‍എന്‍ജി എന്നീ കമ്പനികള്‍ അധിക എല്‍എന്‍ജി വാങ്ങുന്നതിനായി 'സ്‌പോട്ട് ടെന്‍ഡറുകള്‍' (Spot tenders) വിളിക്കാന്‍ പദ്ധതിയിടുന്നുണ്ട്. എന്നാല്‍ സ്‌പോട്ട് മാര്‍ക്കറ്റില്‍ നിന്ന് എല്‍എന്‍ജി വാങ്ങുന്നത് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കും. ഗള്‍ഫിലെ സംഘര്‍ഷവും ഷിപ്പിംഗ് റൂട്ടുകളിലെ തടസവും കാരണം എല്‍എന്‍ജി വിലയ്ക്കും കപ്പല്‍ കൂലിക്കും പുറമെ ഇന്‍ഷുറന്‍സ് തുകയിലും വലിയ വര്‍ധന ഉണ്ടായിട്ടുണ്ട്.

45 ദിവസത്തേക്കുള്ള കരുതല്‍

അതേസമയം, ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള എണ്ണനീക്കം തടസപ്പെട്ടാല്‍ നിലവിലുള്ള എണ്ണശേഖരംകൊണ്ട് ഏകദേശം 40-45 ദിവസത്തേക്ക് ഇന്ത്യയുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ മാത്രമാണ് സാധിക്കുകയെന്ന് ഊര്‍ജ്ജ വിപണി വിശകലന ഏജന്‍സിയായ 'കെപ്ലര്‍' (Kpler) വ്യക്തമാക്കുന്നു. ഇന്ത്യയുടെ പക്കല്‍ നിലവില്‍ ഏകദേശം 100 ദശലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ ശേഖരമാണുള്ളത്. ഇത് സംഭരണ ടാങ്കുകളിലും ഭൂഗര്‍ഭ തന്ത്രപ്രധാന ശേഖരങ്ങളിലും (Strategic Reserves) ഇന്ത്യയിലേക്ക് വരുന്ന കപ്പലുകളിലുമായാണ് സൂക്ഷിച്ചിരിക്കുന്നത്.

ഇന്ത്യയ്ക്ക് ആവശ്യമുള്ള അസംസ്‌കൃത എണ്ണയുടെ (പെട്രോള്‍, ഡീസല്‍ എന്നിവയുടെ അസംസ്‌കൃത വസ്തു) 88 ശതമാനവും ഇറക്കുമതി ചെയ്യുന്നതാണ്. ഇതില്‍ 50 ശതമാനത്തിലധികം വരുന്നത് മിഡില്‍ ഈസ്റ്റേണ്‍ രാജ്യങ്ങളില്‍ നിന്നാണ്. ഇറാന്‍ പ്രതിസന്ധിയെത്തുടര്‍ന്ന് തടസപ്പെട്ട ഹോര്‍മുസ് കടലിടുക്കിലൂടെയാണ് ഈ എണ്ണ ഇന്ത്യയിലേക്ക് എത്തുന്നത്.

വിതരണ തടസ്സത്തേക്കാള്‍ ഉപരിയായി പെട്ടെന്നുള്ള ആഘാതമുണ്ടാകുക വിലയിലായിരിക്കും. ഇറാന്‍ പ്രതിസന്ധിക്ക് ശേഷം ആഗോള വിപണിയില്‍ ബ്രെന്റ് ക്രൂഡ് ഓയില്‍ വില ബാരലിന് 80 ഡോളര്‍ കടന്നു (10 ശതമാനം വര്‍ദ്ധന). 2025 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ എണ്ണ ഇറക്കുമതിക്കായി 137 ബില്യണ്‍ ഡോളര്‍ ചെലവാക്കിയിരുന്നു. 2026 ഏപ്രില്‍ മുതല്‍ ജനുവരി വരെയുള്ള പത്തു മാസത്തിനുള്ളില്‍ തന്നെ 100.4 ബില്യണ്‍ ഡോളര്‍ ചിലവഴിച്ചു കഴിഞ്ഞു.

ബദല്‍ മാര്‍ഗങ്ങളും സര്‍ക്കാര്‍ നീക്കവും

മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള എണ്ണ കുറഞ്ഞാല്‍ പശ്ചിമാഫ്രിക്ക, ലാറ്റിന്‍ അമേരിക്ക, അമേരിക്ക എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യയ്ക്ക് എണ്ണ എത്തിക്കാം. കൂടാതെ റഷ്യന്‍ എണ്ണയും ഒരു പ്രധാന ബദലാണ്. അമേരിക്കയുമായുള്ള വ്യാപാര കരാറിന്റെ ഭാഗമായി റഷ്യന്‍ എണ്ണ വാങ്ങുന്നത് കുറയ്ക്കാന്‍ ഇന്ത്യ സമ്മതിച്ചിരുന്നുവെങ്കിലും, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് നയങ്ങള്‍ യുഎസ് സുപ്രീം കോടതി റദ്ദാക്കിയതോടെ ആ കരാര്‍ ഇപ്പോള്‍ അനിശ്ചിതത്വത്തിലാണ്. വില്‍ക്കപ്പെടാതെ കിടക്കുന്ന റഷ്യന്‍ എണ്ണ വേഗത്തില്‍ ഇന്ത്യയ്ക്ക് വാങ്ങാന്‍ സാധിക്കും.

സാഹചര്യം വഷളായാല്‍, ആഭ്യന്തര വിപണിയില്‍ ഇന്ധന ലഭ്യത ഉറപ്പാക്കാന്‍ ഡീസല്‍, ജെറ്റ് ഇന്ധനം തുടങ്ങിയവയുടെ കയറ്റുമതി കുറയ്ക്കാന്‍ സര്‍ക്കാര്‍ ശുപാര്‍ശ ചെയ്‌തേക്കാം. ലോകത്തിലെ തന്നെ ഏറ്റവും വലിയ പെട്രോളിയം ഉല്‍പ്പന്ന കയറ്റുമതി രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. കയറ്റുമതി വരുമാനം കുറഞ്ഞാലും ആഭ്യന്തര ഇന്ധന വിലയും ലഭ്യതയും നിലനിര്‍ത്തുന്നതിനായിരിക്കും സര്‍ക്കാര്‍ മുന്‍ഗണന നല്‍കുക.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT