Image courtesy: Canva
Industry

ഇന്ത്യയിലെ ക്വിക്ക് കൊമേഴ്‌സ് മേഖലയില്‍ തൊഴിലാളി ക്ഷാമം രൂക്ഷം; ഡെലിവറി ഒഴിവുകള്‍ 30% വരെ ഉയരുന്നു

ക്വിക്ക് കൊമേഴ്‌സ് കമ്പനികള്‍ ഡാർക്ക് സ്റ്റോർ ശൃംഖലകൾ വലിയ തോതില്‍ ആരംഭിക്കുന്നു

Dhanam News Desk

ഇന്ത്യയില്‍ ഈ മാസം (ഓഗസ്റ്റ്) മുതല്‍ ഉത്സവ സീസണ്‍ ആരംഭിക്കുകയാണ്. രക്ഷാബന്ധന്‍, ദീപാവലി, ഇ കൊമേഴ്സ് പ്ലാറ്റ്ഫോമുകളുടെ ഫ്ലാഷ്-സെയിൽ ഇവന്റുകൾ, ശൈത്യകാലത്തെ വിവാഹ സീസൺ തുടങ്ങിയവ നടക്കുന്നതിനാല്‍ വലിയ തരത്തിലുളള ഷോപ്പിംഗ് ആണ് ഈ കാലയളവില്‍ പ്രതീക്ഷിക്കുന്നത്. ഇതിനുളള മുന്നോടിയായി ഇ കൊമേഴ്സ് കമ്പനികള്‍ ഡെവിവറി ജീവനക്കാരുടെ എണ്ണം ഗണ്യമായി വര്‍ധിപ്പിക്കാനുളള ഒരുക്കത്തിലാണ്. ബ്ലിങ്കിറ്റ്, ഇൻസ്റ്റാമാർട്ട്, സെപ്‌റ്റോ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലെ ഒഴിവുകളുടെ നിരക്ക് ചില നഗരങ്ങളിൽ 30 ശതമാനം വരെ ഉയർന്നതായി റിക്രൂട്ടിംഗ് കമ്പനികള്‍ വ്യക്തമാക്കുന്നു.

വിപണി വികസിപ്പിക്കുന്നതിന്റെ ഭാഗമായി ക്വിക്ക് കൊമേഴ്‌സ് കമ്പനികള്‍ ഡാർക്ക് സ്റ്റോർ ശൃംഖലകൾ വലിയ തോതില്‍ ആരംഭിക്കുകയാണ്. ജൂൺ പാദത്തിൽ മാത്രം ബ്ലിങ്കിറ്റ് 243 പുതിയ സ്റ്റോറുകളാണ് കൂട്ടിച്ചേർത്തത്, ഇതോടെ അവരുടെ ആകെ സ്റ്റോറുകളുടെ എണ്ണം 1,544 ആയി. സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് 1,062 സ്റ്റോറുകൾ പ്രവർത്തിപ്പിക്കുന്നുണ്ട്. ഫ്ലിപ്കാർട്ട് മിനിറ്റ്സ്, ആമസോൺ നൗ തുടങ്ങിയ കമ്പനികൾ മുൻനിര മെട്രോകളിൽ തങ്ങളുടെ സാന്നിധ്യം ശക്തമാക്കിയിട്ടുണ്ട്. ഇത് ഈ മേഖലയില്‍ ജോലി അവസരങ്ങള്‍ വലിയ തോതില്‍ സൃഷ്ടിക്കുന്നു.

കഴിഞ്ഞ വർഷങ്ങളിൽ സെപ്റ്റംബർ പകുതിയോടെയാണ് ഉത്സവ സീസണോട് അനുബന്ധിച്ച നിയമനങ്ങൾ ആരംഭിച്ചതെങ്കില്‍, ഈ വർഷം ജൂലൈ മുതൽ തന്നെ ഇ കൊമേഴ്സ് കമ്പനികള്‍ ഡെലിവറി ജീവനക്കാരെ നിയമിക്കാന്‍ ആരംഭിച്ചിട്ടുണ്ട്. തൊഴിലാളി ക്ഷാമം എത്രത്തോളം രൂക്ഷമായിരിക്കുന്നു എന്നതിന്റെ സൂചനയായി ഇതിനെ കാണാവുന്നതാണ്.

പ്രോത്സാഹനവുമായി കമ്പനികള്‍

നിലവിലുളള തൊഴിലാളികൾ ജോലി ഉപേക്ഷിക്കുന്നതും ഈ മേഖല നേരിടുന്ന മറ്റൊരു പ്രതിസന്ധിയാണ്. വർദ്ധിച്ചുവരുന്ന ഇന്ധന വില, വർദ്ധിച്ചുവരുന്ന ശാരീരിക സമ്മർദ്ദം തുടങ്ങിയവ കാരണം നിരവധി ഗിഗ് തൊഴിലാളികൾ ജോലി ഉപേക്ഷിക്കുന്നു. ഇത് തടയുന്നതിനായി സ്ഥിരമായ വരുമാനം, ഹാജർ ബോണസ്, പീക്ക്-അവർ വേതനം തുടങ്ങിയവയും കമ്പനികള്‍ വാഗ്ദാനം ചെയ്യാന്‍ ആരംഭിച്ചിട്ടുണ്ട്. താൽക്കാലിക ജോലി എന്നതില്‍ നിന്ന് ഒരു ദീർഘകാല കരിയർ ഓപ്ഷനായി മാറ്റാന്‍ ജീവനക്കാരെ പ്രോത്സാഹിപ്പിക്കുന്ന നടപടികളിലാണ് കമ്പനികള്‍.

Quick commerce platforms in India face a worker shortage as delivery job vacancies surge by up to 30% ahead of the festive season.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT