Photo : Rajeev  Chandrasekhar / Twitter 
Industry

മൂണ്‍ലൈറ്റിംഗിനെ പിന്തുണച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍

രണ്ടാമതൊരു ജോലി കൂടി ചെയ്യുന്ന മൂണ്‍ലൈറ്റിംഗിന്റെ പേരില്‍ വിപ്രോ 300 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു

Dhanam News Desk

സ്ഥിര ജോലിക്ക് പുറമെ ആളുകള്‍ രണ്ടാമതൊരു ജോലി കൂടി ചെയ്യുന്ന മൂണ്‍ലൈറ്റിംഗ് രീതിയെ പിന്തുണച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. ഇന്നത്തെ ചെറുപ്പക്കാര്‍, സ്വന്തം കഴിവ് ഉപയോഗിച്ച് കൂടുതല്‍ പണം സമ്പാദിക്കാന്‍ ആഗ്രഹിക്കുന്നവരാണ്. അതിനുള്ള ആത്മവിശ്വാസവും ലക്ഷ്യബോധവുമുണ്ട്. ജീവനക്കാരുടെ സ്റ്റാര്‍ട്ടപ്പ് ശ്രമങ്ങളെ പിന്തിരിപ്പിക്കാനുള്ള കമ്പനികളുടെ ശ്രമങ്ങള്‍ പരാജയപ്പെടുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

മൂണ്‍ലൈറ്റിംഗിന്റെ പേരില്‍ പ്രമുഖ സോഫ്റ്റ്‌വെയര്‍ കമ്പനി വിപ്രോ 300 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. മൂണ്‍ലൈറ്റിംഗില്‍ ഏര്‍പ്പെടരുതെന്ന് കമ്പനി ജീവനക്കാരോട് ഇന്‍ഫോസിസും അറിയിച്ചിരുന്നു. അഭിഭാഷകരോ കണ്‍സള്‍ട്ടന്റുമരൊക്കെ ചെയ്യുന്നപോലെ ഒന്നിലധികം പ്രോജക്ടുകള്‍ ഒരേ സമയം ചെയ്യുന്ന രീതി വരുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഇതാണ് ജോലിയുടെ ഭാവിയെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ ജീവനക്കാര്‍ക്ക് രണ്ടാമതൊരു ജോലി കൂടി ചെയ്യാമെന്ന് അറിയിച്ച് ഫൂഡ് ഡെ ലിവറി പ്ലാറ്റ്‌ഫോം സ്വിഗ്ഗി മൂണ്‍ലൈറ്റിംഗ് പോളിസി അവതരിപ്പിച്ചിരുന്നു. ഇത്തരമൊരു പോളിസി കൊണ്ടുവരുന്ന മേഖലയിലെ ആദ്യ കമ്പനിയാണ് സ്വിഗ്ഗി. അതേ സമയം രണ്ട് ജോലികളില്‍ ഏര്‍പ്പെടുന്നത് ജീവനക്കാരുടെ കാര്യക്ഷമതയെ ബാധിക്കുമെന്നാണ് മൂണ്‍ലൈറ്റിംഗിനെ ഏതിര്‍ക്കുന്ന കമ്പനികളുടെ വാദം. കോവിഡ് ലോക്കഡൗണിന് ശേഷം സ്ഥിരം ചെയ്യുന്ന ജോലിക്ക് പുറമെ രണ്ടാമതൊരു വരുമാന മാര്‍ഗ്ഗം കൂടി കണ്ടെത്തുന്ന രീതി വ്യാപകമാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT