canva
Industry

അക്കൗണ്ടുകള്‍ ഉടന്‍ മരവിപ്പിക്കാന്‍ 'സ്റ്റോപ്പ് സ്വിച്ച്', അധിക സുരക്ഷയ്ക്ക് ടിപിഎം, ആര്‍.ബി.ഐയുടെ പുതിയ നിര്‍ദേശങ്ങള്‍ ഇങ്ങനെ

2027 ജൂലൈ 1 മുതല്‍ പുതിയ നിര്‍ദേശങ്ങള്‍ പ്രാബല്യത്തില്‍

Dhanam News Desk

ഓണ്‍ലൈന്‍ ബാങ്കിംഗ് തട്ടിപ്പുകള്‍ പെരുകുന്ന സാഹചര്യത്തില്‍ ഇടപാടുകാരുടെ പണത്തിന് കൂടുതല്‍ സുരക്ഷയൊരുക്കാന്‍ വിപ്ലവകരമായ നിര്‍ദേശങ്ങളുമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍.ബി.ഐ). അക്കൗണ്ടില്‍ നിന്ന് പണം നഷ്ടപ്പെടുന്നുവെന്ന് സംശയം തോന്നിയാലുടന്‍ ഡിജിറ്റല്‍ പേയ്‌മെന്റ് ചാനലുകള്‍ വഴിയുള്ള എല്ലാ ഇടപാടുകളും ഒറ്റ ക്ലിക്കില്‍ തടയാന്‍ കഴിയുന്ന 'സ്റ്റോപ്പ് സ്വിച്ച്' (Stop Switch) സംവിധാനം ബാങ്കുകള്‍ ലഭ്യമാക്കണമെന്നാണ് ആര്‍.ബി.ഐയുടെ കരട് നിര്‍ദേശം. 2027 ജൂലൈ 1 മുതലോ അല്ലെങ്കില്‍ ബാങ്കുകള്‍ തീരുമാനിക്കുന്ന അതിന് മുന്‍പുള്ള തീയതിയിലോ പുതിയ ചട്ടങ്ങള്‍ പ്രാബല്യത്തില്‍ വരും.

എന്താണ് 'സ്റ്റോപ്പ് സ്വിച്ച്'?

തട്ടിപ്പുകള്‍ നടന്ന ശേഷം ഉപഭോക്താവിന്റെ ബാധ്യത പരിമിതപ്പെടുത്തുന്നതിനപ്പുറം, തട്ടിപ്പ് മുന്‍കൂട്ടി തടയുന്നതിനുള്ള അധികാരം ഇടപാടുകാര്‍ക്ക് തന്നെ നല്‍കുകയാണ് ആര്‍.ബി.ഐ ലക്ഷ്യമിടുന്നത്. 'സ്റ്റോപ്പ് സ്വിച്ച്' പ്രവര്‍ത്തിപ്പിക്കുന്നതോടെ അക്കൗണ്ടില്‍ നിന്നുള്ള എല്ലാ പുറത്തേക്കുള്ള (Outward) ഭാവി ഡെബിറ്റുകളും ഉടനടി നിര്‍ത്തിവെക്കാനാകും.

അതേസമയം, മുന്‍കൂട്ടി നല്‍കിയിട്ടുള്ള റിക്കറിംഗ് പേയ്‌മെന്റ് മാന്‍ഡേറ്റുകള്‍, സ്റ്റാന്‍ഡിംഗ് ഇന്‍സ്ട്രക്ഷനുകള്‍, വായ്പാ തിരിച്ചടവുകള്‍ (EMI), ബാങ്ക് ചാര്‍ജുകള്‍ എന്നിവ ഈടാക്കുന്നതിനുള്ള ഇടപാടുകള്‍ക്ക് 'സ്റ്റോപ്പ് സ്വിച്ച്' ബാധകമായിരിക്കില്ല.

ഉയര്‍ന്ന തുകയ്ക്ക് 'വിശ്വസ്ത വ്യക്തിയുടെ' കാവല്‍

ഇടപാടുകാര്‍ നിശ്ചയിക്കുന്ന പരിധിക്ക് മുകളിലുള്ള ഫണ്ട് ട്രാന്‍സ്ഫറുകള്‍ക്ക് അധിക സുരക്ഷ നല്‍കുന്നതിനായി 'ട്രസ്റ്റഡ് പേഴ്സണ്‍ മെക്കാനിസം' (Trusted Person Mechanism - TPM) എന്ന സംവിധാനവും ബാങ്കുകള്‍ ഏര്‍പ്പെടുത്തണം.

  • ഉപഭോക്താവിന് വിശ്വസ്തനായ ഒരാളെ ഇതിനായി നോമിനേറ്റ് ചെയ്യാം.

  • നിശ്ചിത പരിധിക്ക് മുകളിലുള്ള ഇടപാട് നടക്കുമ്പോള്‍ തുക, പണം ലഭിക്കുന്നയാളുടെ പേര്, അക്കൗണ്ട് നമ്പര്‍, മൊബൈല്‍ നമ്പര്‍, ഇടപാടിന്റെ വിവരണം എന്നിവയടങ്ങിയ സന്ദേശം ഈ വിശ്വസ്ത വ്യക്തിക്ക് ലഭിക്കും.

  • സന്ദേശം ലഭിച്ച് ഒരു മണിക്കൂറിനുള്ളില്‍ ബാങ്ക് നിര്‍ദേശിക്കുന്ന രീതിയില്‍ ഇദ്ദേഹം അനുമതി നല്‍കിയാല്‍ മാത്രമേ പണം കൈമാറ്റം പൂര്‍ത്തിയാകൂ.

  • അനുമതി നിഷേധിക്കുകയോ ഒരു മണിക്കൂറിനുള്ളില്‍ പ്രതികരിക്കാതിരിക്കുകയോ ചെയ്താല്‍ ഇടപാട് റദ്ദാക്കപ്പെടും.

ഇടപാടുകാരന്റെയും വിശ്വസ്ത വ്യക്തിയുടെയും പൂര്‍ണ്ണ സമ്മതത്തോടെയുള്ള സ്വമേധയാ ഉള്ള സംവിധാനമാണിത്. ഇതിലൂടെ വിശ്വസ്ത വ്യക്തിക്ക് അക്കൗണ്ടില്‍ പ്രവേശനാനുമതിയോ ഇടപാടുകളില്‍ സാമ്പത്തിക ബാധ്യതയോ ഉണ്ടായിരിക്കില്ല. യു.പി.ഐ (UPI), മര്‍ച്ചന്റ് പേയ്‌മെന്റുകള്‍, ഇ-മാന്‍ഡേറ്റുകള്‍, NACH മാന്‍ഡേറ്റുകള്‍ എന്നിവയെ ഈ സംവിധാനത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ബാങ്കുകളുടെ വീഴ്ചകള്‍ക്ക് കര്‍ശന നിര്‍വചനം

തട്ടിപ്പുകളില്‍ ബാങ്കുകളുടെ ഭാഗത്തുനിന്നുണ്ടാകുന്ന വീഴ്ചകളെ ('Negligence by a bank') കൂടുതല്‍ വ്യക്തമായി നിര്‍വചിക്കാനും ആര്‍.ബി.ഐ തീരുമാനിച്ചു. ബാങ്ക് സംവിധാനങ്ങളിലെ തകരാറുകള്‍, സുരക്ഷാ വീഴ്ചകള്‍, ബാങ്ക് ജീവനക്കാരുടെയോ ബാങ്ക് ചുമതലപ്പെടുത്തിയ തേര്‍ഡ് പാര്‍ട്ടി ഏജന്‍സികളുടെയോ ഒത്താശയോടെ നടക്കുന്ന തട്ടിപ്പുകള്‍ എന്നിവ ബാങ്കിന്റെ അനാസ്ഥയായി കണക്കാക്കും. ഇത്തരം സാഹചര്യങ്ങളില്‍ ഉപഭോക്താവിന് പൂര്‍ണ്ണ സംരക്ഷണം ഉറപ്പാക്കുന്നതാണ് 'റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (കൊമേഴ്‌സ്യല്‍ ബാങ്ക്‌സ് - റെസ്‌പോണ്‍സിബിള്‍ ബിസിനസ് കണ്ടക്ട്) അഞ്ചാം ഭേദഗതി നിര്‍ദേശങ്ങള്‍, 2026'.

നാട്ടില്‍ ഒറ്റയ്ക്ക് താമസിക്കുന്ന മുതിര്‍ന്ന പൗരന്മാരെ ലക്ഷ്യമിട്ടുള്ള സൈബര്‍ തട്ടിപ്പുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ 'ട്രസ്റ്റഡ് പേഴ്സണ്‍ മെക്കാനിസം' ഏറെ പ്രയോജനകരമാണ്. മാതാപിതാക്കളുടെ അക്കൗണ്ടുകളില്‍ നിന്നുള്ള വലിയ ഇടപാടുകള്‍ക്ക് മക്കളെയോ വിശ്വസ്തരെയോ നോമിനേറ്റ് ചെയ്യുന്നതിലൂടെ വന്‍ തട്ടിപ്പുകള്‍ ഒഴിവാക്കാനാകും. കൂടാതെ, വിദേശത്തുള്ള പ്രവാസികള്‍ക്ക് അക്കൗണ്ടില്‍ അസ്വാഭാവിക ഇടപാടുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ 'സ്റ്റോപ്പ് സ്വിച്ച്' വഴി ഉടന്‍ പണം സുരക്ഷിതമാക്കാനും സാധിക്കും.

The Reserve Bank of India has introduced draft norms allowing bank customers to immediately freeze outward digital payments and nominate a trusted contact to approve high-value transfers starting July 1, 2027.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT