Image courtesy: Canva
Industry

അടുത്ത വർഷം മുതൽ പ്ലാസ്റ്റിക് നോട്ടുകൾ? വൻ പരിഷ്‌കാരത്തിനൊരുങ്ങി ആർബിഐ; ആഗോള ടെണ്ടർ ക്ഷണിച്ചു

ചൈനയ്ക്കും പാകിസ്ഥാനും കർശന വിലക്ക്; ആദ്യഘട്ടത്തിൽ രണ്ടു മൂല്യങ്ങളിലുള്ള നോട്ടുകൾ പരീക്ഷിച്ചേക്കും.

Dhanam News Desk

ഇന്ത്യയുടെ കറൻസി വിതരണ രംഗത്ത് വൻ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുന്നു. രാജ്യത്ത് അടുത്ത വർഷം മുതൽ പരീക്ഷണാടിസ്ഥാനത്തിൽ പോളിമർ നോട്ടുകൾ (പ്ലാസ്റ്റിക് നോട്ടുകൾ) അവതരിപ്പിക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ദീർഘകാലമായി ചർച്ചയിലുണ്ടായിരുന്ന ഈ പദ്ധതി കൂടുതൽ സുരക്ഷാ പരിഷ്‌കാരങ്ങളോടെ നടപ്പാക്കാനാണ് കേന്ദ്ര ബാങ്കിന്റെ പുതിയ നീക്കം.

പോളിമർ ബാങ്ക് നോട്ടുകൾ അച്ചടിക്കുന്നതിനായി, അത്യാധുനിക സുരക്ഷാ ഫീച്ചറുകൾ ഉൾപ്പെടുത്തിയ പോളിമർ സബ്സ്ട്രേറ്റ് ഷീറ്റുകൾ (polymer substrate sheets) വിതരണം ചെയ്യാൻ താല്പര്യമുള്ള ആഗോള നിർമ്മാതാക്കളിൽ നിന്ന് റിസർവ് ബാങ്കിന്റെ കറൻസി അച്ചടി വിഭാഗം താല്പര്യപത്രം (EoI) ക്ഷണിച്ചു.

ചൈനയ്ക്കും പാകിസ്ഥാനും വിലക്ക്

ഭാരതീയ റിസർവ് ബാങ്ക് നോട്ട് മുദ്രൺ (BRBNMPL), യോഗ്യരായ തദ്ദേശീയ-അന്തർദ്ദേശീയ നിർമ്മാതാക്കളോട് ആഗസ്റ്റ് 18-നകം ടെണ്ടറുകൾ സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. പങ്കാളികളാകുന്ന നിർമ്മാതാക്കൾക്ക് കടുത്ത സുരക്ഷാ നിബന്ധനകളാണ് ആർബിഐ മുന്നോട്ട് വെച്ചിട്ടുള്ളത്.

കരാറിൽ ഏർപ്പെടുന്ന കമ്പനികൾക്ക് കേന്ദ്ര സർക്കാർ തലത്തിലുള്ള സുരക്ഷാ അനുമതി നിർബന്ധമാണ്. ചൈന, പാകിസ്ഥാൻ എന്നീ രാജ്യങ്ങളുമായി യാതൊരുവിധ ബിസിനസ് പ്രവർത്തനങ്ങളും ഈ കരാറുമായി ബന്ധപ്പെട്ട് ഉണ്ടാകാൻ പാടില്ല. അസംസ്‌കൃത വസ്തുക്കൾ ഈ രാജ്യങ്ങളിൽ നിന്ന് സംഭരിക്കാനും അനുവാദമില്ല.

ഇന്ത്യക്കായി തയ്യാറാക്കുന്ന ഈ പ്രത്യേക സബ്സ്ട്രേറ്റ് മറ്റ് രാജ്യങ്ങൾക്ക് കൈമാറാൻ പാടില്ല. വിവിധ രാജ്യങ്ങളുടെ കേന്ദ്ര ബാങ്കുകൾക്ക് സുരക്ഷാ ഫീച്ചറുകളുള്ള പോളിമർ നോട്ടുകൾ വിതരണം ചെയ്ത് പരിചയമുള്ള കമ്പനികൾക്ക് മാത്രമേ ടെണ്ടറിൽ പങ്കെടുക്കാനാകൂ.

ഏത് മൂല്യത്തിലുള്ള (denominations) നോട്ടുകളാണ് അച്ചടിക്കാൻ ഉദ്ദേശിക്കുന്നതെന്നോ പദ്ധതിയുടെ കൃത്യമായ സമയപരിധി എന്താണെന്നോ ടെണ്ടറിൽ വ്യക്തമാക്കിയിട്ടില്ല. എങ്കിലും തുടക്കത്തിൽ രണ്ട് വ്യത്യസ്ത മൂല്യങ്ങളിലുള്ള നോട്ടുകൾക്കായി ഏകദേശം 68,000 റീം (ഒരു മൂല്യത്തിന് 34,000 റീം വീതം) സബ്സ്ട്രേറ്റ് ഷീറ്റുകളാണ് ആർബിഐ ആവശ്യപ്പെട്ടിരിക്കുന്നത്.

എന്താണ് പോളിമർ നോട്ടുകൾ?

കഴിഞ്ഞ ഒരു നൂറ്റാണ്ടോളമായി പണം അച്ചടിക്കുന്നതിനായി പ്രത്യേക തരം പേപ്പറുകളെയാണ് ആർബിഐ ആശ്രയിക്കുന്നത്. ഇതിൽ നിന്നുള്ള വൻ മാറ്റമാകും പോളിമർ നോട്ടുകൾ. ദൃഢതയേറിയ പ്ലാസ്റ്റിക് ഫിലിം ഉപയോഗിച്ച് നിർമ്മിക്കുന്ന പോളിമർ നോട്ടുകൾക്ക് തേയ്മാനത്തെ പ്രതിരോധിക്കാനുള്ള ശേഷി കൂടുതലാണ്. ഇവ പേപ്പർ നോട്ടുകളേക്കാൾ കൂടുതൽ കാലം ഈടുനിൽക്കുകയും ചെയ്യും. 1988-ൽ ഓസ്ട്രേലിയയിലാണ് പോളിമർ നോട്ടുകൾ ആദ്യമായി അവതരിപ്പിച്ചത്; നിലവിൽ അൻപതിലധികം രാജ്യങ്ങളിൽ ഇവ പ്രചാരത്തിലുണ്ട്.

നേരത്തെ 10 രൂപയുടെ പ്ലാസ്റ്റിക് നോട്ടുകൾ ചില നഗരങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ അവതരിപ്പിക്കാൻ ആർബിഐ തീരുമാനിച്ചിരുന്നു. കൊച്ചി ഉൾപ്പെടെയുള്ള രാജ്യത്തെ അഞ്ച് നഗരങ്ങളിലായിരുന്നു ഈ പരീക്ഷണ പദ്ധതി വിഭാവനം ചെയ്തിരുന്നത്. എന്നാൽ സാങ്കേതിക കാരണങ്ങളാലും കോവിഡ് പ്രതിസന്ധിയാലും ഇത് നീണ്ടുപോവുകയായിരുന്നു. നിലവിൽ ഓസ്ട്രേലിയ, യുകെ, കാനഡ തുടങ്ങിയ രാജ്യങ്ങളിലെ പ്ലാസ്റ്റിക് നോട്ട് പരീക്ഷണം വൻ വിജയമായ പശ്ചാത്തലത്തിലാണ് ആർബിഐ ഈ പദ്ധതിക്ക് പുതിയ വേഗത നൽകുന്നത്.

ഡിജിറ്റൽ യുഗത്തിലും പണത്തിന് പ്രിയം; അച്ചടിച്ചെലവ് കുറഞ്ഞു

കറൻസി അച്ചടിക്കേണ്ട ആവശ്യം കുറഞ്ഞതുമൂലം, 2025-26 വർഷത്തിൽ നോട്ട് അച്ചടി ചെലവ് നാലിലൊന്നായി (ഏകദേശം 25%) കുറഞ്ഞ് 4,875 കോടി രൂപയിലെത്തിയതായി ആർബിഐയുടെ വാർഷിക റിപ്പോർട്ട് വ്യക്തമാക്കുന്നു. എന്നാൽ വിപണിയിൽ കറൻസിക്കുള്ള ഡിമാൻഡ് ശക്തമായി തുടരുകയാണ്.

പ്രചാരത്തിലുള്ള കറൻസിയുടെ മൂല്യം മുൻവർഷത്തെ 36.86 ലക്ഷം കോടി രൂപയിൽ നിന്ന് 2026 മാർച്ച് അവസാനത്തോടെ 12% വർധനയോടെ 41.23 ലക്ഷം കോടി രൂപയായി ഉയർന്നു. വിപണിയിലുള്ള മൊത്തം കറൻസി മൂല്യത്തിന്റെ 86 ശതമാനവും (35.27 ലക്ഷം കോടി രൂപ) 500 രൂപ നോട്ടുകളാണ്. മൊത്തം നോട്ടുകളുടെ എണ്ണത്തിൽ 41 ശതമാനവും (700 കോടിയിലധികം നോട്ടുകൾ) 500 രൂപയുടേതാണ്.

ഡിജിറ്റൽ പേയ്‌മെന്റുകൾ അതിവേഗം ജനപ്രിയമാകുന്നുണ്ടെങ്കിലും പണത്തിന്റെ ഉപയോഗം ശക്തമായി തുടരുന്നുവെന്ന് വ്യക്തമാക്കിക്കൊണ്ട്, കറൻസി-ജിഡിപി അനുപാതം (currency-to-GDP ratio) മുൻവർഷത്തെ 11.7 ശതമാനത്തിൽ നിന്ന് 2026 മാർച്ച് അവസാനത്തോടെ 12.1 ശതമാനമായി ഉയർന്നു.

വെല്ലുവിളികൾ, എടിഎം മെഷീനുകളടക്കം മാറണം

പ്ലാസ്റ്റിക് നോട്ടുകളിലേക്ക് മാറുമ്പോൾ രാജ്യത്തെ എടിഎം മെഷീനുകളിലും കൗണ്ടിംഗ് മെഷീനുകളിലും വലിയ മാറ്റങ്ങൾ വരുത്തേണ്ടി വരും. പ്ലാസ്റ്റിക് നോട്ടുകളുടെ മടക്കുകളുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്‌നങ്ങളും മുൻപ് ചർച്ചയായിരുന്നു. ഇവ പരിഹരിച്ചുകൊണ്ട് ഘട്ടംഘട്ടമായി പുതിയ നോട്ടുകൾ വിപണിയിലെത്തിക്കാനാണ് ആർബിഐയുടെ ആലോചന.

The Reserve Bank of India is fast-tracking its plan to introduce durable polymer (plastic) bank notes on a trial basis, inviting global bids for security-embedded substrate sheets.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT