വിദേശ ഉപഭോക്താക്കളില്‍ നിന്നോ സ്ഥാപനങ്ങളില്‍ നിന്നോ പ്രതിഫലമായി ഡോളറിലോ മറ്റ് വിദേശ നാണയങ്ങളിലോ വരുമാനം നേടുന്ന ഫ്രീലാന്‍സര്‍മാര്‍, യൂട്യൂബര്‍മാര്‍, ഡിജിറ്റല്‍ ഇന്‍ഫ്‌ളുവന്‍സര്‍മാര്‍, കണ്‍സള്‍ട്ടന്റുമാര്‍, ഏജന്‍സികള്‍ എന്നിവരെ ലക്ഷ്യമിട്ട് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍.ബി.ഐ) പുതിയ നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നു. 'ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് (എക്‌സ്‌പോര്‍ട്ട് ആന്‍ഡ് ഇംപോര്‍ട്ട് ഓഫ് ഗുഡ്‌സ് ആന്‍ഡ് സര്‍വീസസ്) റെഗുലേഷന്‍സ്, 2026' ഒക്ടോബര്‍ 1 മുതല്‍ നിലവില്‍ വന്നു.
പുതിയ ചട്ടപ്രകാരം വിദേശത്തേക്ക് സേവനങ്ങള്‍ നല്‍കുന്ന വ്യക്തികളും സ്ഥാപനങ്ങളും അവര്‍ നല്‍കിയ സേവനത്തിന്റെ പൂര്‍ണ മൂല്യം വ്യക്തമാക്കുന്ന 'എക്‌സ്‌പോര്‍ട്ട് ഡിക്ലറേഷന്‍ ഫോം' (EDF) ബാങ്കുകളില്‍ സമര്‍പ്പിക്കണം.
ഇന്ത്യയില്‍ നിന്ന് വിദേശ രാജ്യങ്ങളിലേക്ക് സേവനങ്ങള്‍ നല്‍കി വരുമാനം കണ്ടെത്തുന്ന എല്ലാവര്‍ക്കും ഈ നിയമം ബാധകമാണ്.
യൂട്യൂബ് ആഡ്‌സെന്‍സ് (YouTube AdSense), അപ്‌വര്‍ക്ക് (Upwork), ഫൈവര്‍ (Fiverr), മെറ്റ (Meta) തുടങ്ങിയ പ്ലാറ്റ്ഫോമുകള്‍ വഴി അന്താരാഷ്ട്ര ഉപഭോക്താക്കളില്‍ നിന്ന് പ്രതിഫലം കൈപ്പറ്റുന്നവര്‍.
സ്വതന്ത്ര സര്‍വീസ് ദാതാക്കള്‍ (Freelancers), കണ്‍സള്‍ട്ടന്റുമാര്‍, വിദേശ പ്രോജക്ടുകള്‍ ചെയ്യുന്ന ഏജന്‍സികള്‍.
സോഫ്റ്റ്വെയര്‍ ഇതര സേവനങ്ങള്‍ നല്‍കി വിദേശ നാണയം വരുമാനമായി ലഭിക്കുന്ന എല്ലാവര്‍ക്കും ഈ റിപ്പോര്‍ട്ടിംഗ് നിര്‍ബന്ധമാണ്.
ഒരു മാസത്തില്‍ ഒന്നോ അതിലധികമോ വിദേശ ക്ലയന്റുകള്‍ക്കായി സേവനം നല്‍കിയിട്ടുണ്ടെങ്കില്‍, ആ മാസത്തെ എല്ലാ കയറ്റുമതി സേവനങ്ങളും ഉള്‍പ്പെടുത്തി ഒറ്റ ഇഡിഎഫ് (Single EDF) സമര്‍പ്പിച്ചാല്‍ മതിയാകും.
ഇന്‍വോയ്‌സ് നല്‍കിയ മാസം അവസാനിച്ച് 30 ദിവസത്തിനുള്ളില്‍ ഫോം ബാങ്കില്‍ സമര്‍പ്പിക്കണം. ഉദാഹരണത്തിന്, 2026 ഒക്ടോബര്‍ മാസത്തിലെ ഇന്‍വോയ്‌സുകള്‍ക്കുള്ള ഇഡിഎഫ് ഡിക്ലറേഷന്‍ 2026 നവംബര്‍ 30-നകം നല്‍കണം.
സോഫ്റ്റ്വെയര്‍ ഇതര സേവനങ്ങള്‍ ചെയ്യുന്നവര്‍ പണം സ്വീകരിക്കുന്ന അതത് ഓതറൈസ്ഡ് ഡീലര്‍ (AD) ബാങ്കുകളിലാണ് ഫോം നല്‍കേണ്ടത്.
ബാങ്കുകള്‍ ഈ വിവരങ്ങള്‍ 5 പ്രവൃത്തിദിവസത്തിനകം 'എക്സ്പോര്‍ട്ട് ഡാറ്റ പ്രോസസിംഗ് ആന്‍ഡ് മോണിറ്ററിംഗ് സിസ്റ്റത്തില്‍' (EDPMS) രേഖപ്പെടുത്തും.
പുതിയ മാനദണ്ഡപ്രകാരം സേവനം നല്‍കിയതിന്റെ ഇന്‍വോയ്‌സ് തീയതി മുതല്‍ 9 മാസത്തിനകം പൂര്‍ണ തുകയും ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കേണ്ടതുണ്ട്. ഏതെങ്കിലും കാരണവശാല്‍ ഇഡിഎഫ് സമര്‍പ്പിക്കാന്‍ വൈകുകയാണെങ്കില്‍, ബോധ്യപ്പെടുന്ന കാരണങ്ങള്‍ കാണിച്ച് ബാങ്കിന് അപേക്ഷ നല്‍കിയാല്‍ ബാങ്കുകള്‍ക്ക് തന്നെ സമയപരിധി നീട്ടിനല്‍കാന്‍ അധികാരമുണ്ടാകും.
ഫ്രീലാന്‍സിംഗ്, കണ്ടന്റ് ക്രിയേഷന്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, ഐ.ടി ഇതര സേവന മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ലക്ഷക്കണക്കിന് മലയാളി യുവാക്കള്‍ക്ക് ഈ നിര്‍ദേശം നേരിട്ട് ബാധകമാകും. വര്‍ക്ക് ഫ്രം ഹോം രീതിയിലും അല്ലാതെയും വിദേശ ക്ലയന്റുകളെ മാത്രം ആശ്രയിച്ച് വരുമാനം നേടുന്ന കേരളത്തിലെ പ്രൊഫഷണലുകളും ഇനി മുതല്‍ ബാങ്ക് അക്കൗണ്ടുകളില്‍ വരുന്ന വിദേശ പേയ്മെന്റുകള്‍ക്ക് കൃത്യമായി ഇഡിഎഫ് സമര്‍പ്പിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.
Reserve Bank of India mandates Export Declaration Form (EDF) for freelancers and digital creators earning foreign currency starting October 1, 2026.
Read DhanamOnline in English
Subscribe to Dhanam Magazine