apartments Canva
Real Estate

ഒരു കോടിയൊന്നും ഒരു വിലയല്ല!; അപ്പാര്‍ട്ട്‌മെന്റ് വിപണിയില്‍ പ്രീമിയം തരംഗം; 5 കോടി ചെലവിടുന്നവരും കൂടുന്നു

ഒരു കോടി രൂപക്ക് മുകളിലുള്ള വിഭാഗത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇരട്ടിയിലധികം ലോഞ്ചിംഗ് നടന്നതായി ജെഎല്‍എല്‍ പഠനത്തില്‍ പറയുന്നു

Dhanam News Desk

ഇന്ത്യന്‍ അപ്പാര്‍ട്ട്‌മെന്റ് വിപണിയില്‍ ഇപ്പോള്‍ പ്രീമിയം തരംഗമാണെന്ന് സര്‍വെ റിപ്പോര്‍ട്ടില്‍ നിന്നുള്ള സൂചനകള്‍. ഒരു കോടി രൂപക്ക് മുകളില്‍ വിലയുള്ള ഫ്‌ളാറ്റുകള്‍ക്ക് ആവശ്യക്കാര്‍ കൂടുമ്പോള്‍ അഞ്ചു കോടി വരെ ചെലവിടുന്നവരുടെ എണ്ണത്തിലും വര്‍ധനയാണുള്ളത്. കണ്‍സള്‍ട്ടസി സ്ഥാപനമായ ജെഎല്‍എല്‍ (JLL) നടത്തിയ പഠനത്തിലാണ് ഇന്ത്യന്‍ നഗരങ്ങളിലെ പുതിയ റിയല്‍ എസ്റ്റേറ്റ് ട്രെന്‍ഡുകളുള്ളത്. ഈ വര്‍ഷത്തെ ആദ്യത്തെ ആറ് മാസത്തെ കണക്കുകള്‍ പ്രകാരം 62 ശതമാനം വില്‍പ്പനയും നടന്നത് ഒരു കോടി രൂപക്ക് മുകളില്‍ വിലയുള്ള അപ്പാര്‍ട്ട്‌മെന്റുകളാണ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 11 ശതമാനം വര്‍ധന.

പ്രീമിയം അപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് ഡിമാന്റ് കൂടി

മൂന്ന് മുതല്‍ അഞ്ച് കോടി രൂപ വരെ വിലയുള്ള അപ്പാര്‍ട്ട്‌മെന്റുകളുടെ വില്‍പ്പനയില്‍ 14 ശതമാനം വര്‍ധനയുണ്ടായി. അഞ്ചു കോടിക്ക് മുകളിലുള്ളവയില്‍ എട്ട് ശതമാനവും. അതേസമയം ഒരു കോടി രൂപക്ക് താഴെയുള്ള ഫ്‌ളാറ്റുകളുടെ വില്‍പ്പന 49 ശതമാനത്തില്‍ നിന്ന് 38 ശതമാനത്തിലേക്ക് താഴ്ന്നു. മൊത്തം അപ്പാര്‍ട്ട്‌മെന്റുകളുടെ വില്‍പ്പനയില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കുറവ് വന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 13 ശതമാനമാണ് ഇടിഞ്ഞത്. 1,34,776 യൂണിറ്റുകളാണ് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇന്ത്യയില്‍ വിറ്റത്. ലക്ഷ്വറി അപ്പാര്‍ട്ട്‌മെന്റുകളുടെ ഡിമാന്റ് വര്‍ധിക്കുന്നത് ആളുകളുടെ ജീവിതരീതിയില്‍ വരുന്ന മാറ്റത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് ജെഎല്‍എല്‍ റിസര്‍ച്ച് മേധാവി സാമന്ത ദാസ് ചൂണ്ടിക്കാട്ടുന്നു

വര്‍ധിക്കുന്ന നിര്‍മാണ ചെലവ്

അതേസമയം, വര്‍ധിക്കുന്ന നിര്‍മാണ ചെലവുകളാണ് അപ്പാര്‍ട്ട്‌മെന്റുകളുടെ വില ഇത്രയധികം വര്‍ധിക്കാന്‍ കാരണമാകുന്നതെന്ന് ഡെലവപ്പര്‍മാര്‍ പറയുന്നു. രാജ്യത്തെ ഒട്ടുമിക്ക നഗരങ്ങളിലും ഒരു കോടിയില്‍ താഴെയുള്ള അപ്പാര്‍ട്ട്‌മെന്റുകള്‍ നിര്‍മിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. നഗരങ്ങളില്‍ അപ്പാര്‍ട്ട്‌മെന്റുകളുടെ വിലയില്‍ ഒരു വര്‍ഷത്തിനിടെ അഞ്ച് മുതല്‍ 17 ശതമാനം വരെ വര്‍ധനയുണ്ടായിട്ടുണ്ട്.

പുതിയ പ്രൊജക്ടുകള്‍ ലോഞ്ച് ചെയ്യുന്നതില്‍ കുറവ് വന്നിട്ടുണ്ടെങ്കിലും ഒരു കോടി രൂപക്ക് മുകളിലുള്ള വിഭാഗത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇരട്ടിയിലധികം ലോഞ്ചിംഗ് നടന്നതായി ജെഎല്‍എല്‍ പഠനത്തില്‍ പറയുന്നു. കൊല്‍ക്കത്ത, ചെന്നൈ, ബംഗളൂരു എന്നീ നഗരങ്ങളിലാണ് കൂടുതല്‍ പുതിയ പ്രോജക്ടുകള്‍ ലോഞ്ച് ചെയ്തത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT