Real Estate

കോവിഡ് ഭൂമിവില കൂട്ടിയോ കുറച്ചോ? സ്ഥലക്കച്ചവടക്കാര്‍ പറയുന്നത് ഇങ്ങനെ

ചെറിയ ഭൂമികളുടെ വില്‍പ്പന മാത്രമാണ് സംസ്ഥാനത്ത് നടക്കുന്നത്

Ibrahim Badsha

കോവിഡ് മഹാമാരി പല രംഗങ്ങളെയും പല തരത്തിലാണ് ബാധിച്ചത്. ഭൂരിഭാഗം പേര്‍ക്കും കോവിഡ് പ്രതിസന്ധിയായി മാറിയപ്പോള്‍ പലരും അതൊരു അവസരമായി കണ്ടു. സമാനമായി തിരിച്ചടി നേരിടുകയാണ് സംസ്ഥാനത്തെ ഭൂമിക്കച്ചവടക്കാരും. പല മേഖലകള്‍ക്കും ഒന്നാം തരംഗത്തിന് ശേഷം നേരിയ തോതിലെങ്കിലും കരകയറാന്‍ സാധിച്ചിട്ടില്ലെങ്കിലും ഭൂമിക്കച്ചവടം സ്തംഭനാവസ്ഥയിലാണെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു.

''നേരത്തെ, കോവിഡിന് മുന്‍പ് ഭൂമിക്കച്ചവടം സജീവമായിരുന്നു. ഗള്‍ഫ് പ്രവാസികളടക്കമുള്ളവര്‍ സ്ഥലം വാങ്ങിയിടുന്നതും ബില്‍ഡിംഗുകള്‍ കെട്ടിപ്പൊക്കുന്നതും ഒരു നിക്ഷേപ മാര്‍ഗമായായിരുന്നു കരുതിയിരുന്നത്. എന്നാല്‍ കോവിഡിന് ശേഷം സ്ഥല വില്‍പ്പന പാടെ സ്തംഭിച്ചവാസ്ഥയിലാണ്'' സ്മാള്‍ സ്‌കെയില്‍ ബില്‍ഡിംഗ് ഓണേഴ്‌സ് അസോസിയേഷന്‍ രക്ഷാധികാരി ഷെവലിയാര്‍ സി.ഇ ചാക്കുണ്ണി പറയുന്നതിങ്ങനെയാണ്.

അതേസമയം ഭൂമിവില്‍പ്പന പാടെ കുറഞ്ഞുവെങ്കിലും വലിയ തോതിലുള്ള വിലക്കുറവ് ഈ മേഖലയിലുണ്ടായിട്ടില്ല. ഭൂമിവില ഉയരുകയോ താഴുകയോ ചെയ്യാതെ നിശ്ചലമായ സ്ഥിതിയിലാണെന്ന് റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ 20 വര്‍ഷത്തോളമായി പ്രവര്‍ത്തിക്കുന്ന കണ്ണൂരിലെ ശിരാമന്‍ പറയുന്നു.

''പൊതുവായി ഭൂമിവിലയില്‍ വ്യതിയാനങ്ങളുണ്ടായിട്ടില്ല. കോവിഡിന് മുമ്പുണ്ടായിരുന്ന വില തന്നെയാണ് ഇപ്പോഴും തുടരുന്നത്. എങ്കിലും പ്രയാസപ്പെടുന്ന ചുരുക്കമാളുകള്‍ സ്ഥലത്തിന് വില കുറച്ച് വില്‍പ്പന നടത്താന്‍ തയാറാവുന്നുണ്ട്. അവര്‍ക്ക് പ്രതിസന്ധിയില്‍നിന്ന് കരകയറാനുള്ള അവസരമായി കാണുന്നത് കൊണ്ടാണ്. മാത്രമല്ല, വലിയ രീതിയിലുള്ള ഭൂമി വില്‍പ്പന ഇപ്പോള്‍ നടക്കുന്നില്ല. ഭൂമി നിര്‍മാണത്തിനും മറ്റുമായുള്ള 5-10 സെന്റുകളുടെ ചെറിയ ചെറിയ വില്‍പ്പനകള്‍ മാത്രമാണ് നടക്കുന്നത്'' ശിവരാമന്‍ പറയുന്നു.

വായ്പകള്‍ക്ക് പഴയ ഈട് പോര

നേരത്തെ വായ്പകളെടുക്കാന്‍ ഈടുകളായി സമര്‍പ്പിച്ചിരുന്ന ഭൂമികള്‍ക്ക് ലഭിച്ചിരുന്ന വാല്യു ഇപ്പോഴില്ലെന്നാണ് ചാക്കുണ്ണി പറയുന്നത്. നിലവില്‍ വായ്പ ലഭിക്കണമെങ്കില്‍ പണ്ടത്തേക്കാള്‍ കൂടുതലായി ഭൂമി ഈടായി നല്‍കേണ്ടി വരും. മുന്‍പ് വായ്പയെടുത്തവരില്‍ ചിലര്‍ വര്‍ഷാവര്‍ഷങ്ങളില്‍ പുതുക്കുകയായിരുന്നു പതിവ്. ഇത്തരത്തിലുള്ള വായ്പാതുക പലിശയും പിഴപ്പലിശയും കൂടി സ്ഥലത്തിന്റെ വിലയേക്കാള്‍ ഉയര്‍ന്ന നിലയിലെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഈടായി നല്‍കിയ ഭൂമി ലേലത്തില്‍ വെച്ചാല്‍ വായ്പാ തുക പോലും ലഭിക്കില്ല' ചാക്കുണ്ണി പറയുന്നു.

നോട്ട് നിരോധനം വന്നതിന് പിന്നാലെ സംസ്ഥാനത്തെ ഭൂമിക്കച്ചവടത്തില്‍ വന്‍ ഇടിവുണ്ടായിട്ടുണ്ട്. ഇതിന് പിന്നാലെ വന്ന പ്രളയവും മറ്റ് ദുരന്തങ്ങളും ഈ മേഖലയെ പാടെ തകര്‍ത്തിരിക്കുകയാണെന്നും ചാക്കുണ്ണി പറയുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT