ദുബായിലെ റിയൽ എസ്റ്റേറ്റ് മേഖലയിൽ തരംഗം സൃഷ്ടിച്ച്, ബോളിവുഡ് സൂപ്പർസ്റ്റാർ ഷാരൂഖ് ഖാന്റെ പേരിൽ നിർമ്മിക്കുന്ന വാണിജ്യ ടവറായ 'ഷാരൂഖ്സ് ബൈ ഡാന്യൂബ്' (SHAHRUKHZ by Danube) പൂർണമായും വിറ്റുതീർന്നു. ദുബായ് ആസ്ഥാനമായ ഡാന്യൂബ് ഗ്രൂപ്പ് അവതരിപ്പിച്ച ലാൻഡ്മാർക്ക് പ്രോജക്റ്റ് 5,000 കോടി രൂപയിലധികം (ഏകദേശം AED 2.1 ബില്യൺ) വരുമാനം നേടി.
ഷെയ്ഖ് സായിദ് റോഡിലാണ് 10 ലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള പ്രീമിയം വാണിജ്യ ടവർ ഡാന്യൂബ് പ്രോപ്പർട്ടീസ് നിർമ്മിക്കുന്നത്. ടവറിൻ്റെ മൊത്തം നിർമ്മാണച്ചെലവ് ഏകദേശം 3,500 കോടി രൂപയാണ്. ടവറിൻ്റെ മുഴുവൻ യൂണിറ്റുകളും വിറ്റുപോയ വിവരം ഡാന്യൂബ് ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ റിസ്‌വാൻ സാജൻ അറിയിച്ചു. ചടങ്ങില്‍ ഷാരൂഖ് ഖാനും പങ്കെടുത്തു.
വലിയൊരു പദ്ധതിക്ക് തൻ്റെ പേര് നൽകിയത് ബഹുമതിയായി കരുതുന്നതായി ഷാരൂഖ് ഖാൻ പ്രതികരിച്ചു. ധൈര്യത്തിലും ഭാവനയിലും അസാധ്യമായതൊന്നുമില്ല എന്ന വിശ്വാസത്തില്‍ കെട്ടിപ്പടുത്ത നഗരമാണ് ദുബായിയെന്നും ഷാരൂഖ് പറഞ്ഞു.
ഗ്രേഡ് എ ഓഫീസുകൾക്ക് ദുബായിൽ വലിയ ഡിമാൻഡാണ് ഉള്ളത്. ഈ പ്രോജക്റ്റ് ദുബായിലെ ഏറ്റവും അഭിമാനകരമായ ബിസിനസ് ലാൻഡ്മാർക്കുകളിൽ ഒന്നായി മാറുമെന്നാണ് ഡാന്യൂബ് ഗ്രൂപ്പിന്റെ പ്രതീക്ഷ. 55 നിലകളുള്ള ഈ ടവർ 2029 ഓടെ പൂർത്തിയാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
റാസൽഖൈമയിലെ ഡാന ദ്വീപില്‍ റെസിഡൻഷ്യൽ ടവറുകൾ ഉൾക്കൊള്ളുന്ന 6.3 ദശലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള എസ്ആർകെ ബൊളിവാർഡ് പദ്ധതി താരം 2007 ല്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ നിർത്തിവെച്ചിരുന്നു. ഷാരൂഖ് ഖാൻ്റെ പേരിൽ കൂടുതൽ ടവറുകളും പുതിയ വിജയത്തിന്റെ പശ്ചാത്തലത്തിൽ വരാൻ സാധ്യതയുണ്ട്.
Dubai tower ‘SHAHRUKHZ by Danube’ named after bollywood star Shahrukh Khan sells out for ₹5,000 crore, setting a new benchmark in real estate.
Read DhanamOnline in English
Subscribe to Dhanam Magazine