Real Estate

റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് ആശ്വാസം; കോവിഡിനിടയിലും വില്‍പ്പന 29 ശതമാനം കൂടിയെന്ന് റിപ്പോര്‍ട്ട്

രാജ്യത്തെ ഏഴ് പ്രധാന നഗരങ്ങളില്‍ ജനുവരി-മാര്‍ച്ച് കാലയളവില്‍ വിറ്റുപോയത് അരലക്ഷത്തിലേറെ വീടുകള്‍, വിലയിലും വര്‍ധന

Dhanam News Desk

കോവിഡിന് ശേഷം റിയല്‍ എസ്‌റ്റേറ്റ് മേഖലയ്ക്ക് ആവേശം പകരുന്ന വാര്‍ത്തയുമായി മെട്രോ നഗരങ്ങള്‍. രാജ്യത്തെ പ്രധാന ഏഴ് നഗരങ്ങളില്‍ കലണ്ടര്‍ വര്‍ഷത്തെ ആദ്യ മൂന്നു മാസങ്ങളില്‍ വില്‍പ്പനയില്‍ 29 ശതമാനം വര്‍ധനയുണ്ടായെന്ന് റിപ്പോര്‍ട്ട്. മഹാരാഷ്ട്രയിലടക്കം ചില സംസ്ഥാനങ്ങളില്‍ സ്റ്റാമ്പ് ഡ്യൂട്ടിയില്‍ ഇളവ് വരുത്തിയതും ബില്‍ഡര്‍മാര്‍ ഡിസ്‌കൗണ്ട് അനുവദിച്ചതും ഭവന വായ്പ നിരക്ക് കുറഞ്ഞതുമെല്ലാം വില്‍പ്പന കൂടാന്‍ കാരണമായതായി പറയുന്നു. അനറോക്ക് പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്റ്‌സ് തയാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. ജനുവരി മുതല്‍ മാര്‍ച്ച് വരെ 58290 വീടൂകള്‍ രാജ്യത്തെ പ്രധാന ഏഴ് നഗരങ്ങളില്‍ വിറ്റുപോയതായാണ് കണക്ക്. 2020 ല്‍ ഇതേ കാലയളവില്‍ 45200 വീടുകളാണ് വിറ്റുപോയിരുന്നത്. പുതിയ പ്രോജക്റ്റുകളുടെ എണ്ണത്തിനും ഈ വര്‍ഷം മൂന്നു മാസത്തിനിടെ 51 ശതമാനം വര്‍ധനയുണ്ടായി.

ജനുവരി-മാര്‍ച്ച് കാലയളവില്‍ ബംഗളൂര്‍, മുംബൈ, നാഷണല്‍ കാപിറ്റല്‍ റീജ്യണ്‍, പൂന എന്നിവയിലാണ് വില്‍പ്പനയുടെ 83 ശതമാനം നടന്നിരിക്കുന്നത്. ബംഗളൂരില്‍ 8670 വീടുകളാണ് വിറ്റുപോയിരിക്കുന്നത്. കൊല്‍ക്കൊത്ത ഒഴികെയുള്ള ബാക്കി നഗരങ്ങളില്‍ 1-2 ശതമാനം വില വര്‍ധിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ബംഗളൂര്‍, നാഷണല്‍ കാപിറ്റല്‍ റീജ്യണ്‍ എന്നിവിടങ്ങളില്‍ രണ്ടു ശതമാനം വര്‍ധനയാണ് വിലയില്‍ ഇക്കാലയളവില്‍ ഉണ്ടായിരിക്കുന്നത്.

വി്ല്‍പ്പനയിലും പുതിയ പദ്ധതികള്‍ അവതരിപ്പിക്കുന്നതിലും ഹൈദരാബാദാണ് മുന്നില്‍. മുംബൈയില്‍ 46 ശതമാനവും പൂനയില്‍ 47 ശതമാനവും വര്‍ധന ഉണ്ടായിട്ടുണ്ട്. ചൈന്നൈയില്‍ 30 ശതമാനം വര്‍ധനയാണുണ്ടായത്. 2850 യൂണിറ്റുകളാണ് ഇവിടെ മൂന്നു മാസത്തിനിടെ വിറ്റുപോയത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT