canva
Real Estate

വിറ്റതില്‍ പകുതി വീടുകളുടെയും വില ഒരു കോടിയില്‍ കൂടുതല്‍, വാങ്ങാന്‍ ആളില്ലാതെ 5 ലക്ഷം വീടുകള്‍, റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പ്രീമിയം തരംഗം

രാജ്യത്തെ പ്രമുഖ നഗരങ്ങളിലെ വീടുകളുടെ വില വര്‍ധിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു

Dhanam News Desk

രാജ്യത്തെ പ്രമുഖ എട്ട് നഗരങ്ങളില്‍ നടപ്പുകലണ്ടര്‍ വര്‍ഷത്തിലെ മൂന്നാം പാദത്തില്‍ (ജൂലൈ-സെപ്റ്റംബര്‍) 87,603 വീടുകള്‍ വിറ്റതായി റിപ്പോര്‍ട്ട്. മുന്‍വര്‍ഷത്തെ സമാന കാലയളവിനെ അപേക്ഷിച്ച് ഒരു ശതമാനം വര്‍ധന. പ്രീമിയം വീടുകളുടെ ഡിമാന്‍ഡ് വര്‍ധിച്ചതായും നൈറ്റ് ഫ്രാങ്ക് ഇന്ത്യ റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്ത് ആകെ വില്‍ക്കപ്പെടുന്ന വീടുകളില്‍ 52 ശതമാനം വീടുകളുടെയും വില ഒരു കോടി രൂപക്ക് മുകളിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ കാലയളവില്‍ രാജ്യത്തെ പ്രമുഖ നഗരങ്ങളിലെ വീടുകളുടെ വില വര്‍ധിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഡല്‍ഹി എന്‍.സി.ആറിലെ വില 19 ശതമാനവും ബംഗളൂരുവില്‍ 15 ശമാനവും ഹൈദരാബാദില്‍ 13 ശതമാനവും വില വര്‍ധിച്ചു. വില്‍പ്പനയില്‍ ഇക്കുറിയും മുംബൈ തന്നെയാണ് മുന്നില്‍. ആകെ 24,706 യൂണിറ്റുകളാണ് ഇവിടെ വിറ്റത്. ആകെ വില്‍പ്പനയുടെ 28 ശതമാനം. വില്‍പ്പന വളര്‍ച്ചയില്‍ ചെന്നൈ നഗരമാണ് മുന്നിലെത്തിയത്. 12 ശതമാനമാണ് ഇവിടെ വില്‍പ്പന വളര്‍ന്നത്. കൊവിഡ് മഹാമാരിക്ക് ശേഷമുള്ള ഏറ്റവും മികച്ച വളര്‍ച്ച. ഡല്‍ഹി എന്‍.സി.ആറില്‍ 12,955 യൂണിറ്റുകളും ബംഗളൂരുവില്‍ 14,538 യൂണിറ്റുകളും വിറ്റു. എന്നാല്‍ പൂനെയിലെ വില്‍പ്പനയില്‍ 8 ശതമാനം കുറവുണ്ടായെന്നും റിപ്പോര്‍ട്ട് പറയുന്നു.

പ്രീമിയം വീടുകളോട് പ്രിയം

ഇന്ത്യന്‍ റിയല്‍ എസ്റ്റേറ്റ് മേഖല തുടര്‍ച്ചയായ അഞ്ചാമത്തെ വര്‍ഷവും വളര്‍ച്ചയുടെ പാതയിലാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഉപയോക്താക്കളുടെ ഡിമാന്‍ഡ് വര്‍ധിച്ചതും മെച്ചപ്പെട്ട വായ്പാ ഓപ്ഷനുകള്‍ അവതരിപ്പിച്ചതുമാണ് വളര്‍ച്ചക്ക് ആക്കം കൂട്ടുന്നത്. മുന്‍വര്‍ഷങ്ങളില്‍ ആകെ വില്‍ക്കപ്പെടുന്ന വീടുകളില്‍ 46 ശതമാനമാണ് ഒരു കോടി രൂപക്ക് മുകളില്‍ വിലയുണ്ടായിരുന്നത്. എന്നാല്‍ ഇക്കുറിയിത് 52 ശതമാനമായി വര്‍ധിച്ചു.

എന്നാല്‍ ഒരു കോടി രൂപക്ക് താഴെ വിലയുള്ള വീടുകളുടെ ഡിമാന്‍ഡ് കുറഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ആളുകളുടെ താത്പര്യം കൂടുതല്‍ സൗകര്യങ്ങളുള്ള വലിയ വീടുകളിലേക്ക് മാറിയെന്നാണ് വിലയിരുത്തല്‍. കൂടാതെ 10-20 കോടി രൂപ വിലയുള്ള വീടുകളുടെ വില്‍പ്പനയില്‍ 170 ശതമാനം വര്‍ധനയുണ്ടായെന്നും റിപ്പോര്‍ട്ട് പറയുന്നു. മെട്രോ നഗരങ്ങളില്‍ അള്‍ട്രാ പ്രീമിയം വീടുകള്‍ വാങ്ങുന്നവരുടെ എണ്ണം വര്‍ധിച്ചതിന്റെ സൂചനയാണിത്.

വിറ്റുപോകാന്‍ 5 ലക്ഷം വീടുകള്‍

മികച്ച വില്‍പ്പന നടന്നെങ്കിലും രാജ്യത്ത് ഇനിയും 5,06,429 യൂണിറ്റുകള്‍ ഇനിയും ബാക്കിയുണ്ടെന്നും റിപ്പോര്‍ട്ടില്‍ തുടരുന്നു. ഉയര്‍ന്ന വിലയുള്ള വീടുകളാണ് ഇവയിലേറെയും. 2-5 കോടി രൂപ വരെയുള്ള വീടുകളുടെ സ്റ്റോക്ക് 47 ശതമാനം വര്‍ധിച്ചു. 20-50 കോടി രൂപ വരെയുള്ള വീടുകളുടെ എണ്ണം 19 ശതമാനം കൂടിയെന്നും റിപ്പോര്‍ട്ട് വിശദീകരിക്കുന്നു. പുതിയ പ്രോജക്ടുകള്‍ ലോഞ്ച് ചെയ്യുന്നതും ചില മേഖലകളില്‍ ഇനിയും കാര്യമായ വളര്‍ച്ചയില്ലാത്തതുമാണ് സ്‌റ്റോക്ക് വര്‍ധിക്കാന്‍ കാരണമെന്നാണ് വിലയിരുത്തല്‍.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT