Riyad city Image courtesy: Canva
Real Estate

ടാറ്റ മുതല്‍ ഒബ്റോയ് വരെ; സൗദിയില്‍ നിക്ഷേപമിറക്കുന്നത് 3,000 ഇന്ത്യന്‍ കമ്പനികള്‍

റിയാദിനടുത്ത് ഉയരുന്നത് 6,300 കോടി ഡോളറിന്റെ പുതിയ നഗരം

Dhanam News Desk

വിദേശ നിക്ഷേപത്തെ പ്രോല്‍സാഹിപ്പിക്കുന്ന നയം സൗദി അറേബ്യ സര്‍ക്കാര്‍ സജീവമാക്കിയതോടെ ഇന്ത്യയുള്‍പ്പടെ നിരവധി രാജ്യങ്ങളില്‍ നിന്ന് എത്തുന്നത് വലിയ നിക്ഷേപങ്ങള്‍. കഴിഞ്ഞ ഒന്നര പതിറ്റാണ്ടോളമായി സൗദി സര്‍ക്കാരിന്റെ വ്യവസായ, നിക്ഷേപക നയങ്ങളിലുണ്ടായ മാറ്റമാണ് കൂടുതല്‍ വിദേശ നിക്ഷേപകരെ ആകര്‍ഷിക്കുന്നത്. തൊഴില്‍ മേഖലയില്‍ സ്വദേശി വല്‍ക്കരണം വ്യാപകമാക്കുകയും വ്യവസായ നിര്‍മാണ മേഖലകളില്‍ വിദേശ കമ്പനികളെ സ്വീകരിക്കുകയും ചെയ്യുകയെന്നതാണ് ഇപ്പോള്‍ സൗദിയുടെ വ്യവസായ തന്ത്രം. നിലവില്‍ 3,000 ഇന്ത്യന്‍ കമ്പനികള്‍ സൗദിയില്‍ വിവിധ മേഖലകളിലായി നിക്ഷേപങ്ങള്‍ നടത്തിയതായാണ് സൗദി വ്യവസായ വകുപ്പിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. പരമ്പരാഗത എണ്ണ ഖനനമേഖലകള്‍ക്ക് പുറമെ, കെട്ടിട നിര്‍മാണം, ഐടി, ഊര്‍ജം, ടൂറിസം തുടങ്ങിയ വിവിധ മേഖലകളില്‍ ഇന്ത്യന്‍ കമ്പനികള്‍ സജീവമാണ്. തലസ്ഥാനമായ റിയാദിനടുത്ത് നിര്‍മിക്കുന്ന ദിരിയ സിറ്റി പ്രോജക്ടില്‍ ഇന്ത്യന്‍ കമ്പനികള്‍ സജീവമായി പങ്കാളികളാകുന്നതായി പ്രൊജക്ടിന്റെ സിഇഒ ജെറി ഇന്‍സെറില പറയുന്നു.

ടാജ് ഹോട്ടല്‍സിന്റെ 250-ാം പ്രൊജക്ട്

പ്രമുഖ ഇന്ത്യന്‍ കമ്പനിയായ ടാജ് ഹോട്ടല്‍സിന്റെ 250-ാമത്തെ ഹോട്ടല്‍ പ്രൊജക്ട് ദിരിയ സിറ്റിയിലാണ് വരുന്നതെന്ന് ജെറി ഇന്‍സെറില പറഞ്ഞു. ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി ലിമിറ്റഡ് സൗദിയില്‍ നിരവധി ഹോട്ടല്‍ പ്രോജക്ടുകള്‍ക്ക് തയ്യാറെടുക്കുന്നുണ്ട്. ഒബ്റോയ് ഹോട്ടല്‍സ് ദിരിയ സിറ്റിയില്‍ പുതിയ പ്രോജക്ടിന് കരാര്‍ ഒപ്പുവെച്ചു. റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഹെല്‍ത്ത് കെയര്‍, ഹോസ്പിറ്റാലിറ്റി മേഖലകളില്‍ നിരവധി ഇന്ത്യന്‍ കമ്പനികള്‍ ദിരിയയില്‍ നിക്ഷേപമിറക്കാന്‍ മുന്നോട്ടു വന്നിട്ടുണ്ട്. ടൂറിസം മേഖലയിലെ വളര്‍ച്ചയാണ് കമ്പനികളെ സൗദിയിലേക്ക് ആകര്‍ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നിന്ന് 15 ലക്ഷം ടൂറിസ്റ്റുകള്‍ സൗദിയിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ എത്തിയതായാണ് കണക്ക്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 50 ശതമാനം വര്‍ധനയുണ്ടായി. സൗദി സര്‍ക്കാരിന്റെ 2030 വികസന പദ്ധതിയിലെ കണക്കു കൂട്ടലുകള്‍ അനുസരിച്ച് അഞ്ചു വര്‍ഷം കഴിയുമ്പോള്‍ ഇന്ത്യയില്‍ നിന്നുള്ള ടൂറിസ്റ്റുകളുടെ എണ്ണം പ്രതിവര്‍ഷം 75 ലക്ഷമായി വര്‍ധിക്കും. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഇന്ത്യയും സൗദിയും തമ്മിലുള്ള വ്യോമഗതാഗതത്തില്‍ 30 ശതമാനം വര്‍ധനയുണ്ടായിട്ടുണ്ട്. 12 ഇന്ത്യന്‍ നഗരങ്ങളിലേക്കാണ് സൗദിയില്‍ നിന്ന് ഇപ്പോള്‍ നേരിട്ട് വിമാനങ്ങള്‍ ഉള്ളത്.

ഉയരുന്നത് ലക്ഷ്വറി നഗരം

ഭൂമിയുടെ നഗരം എന്ന് പേരിട്ട ദിരിയ സിറ്റി, സൗദി അറേബ്യയിലെ ഏറ്റവും ലക്ഷ്വറി ഇടമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 1 ലക്ഷം റെഡിസന്‍ഷ്യല്‍ യൂണിറ്റികളാണ് ഇവിടെ ആസൂത്രണം ചെയ്യുന്നത്. ഇതില്‍ 40 ലക്ഷ്വറി ഹോട്ടലുകള്‍ ഉണ്ടാകും. 1 ലക്ഷം പ്രൊഫഷണലുകള്‍ ജോലി ചെയ്യുന്ന തൊഴില്‍മേഖല പ്രത്യേകമായി ആസൂത്രണം ചെയ്തിട്ടുണ്ട്. 1,000 ഷോപ്പുകള്‍, 150 റസ്റ്റോറന്റുകള്‍, ഓപ്പറ ഹൗസ്, മ്യൂസിയം, ഗോള്‍ഫ് കോഴ്‌സ്, 20,000 പേര്‍ക്ക് ഇരിക്കാവുന്ന ഈവന്റ് അറീന തുടങ്ങിയ സൗകര്യങ്ങളുണ്ടാകും. സൗദി രാജകുടുംബത്തിന്റെ ജന്മസ്ഥലമെന്ന നിലയില്‍ സൗദി സര്‍ക്കാരിന് ഏറെ പ്രധാനപ്പെട്ട മേഖലയാണ് ദിരിയ. 6,300 കോടി ഡോളറിന്റെ (5.5 ലക്ഷം കോടി രൂപ) വികസന പദ്ധതികളാണ് ദിരിയയില്‍ സൗദി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT