Real Estate

റിയല്‍ എസ്‌റ്റേറ്റ് മേഖല കരകയറാന്‍ മാസങ്ങളെടുക്കും

Dhanam News Desk

നോട്ടു നിരോധനം മുതല്‍ പ്രതിസന്ധിയിലായ റിയല്‍ എസ്‌റ്റേറ്റ് മേഖല കോവിഡ് 19 ന്റെ വ്യാപനത്തെ തുടര്‍ന്ന് വീണ്ടും തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുന്നു. ഈ സ്ഥിതി തുടര്‍ന്നാല്‍ ഈ മേഖല കരകയറാന്‍ വര്‍ഷങ്ങള്‍ തന്നെയെടുത്തേക്കാമെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്.

ബില്‍ഡേഴ്‌സിന് അവരുടെ പ്രോജക്ടുകള്‍ മുന്നോട്ടു കൊണ്ടു പോകാന്‍ വളരയെധികം കഷ്ടപ്പെടേണ്ടി വരുന്ന അവസ്ഥയാണ് നിലവിലുള്ളത്.

ബുക്കിംഗ് ആയ കച്ചവടങ്ങള്‍ പോലും ഇപ്പോള്‍ നടക്കുന്നില്ല.

വാങ്ങാന്‍ വിദേശ മലയാളികളില്ല

കേരളത്തിലെ അപ്പാര്‍ട്ടുമെന്റുകളുടെ 75 ശതമാനത്തോളവും വില്‍പ്പന നടക്കുന്നത് മിഡില്‍ ഈസ്റ്റിലാണ്. എണ്ണ വില കുറഞ്ഞതോടെ ഗള്‍ഫ് രാജ്യങ്ങളെല്ലാം തന്നെ വളരെ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. അതിനൊപ്പമാണ് കോവിഡിന്റെ വ്യാപനവും. യുഎസ്, യുകെ, ഇറ്റലി തുടങ്ങി വിദേശ മലയാളികള്‍ കൂടുതലുള്ള രാജ്യങ്ങളെല്ലാം തന്നെ കോവിഡ 19 ഭീതിയിലാണ്. അതുകൊണ്ടു തന്നെ വിദേശ മലയാളികള്‍ പലരും ജോലി തന്നെ നഷ്ടമാകുമെന്ന അവസ്ഥയിലുമാണ്. ഈ സാഹര്യത്തില്‍ നാട്ടില്‍ ഫ്‌ളാറ്റോ സ്ഥലമോ വാങ്ങിയിടുന്നതിന് അവര്‍ താല്‍പ്പര്യം കാണിക്കുന്നില്ല. ഇതും കേരളത്തിലെ റിയല്‍ എസ്‌റ്റേറ്റ് മേഖലയെ വീണ്ടും ബുദ്ധിമുട്ടിലാക്കും. കോവിഡ് വ്യാപനത്തിന്റെ പരിണിത ഫലം ഇനിയും പ്രവിക്കാനാകാത്തതും പ്രതിസന്ധിയുടെ ആഴം കൂട്ടുന്നുണ്ട്. ദുബായ് കേന്ദ്രീകരിച്ചാണ് തങ്ങളുടെ അപ്പാര്‍ട്ട്‌മെന്റ്് വില്‍പ്പനയുടെ 65 ശതമാനവും നടക്കുന്നതെന്നാണ് കേരളത്തിലെ ഒരു പ്രമുഖ ബില്‍ഡര്‍ പറയുന്നത്. ഈ വര്‍ഷം ഇതു വരെ ഒറ്റ പ്രോജക്ടു പോലും ഇദ്ദേഹത്തിന്റെ കമ്പനിക്ക് വിറ്റഴിക്കാനായിട്ടില്ല.

സാഹര്യം ഇങ്ങനെ തുടരുന്നതിനാല്‍ എന്തായിരിക്കും ഈ മേഖലയുടെ അവസ്ഥയെന്ന് പറയാനാകില്ലെന്നാണ് എസി സിറ്റി പ്രോപ്പര്‍ട്ടീസിന്റെ സാരഥി എ.സി ജോസഫ് പറയുന്നത്.

''സ്ഥിതിഗതികള്‍ ഒന്നു ഭേദമാകുമ്പോള്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് എന്തെങ്കിലും നടപടികളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനു ശേഷം മാത്രമേ എന്തെങ്കിലും ഒരു തീരുമാനമെടുക്കാന്‍ സാധിക്കു. വളരെ ബുദ്ധിമുട്ടേറിയ കാലത്തിലൂടെയാണ് പോകുന്നത്. മൂന്നോളം പ്രോജക്ടുകളാണ് ഞങ്ങളുടേതായുള്ളത്. ഇതെല്ലാം നിര്‍മാണത്തിന്റെ പല ഘട്ടത്തിലാണ്. ഇപ്പോള്‍ അന്യ സംസ്ഥാന ജീവനക്കാരെയെല്ലാം ശമ്പളവും താമസവും നല്‍കി ഇവിടെ തന്നെ നിര്‍ത്തിയിട്ടുണ്ട്. ഇത് എത്ര കാലം ഇങ്ങനെ തുടരേണ്ടി വരുമെന്നറിയില്ല.'' എ.സി ജോസഫ് പറയുന്നു.

വില കുറച്ചു വില്‍ക്കേണ്ടി വരും

നേരത്തെ ഒരു ബില്‍ഡര്‍ 10 ഫ്‌ളാറ്റുകള്‍ വരെ ഒരു മാസം വില്‍ക്കുമായിരുന്നു. ഇപ്പോള്‍ ഒരു ഫ്‌ളാറ്റുപോലും വില്‍ക്കാനാകുന്നില്ല. എന്നാല്‍ ലെവുകളെല്ലാം അതുപോലെ തുടരുന്നുമുണ്ട്. യൂട്ടിലിറ്റി ബില്ലുകള്‍, ശമ്പളം, ജീവനക്കാരുടെ താമസം തുടങ്ങിയ ചെലവുകള്‍ എന്നിവ ഇപ്പോഴും നല്‍കേണ്ടി വരുന്നു. അതു മറികടക്കാന്‍ പലരും ശമ്പളം കുറയ്ക്കുകയും ജീവനക്കാരെ വെട്ടിക്കുറയ്ക്കുകയും ചെയ്യുന്നുണ്ട്. പലരും പുതിയ പ്രോജക്ടുകളൊന്നും പ്രഖ്യാപിക്കുന്നില്ല.   വായ്പ തിരിച്ചടവിനു മൂന്നു മാസത്തെ കാലതാമസം ലഭിക്കുമെങ്കിലും ബാധ്യത അങ്ങനെ തന്നെ തുടരും.

അതേ സമയം കണ്‍സ്ട്രക്ഷന്‍ ചെലവുകള്‍ ഇപ്പോഴും ഉയര്‍ന്നു തന്നെ നില്‍ക്കുന്ന സ്ഥിതിയാണ്. മണല്‍, കല്ല്, സിമന്റ്, കമ്പി തുടങ്ങിയ സാമഗ്രികളുടെയൊന്നും വില കുറഞ്ഞിട്ടില്ല.  ഫ്‌ളാറ്റകള്‍ വിറ്റു പോകാത്ത സാഹര്യത്തില്‍ പ്രോജക്ട് ഫണ്ടിനെ ആശ്രയിക്കുന്ന ബില്‍ഡര്‍മാരെല്ലാം വലിയ ബാധ്യതകളിലേക്കാണ് പോകുന്നത്. വാങ്ങാന്‍ ആവശ്യക്കാരുണ്ടെങ്കില്‍ വില കുറച്ച് വില്‍ക്കേണ്ടി വരും. അല്ലാതെ പിടിച്ചു നില്‍ക്കാന്‍ പല ബില്‍ഡര്‍മാര്‍ക്കും സാധിക്കില്ല.

എത്ര ശുഭാപ്തി വിശ്വാസത്തോടെ ചിന്തിച്ചാലും ഈ മേഖല തിരിച്ചു വരാന്‍ ആറഉ മുതല്‍ ഒമ്പതു മാസം വരെയെടുക്കുമെന്നാണ് അബാദ് ബില്‍ഡേഴ്‌സിന്റെ മാനേജിംഗ് ഡയറക്ടറും ക്രെഡായ് കേരളയുടെ മുന്‍ ചെയര്‍മാനുമായ നജീബ് സക്കറിയ പറയുന്നത്. ടിയര്‍ വണ്‍ മെട്രോകളില്‍ ഇത് ഇതില്‍ കൂടുതല്‍ സമയമെടുക്കും.

അഫോഡബ്ള്‍ ഹൗസിംഗ് പ്രോജക്ടുകളേയും ഇതു മോശമായി ബാധിക്കും. കാരണം പല ജീവനക്കാര്‍ക്കും ജോലി നഷ്ടപ്പെടാനും ശമ്പളം ലഭിക്കാതിരിക്കാനുമുള്ള സാഹര്യമാണുള്ളത്. മാത്രമല്ല നിലവിലുള്ള മാളുകള്‍, കൊമേഴ്‌സ്യല്‍ സ്‌പേസുകള്‍ എന്നിവയുടെ വാടക കുറയ്‌ക്കേണ്ട അവസ്ഥയുമുണ്ട്.

തൊഴിലാളികളുടെ ലഭ്യത പ്രശ്‌നമാകും

സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിക്കുന്ന മേഖലയാണ് നിര്‍മാണ- റിയല്‍ എസ്റ്റേറ്റ് മേഖല. ജിഎസ്ടി, ബില്‍ഡിംഗ് ടാക്‌സ്, സ്റ്റാംപ് ഡ്യൂട്ടി, രജിസ്‌ട്രേഷന്‍ ചാര്‍ജ്, ലൈസന്‍സ് ഫീ തുടങ്ങി സംസ്ഥാനത്തിന് നികുതി വരുമാനം മാത്രമല്ല, ലക്ഷക്കണക്കിന് ആളുകള്‍ക്ക് ജോലിയും നല്‍കുന്നൊരു മേഖലയാണിത്. ഏതാണ്ട് പതിനഞ്ചു ലക്ഷത്തിലധികമാളുകളാണ് ഈ മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നത്.

അന്യ സംസ്ഥാന തൊഴിലാളികളാണ് ഈ രംഗത്ത് കൂടുതലും പ്രവര്‍ത്തിക്കുന്നത്. രാജ്യം മുഴുവന്‍ പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ പലരും ജോലിയില്ലാതെ കാംപുകളിലും മറ്റും തുടരുകയാണ്. ലോക്ക് ഡൗണ്‍ മാറിയാല്‍ ഉടന്‍ തന്നെ അവരെല്ലാം സ്വദേശങ്ങളിലേക്ക് തിരിച്ചു പോകാനുള്ള സാധ്യതയുണ്ട്. ഇവിടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ അനുമതി ലഭിച്ചാലും നാട്ടില്‍ പോയ തൊഴിലാളികള്‍ തിരിച്ചെത്തിയാല്‍ മാത്രമേ പ്രവര്‍ത്തനം ആരിഭിക്കുകയുള്ളു.  മാത്രമല്ല കെട്ടിട നിര്‍മാണ സാമഗ്രികളുടെ ലഭ്യതയിലും ലോക്ക് ഡൗണിനു ശേഷം കുറവുണ്ടാകാനുള്ള സാധ്യത ഈ മേഖലയിലുള്ളവര്‍ ചൂണ്ടിക്കാണിക്കുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT