dubai city canva
Real Estate

പാരിസിന്റെ വൈബ് ദുബൈയില്‍ എത്തുമോ? ഈഫല്‍ ടവറിന്റെ 'ഡ്യൂപ്ലിക്കേറ്റ്' ഉണ്ടാക്കാന്‍ ആലോചന? പിന്നില്‍ പാക്കിസ്ഥാന്‍ കമ്പനി

പുതിയ വിമാനത്താവളം വരുന്ന സൗത്ത് ദുബൈയില്‍ ലോകശ്രദ്ധ നേടുന്ന പദ്ധതിയായി ഈഫല്‍ ടവര്‍ പ്രൊജക്ടിനെ അവസതരിപ്പിക്കാനാണ് കറാച്ചി കമ്പനിയായ ബഹ്‌റിയ ടൗണിന്റെ ശ്രമം

Dhanam News Desk

ആഗോള ടൂറിസ്റ്റുകളുടെ ആവേശമായ പാരീസിലെ ഈഫല്‍ ടവറിന് ദുബൈയില്‍ ഒരു ഡ്യൂപ്ലിക്കേറ്റ് വരുമോ? പാകിസ്ഥാനിലെ റിയല്‍ എസ്റ്റേറ്റ് കമ്പനിയുടെ നീക്കം യാഥാര്‍ത്ഥ്യമായാല്‍ ദുബൈയിലും ഒരു ഈഫല്‍ ടവര്‍ ഉയരും. രണ്ട് വര്‍ഷം മുമ്പ് ഉപേക്ഷിച്ച പദ്ധതി പൊടിതട്ടിയെടുക്കുകയാണ് കറാച്ചി കമ്പനിയായ ബഹ്‌റിയ ടൗണ്‍. ഏഷ്യയിലെ മുന്‍നിര കമ്പനികളിലൊന്നായ ബഹ്‌റിയ ടൗണിന്റെ കൈവശം ദുബൈയിലുള്ള സ്ഥലത്ത് 2 കോടി ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് ഈഫല്‍ ടവര്‍ മാതൃക ഉള്‍പ്പെടുന്ന വമ്പന്‍ റിയാല്‍ട്ടി പദ്ധതി ആസൂത്രണം ചെയ്യുന്നത്. ബഹ്‌റിയ ടൗണിന്റെ ദുബൈയിലെ ആദ്യത്തെ പ്രൊജക്ടാകും ഇത്. റെസിഡന്‍ഷ്യല്‍ യൂണിറ്റുകള്‍, ഷോപ്പിംഗ് മാളുകള്‍, എന്റര്‍ടൈന്‍മെന്റ് ഏരിയ, ഹെല്‍ത്ത് ക്ലബ്ബുകള്‍ തുടങ്ങിയ സംവിധാനങ്ങളാണ് ഈ പദ്ധതിയിലുള്ളത്.

നടക്കാതെ പോയ സ്വപ്‌നം

20 വര്‍ഷം മുമ്പ് ഇത്തരത്തിലൊരു പദ്ധതിയെ കുറിച്ച് ദുബൈയിലെ മറ്റൊരു കമ്പനി ആലോചിച്ചിരുന്നു. ഫാല്‍ക്കണ്‍ സിറ്റി ഓഫ് വണ്ടേഴ്‌സ് എന്ന പേരിട്ട ആ പദ്ധതിയില്‍ ഈഫല്‍ ടവര്‍ ഉള്‍പ്പടെ ലോകത്തെ അല്‍ഭുത നിര്‍മിതികള്‍ പുന;സൃഷ്ടിക്കാനായിരുന്നു നീ്ക്കം. എന്നാല്‍ ഇത് യാഥാര്‍ത്ഥ്യമായില്ല. ഈ പദ്ധതിയില്‍ നിന്ന് പ്രചോദനമുള്‍കൊണ്ടാണ് ഈഫല്‍ ടവറും ഇസ്താംബൂളിലെ ബ്ലൂ മോസ്‌കിന്റെ മാതൃകയും പുനസൃഷ്ടിക്കാന്‍ ബഹ്‌റിയ ടൗണ്‍ ആലോചിക്കുന്നത്. ദുബൈയുടെ തെക്കന്‍ മേഖലയില്‍ നിര്‍മിക്കുന്ന പദ്ധതി 4 വര്‍ഷം കൊണ്ട് ആദ്യ ഘട്ടം പൂര്‍ത്തിയാക്കുമെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്. ഈഫല്‍ ടവര്‍ ഉള്‍പ്പെടുന്ന പദ്ധതി അതിവേഗം ജനശ്രദ്ധയാകര്‍ഷിക്കുമെന്നും നിക്ഷേപകര്‍ എത്തുമെന്നുമാണ് കണക്കു കൂട്ടല്‍.

അതിവേഗം വളരുന്ന സൗത്ത് ദുബൈ

പുതിയ വിമാനത്താവളം വരുന്ന സൗത്ത് ദുബൈയിലെ റിയല്‍ എസ്റ്റേറ്റ് വളര്‍ച്ചക്ക് വേഗം കൂടുന്നതാകും ഈഫല്‍ ടവര്‍ പദ്ധതിയെന്നാണ് വിലയിരുത്തല്‍. ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളമാകും എന്ന പ്രഖ്യാപനത്തോടെ യുഎഇ സര്‍ക്കാര്‍ നിര്‍മിക്കുന്ന അല്‍മഖ്ദൂം അന്താരാഷ്ട്ര വിമാനത്താവളം വരുന്ന ഈ മേഖല അതിവേഗം വളരുമെന്നാണ് വിപണി ഗവേഷണ സ്ഥാപനങ്ങളുടെ വിലയിരുത്തല്‍. ദുബൈയിലെ ഏറ്റവും വലിയ ആസൂത്രിത നഗര പദ്ധതിയാണ് സൗത്ത് ദുബൈയില്‍ ഒരുക്കുന്നത്. ഏവിയേഷന്‍, ലോജിസ്റ്റിക്‌സ്, എക്‌സിബിഷന്‍, ഗോള്‍ഫ് എന്നിവക്കായി പ്രത്യേക വന്‍കിട പദ്ധതികളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ 5 ലക്ഷം പേര്‍ക്ക് തൊഴിലവസരങ്ങള്‍ ഒരുക്കുന്ന കമ്പനികള്‍ ഇവിടെ പ്രവര്‍ത്തിക്കും. ഫ്‌ളാറ്റുകള്‍, വില്ലകള്‍, മാളുകള്‍ എന്നിവക്കായി പ്രത്യേക റെസിഡന്‍ഷ്യല്‍ മേഖലയും പദ്ധതിയില്‍ ഉള്‍പ്പെടുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT