Real Estate

നാളെ മുതല്‍ ഭൂമി കൈമാറ്റ ചെലവില്‍ വന്‍ വര്‍ധന

ഭൂമിയുടെ ന്യായവില: 2010ന് ശേഷം ഉയര്‍ത്തിയത് ആറു തവണ

Dhanam News Desk

ഏപ്രില്‍ ഒന്ന് മുതല്‍ ഭൂമിയുടെ ന്യായവില 20 ശതമാനം കൂടും. ഇതിന് ആനുപാതികമായി രജിസ്ട്രേഷന്‍ ചെലവും ഉയരും. സെന്റിന് ഒരു ലക്ഷം രൂപ ന്യായവില ഉണ്ടായിരുന്ന ഭൂമിക്ക് ഏപ്രില്‍ ഒന്ന് മുതല്‍ 1,20,000 ആകും. എട്ടു ശതമാനം സ്റ്റാംപ് ഡ്യൂട്ടിയും രണ്ടു ശതമാനം രജിസ്ട്രേഷന്‍ ഫീസും ചേര്‍ത്ത് വിലയുടെ 10 ശതമാനമാണ് എഴുത്തുചെലവ്.

രജിസ്ട്രേഷന്‍ ചെലവും കൂട്ടും

ന്യായവിലയിലെ വര്‍ധനയ്ക്ക് ആനുപാതികമായി രജിസ്ട്രേഷന്‍ ചെലവും കൂട്ടും. ന്യായവില ഒരു ലക്ഷമായിരുന്നപ്പോള്‍ 10,000 രൂപയായിരുന്ന രജിസ്ട്രേഷന്‍ ഫീസ് ന്യായവില 1,20,000 ആകുന്നതോടെ 12,000 ആയി ഉയരും. മിക്കപ്പോഴും ന്യായവിലയേക്കാള്‍ ഉയര്‍ന്നതായിരിക്കും വിപണി വില. സ്ഥലം വാങ്ങുന്നതിന് ബാങ്ക് വായ്പയെടുക്കുന്നവരും ഹവാല പണം വെളുപ്പിക്കുന്നവരുമൊഴികെ മിക്കവരും ന്യായവില തന്നെയാകും ആധാരത്തില്‍ കാണിക്കുക.

അതിനാല്‍ ന്യായവിലവര്‍ധന പ്രാബല്യത്തില്‍ വരുന്നതിനുമുമ്പ് രജിസ്ട്രേഷന്‍ നടത്താനുള്ള തിരക്കാണ് സബ് രജിസ്ട്രാര്‍ ഓഫിസുകളില്‍. ഈമാസം ഇതുവരെ 500 കോടിയിലേറെ രൂപയാണ് ഭൂമി രജിസ്ട്രേഷന്‍ വഴി ഖജനാവിലേക്ക് ഒഴുകിയെത്തിയത്. വസ്തു നികുതി അഞ്ച് ശതമാനം ഉയരുമെങ്കിലും ബജറ്റില്‍ പ്രഖ്യാപിച്ച കെട്ടിടനിര്‍മാണ പെര്‍മിറ്റ് ഫീസ്, അപേക്ഷാ ഫീസ് വര്‍ധനയില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല.

പെര്‍മിറ്റ് ഫീസും കൂട്ടും

ചതുരശ്രമീറ്ററിന് മൂന്നു മുതല്‍ എട്ടു രൂപ വരെയാണ് ഗ്രാമപഞ്ചായത്തുകള്‍ വീടിന് നികുതി ഈടാക്കുന്നത്. കെട്ടിടങ്ങളുടെ പെര്‍മിറ്റ് ഫീസും അപേക്ഷയുടെ പരിശോധനാ ഫീസും കൂട്ടുമെന്ന് പ്രഖ്യാപിച്ചിരുന്നു. എത്രയാണ് വര്‍ധിപ്പിക്കുന്നത് എന്ന് വ്യക്തമാക്കി ഇതുവരെ തദ്ദേശ വകുപ്പ് ഉത്തരവ് ഇറക്കിയിട്ടില്ല. ഈയാഴ്ച ഉത്തരവിറങ്ങുമെന്നാണ് കരുതുന്നത്. നിലവില്‍ പഞ്ചായത്തുകളില്‍ 150 ചതുരശ്രമീറ്റര്‍ വരെ അഞ്ചു രൂപയും അതിന് മുകളില്‍ ഏഴു രൂപയുമാണ് പെര്‍മിറ്റ് ഫീസ്. വാണിജ്യാവശ്യത്തിനുള്ള കെട്ടിടമാണെങ്കില്‍ പത്തു രൂപയും. നഗരസഭകളില്‍ ഇത് യഥാക്രമം 5, 10, 15 രൂപ വീതമാണ്.

2010 ന് ശേഷം ആറാം തവണ

സ്റ്റാംപ് ഡ്യൂട്ടി ഇതുവരെ 8000 രൂപ (8%) ആയിരുന്നു. ഇത് ന്യായവില 20% കൂടുന്നതിനാല്‍ ഏപ്രില്‍ ഒന്നു മുതല്‍ 9600 ആയി വര്‍ധിക്കും. രജിസ്ട്രേഷന്‍ ഫീസ് 2000 രൂപയായിരുന്നത് 2400 രൂപ ആയും വര്‍ധിക്കും. സംസ്ഥാനത്ത് ഭൂമിയുടെ ന്യായവില 2010ല്‍ നിലവില്‍വന്ന ശേഷം ആറാം തവണയാണ് വര്‍ധിപ്പിക്കുന്നത്. 2014ല്‍ 50 ശതമാനം വര്‍ധിപ്പിച്ചതായിരുന്നു ആദ്യത്തേത്. പിന്നീട് 10 ശതമാനം വീതം പല ഘട്ടങ്ങളിലായി വര്‍ധിപ്പിച്ചു. ഇതിനു മുമ്പത്തെ ബജറ്റില്‍ വര്‍ധിപ്പിച്ചത് 10% ആയിരുന്നു. പുതിയ പരിഷ്‌കരണത്തോടെ ഭൂമിയുടെ ന്യായവില 2010ലെ അടിസ്ഥാന വിലയുടെ 264 ശതമാനം ആയി.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT