Real Estate

ന്യായ വില ഉയർത്തലിനു മുന്നോടിയായി ആധാരം രജിസ്ട്രേഷനില്‍ വര്‍ധനവ്

ഡിജിറ്റൽ സേവനങ്ങൾ ഇഴയുന്നു. ആധാരം പകര്‍പ്പുകള്‍ ഓണ്‍ലൈന്‍ വഴി ലഭിക്കുന്നതുപോലും വൈകുന്നു

Dhanam News Desk

ഭൂമിയുടെ ന്യായവില 20 ശതമാനം വര്‍ധിപ്പിക്കാനുള്ള ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ സംസ്ഥാനത്ത് ആധാരങ്ങളുടെ രജിസ്ട്രേഷന്‍ കുത്തനെ കൂടിയതായി റിപ്പോര്‍ട്ട്. ഏപ്രില്‍ ഒന്നിന് ന്യായവില കൂടുമ്പോള്‍ സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷന്‍ ഫീസും വര്‍ധിക്കുമെന്നത് മുന്നില്‍ കണ്ടാണിതെന്നാണ് കരുതുന്നത്.

സാങ്കേതിക തടസ്സങ്ങള്‍

രജിസ്ട്രേഷന്‍ കൂടിയതോടെ വകുപ്പിന്റെ സെര്‍വര്‍ ഇഴയുകയാണ്. സബ് രജിസ്ട്രാര്‍ ഓഫിസുകളില്‍ ഉദ്യോഗസ്ഥരുടെ കുറവും, സെര്‍വര്‍ തകരാറും കൂടിയായതോടെ രജിസ്ട്രേഷന്‍ പ്രക്രിയ പലയിടത്തും അവതാളത്തിലായി. കൈമാറ്റം ചെയ്യുന്ന ഭൂമിയുടെ ഇ-സ്റ്റാമ്പ്, രജിസ്ട്രേഷന്‍ ഫീസ് എന്നിവ അടയ്ക്കാനോ എഴുതിയ ആധാരം ഡിജിറ്റല്‍ ആക്കുന്നതിനോ കഴിയാത്ത സ്ഥിതിയായിരുന്നു.

ഏറെ ബുദ്ധിമുട്ടി ഭൂമി കൈമാറ്റത്തിനുള്ള ഫീസടച്ച ശേഷം ആധാരം രജിസ്റ്റര്‍ ചെയ്യാന്‍ സബ് രജിസ്ട്രാര്‍ ഓഫിസിലെത്തുമ്പോള്‍ 'സൈറ്റ് ഇല്ല' എന്ന മറുപടിയാണ് ലഭിക്കുന്നത്.

ഒച്ചിഴയും പോലെ ഇ-സേവനങ്ങള്‍

ഭൂമി കൈമാറ്റം, ഇ-ഗഹാന്‍ എന്നിവയുടെ രജിസ്ട്രേഷന്‍, ആധാരങ്ങളുടെ പകര്‍പ്പ്, ബാധ്യതാ സര്‍ട്ടിഫിക്കറ്റ്, സ്‌പെഷല്‍ മാര്യേജ് ഓണ്‍ലൈന്‍ വിവാഹ രജിസ്ട്രേഷന്‍ ഉള്‍പ്പെടെ സകല സേവനങ്ങളും ദിവസങ്ങളായി നിലച്ചിരിക്കുകയാണ്. പണം കൈമാറിയശേഷം ഭൂമി കൈമാറ്റം രജിസ്റ്റര്‍ ചെയ്യാന്‍ എത്തുന്നവരും, സ്വത്ത് കൈമാറ്റ ആവശ്യങ്ങള്‍ക്ക് എത്തിയ മുതിര്‍ന്ന പൗരന്മാരും മണിക്കൂറുകളോളം രജിസ്ട്രാര്‍ ഓഫീസുകളില്‍ കാത്തുനിന്നു.

ആധാരത്തിന്റെ ഡിജിറ്റല്‍ പകര്‍പ്പുകള്‍

രാവിലെ 10ന് തന്നെ ആധാരം രജിസ്ട്രേഷനായി ടോക്കണ്‍ എടുത്ത് ഓഫിസിലെത്തിയാല്‍ വൈകീട്ട് പോലും രജിസ്ട്രേഷന്‍ നടത്താനാകാത്ത സ്ഥിതിയാണെന്ന് ഇവര്‍ പറയുന്നു. പലരും ഈ ആവശ്യങ്ങള്‍ക്കായി ദിവസങ്ങളോളം ഓഫീസില്‍ കയറിയിറങ്ങി.

ആധാരം പകര്‍പ്പുകള്‍ ഓണ്‍ലൈന്‍ വഴി നല്‍കുന്ന സംവിധാനത്തിന്റെ പരാജയവും ബുദ്ധിമുട്ടിക്കുന്നു. ഇതിനായി സംസ്ഥാനത്തെ നൂറിലേറെ സബ് രജിസ്ട്രാര്‍ ഓഫിസുകളില്‍ സംവിധാനമൊരുക്കി ഒരുമാസം പിന്നിട്ടിട്ടും ഇപ്പോഴും ഡിജിറ്റല്‍ സേവനങ്ങള്‍ക്ക് ദിവസങ്ങള്‍ കാത്തിരിക്കേണ്ട സ്ഥിതിയാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT