Image courtesy: Canva
Real Estate

ഗ്യാസ് പൈപ്പ് ലൈൻ പദ്ധതിയിൽ നഷ്ടപരിഹാര വിവാദം; കർഷകരെ വഞ്ചിച്ചെന്ന് ഗുരുതര ആരോപണം

കൊച്ചി റിഫൈനറി മുതൽ വാളയാർ വരെയും പുതുവൈപ്പിൻ മുതൽ കാസർഗോഡ് വരെയുമുള്ള ഭൂ ഉടമകൾക്ക് നിയമപരമായ നഷ്ടപരിഹാരം നിഷേധിച്ചുവെന്ന് പരാതി

Dhanam News Desk

കൊച്ചി-സേലം എൽ.പി.ജി പൈപ്പ് ലൈൻ, ഗെയിൽ പദ്ധതികൾക്കായി ഭൂമി ഏറ്റെടുത്തതിൽ ആയിരക്കണക്കിന് കർഷകർ വഞ്ചിക്കപ്പെട്ടതായി ഗൗരവതരമായ ആരോപണങ്ങൾ ഉയരുന്നു. 2015 ൽ പെട്രോളിയം & മിനറൽസ് പൈപ്പ് ലൈൻ നിയമത്തിൽ കേന്ദ്ര സർക്കാർ വരുത്തിയ നിർണായകമായ ഭേദഗതികൾ മറച്ചുവെച്ച്, കൊച്ചി റിഫൈനറി മുതൽ വാളയാർ വരെയും പുതുവൈപ്പിൻ മുതൽ കാസർഗോഡ് വരെയുമുള്ള ഭൂ ഉടമകൾക്ക് നിയമപരമായ നഷ്ടപരിഹാരം നിഷേധിച്ചുവെന്നാണ് പ്രധാന പരാതി.

വളരെ കുറഞ്ഞ ഫെയർ വാല്യൂ

2013 ലെ എൽ.എ.ആർ.ആർ (LARR) ആക്ട് പ്രകാരം ഭൂമിയുടെ മാർക്കറ്റ് വിലയുടെ പത്തിരട്ടിയുടെ 10 ശതമാനം നഷ്ടപരിഹാരം നൽകേണ്ടതുണ്ട്. എന്നാൽ കേരളത്തിൽ റവന്യൂ വകുപ്പ് 2019 ൽ പുറത്തിറക്കിയ ഉത്തരവ് പ്രകാരം (GO(Rt)No:90/2019/RD), മാർക്കറ്റ് വിലയ്ക്ക് പകരം വിപണി വിലയേക്കാൾ വളരെ കുറഞ്ഞ 'ഫെയർ വാല്യൂ' (Fair Value) അടിസ്ഥാനമാക്കിയാണ് തുക നിശ്ചയിച്ചത്. പൈപ്പ് ലൈൻ കമ്പനിയായ കെ.എസ്.പി.പി.എല്‍ (KSPPL) ഗുരുതരമായ ക്രമക്കേടാണ് നടത്തിയത്. ഇത്തരമൊരു നിയമവിരുദ്ധമായ ഉത്തരവ് പുറപ്പെടുവിക്കുന്നതിന് പിന്നിൽ ഗൂഢാലോചനയുളളതായും കൊച്ചി-സേലം എൽ.പി.ജി പൈപ്പ് ലൈൻ ആക്ഷൻ കൗൺസിൽ ആരോപിക്കുന്നു.

തമിഴ്നാട് സർക്കാർ 2013-ലെ നിയമപ്രകാരം മാർക്കറ്റ് വില നിശ്ചയിച്ച് നഷ്ടപരിഹാരം നൽകിയപ്പോൾ, കേരളത്തിൽ ഭൂ ഉടമകളുമായോ ജില്ലാ കളക്ടർമാരുമായോ യാതൊരു ചർച്ചയും നടത്താതെ ഏകപക്ഷീയമായാണ് കാര്യങ്ങൾ നീങ്ങിയത്. ഈ സാഹചര്യത്തിൽ, 2019 ലെ നിയമവിരുദ്ധ ഉത്തരവ് റദ്ദാക്കി അർഹമായ നഷ്ടപരിഹാരം പുനർനിർണയിക്കണമെന്ന് ആവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ കൺവീനർ സജി കുടിയിരിപ്പിൽ മുഖ്യമന്ത്രിയെ നേരില്‍ കണ്ട് നിവേദനം നൽകി. പൈപ്പ് ലൈൻ കടന്നുപോകുന്നതോടെ ഭൂമി രണ്ടായി മുറിയുന്നതും ഭാവിയിൽ അവിടെ കെട്ടിട നിർമ്മാണം അസാധ്യമാകുന്നതും നഷ്ടപരിഹാരത്തിൽ പരിഗണിച്ചിട്ടില്ല. കൂടാതെ, വെട്ടിമാറ്റപ്പെട്ട മരങ്ങൾക്കും കൃഷിക്കും കമ്പനി ഉദ്യോഗസ്ഥർ തന്നെ നിശ്ചയിച്ച തുച്ഛമായ വിലയാണ് നൽകിയത്.

SCROLL FOR NEXT