പശ്ചിമേഷ്യയിൽ മൂർച്ഛിക്കുന്ന സംഘർഷത്തിന്റെ അനുരണനങ്ങൾ കേരളത്തിലെ റിയൽ എസ്റ്റേറ്റ് വിപണിയിലും പ്രതിഫലിച്ചു തുടങ്ങി. ഗൾഫിലെ പ്രവാസികളിൽ നിന്നും സംസ്ഥാനത്തെ കെട്ടിട നിർമാണ കമ്പനികളിലേക്ക് പുതിയ ഭവനങ്ങൾക്കു വേണ്ടിയുള്ള അന്വേഷണങ്ങളിൽ വൻ വർധനയുണ്ടെന്നാണ് വിവരം. കഴിഞ്ഞ ഏതാനും ആഴ്ചകളിലായി ഇടത്തരം വരുമാനക്കാരെ ലക്ഷ്യമിട്ടുള്ള ഭവന പദ്ധതികൾക്ക് (Mid-income housing segment) ഡിമാൻഡ് ഏറുകയാണെന്ന് കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മുൻനിര റിയൽ എസ്റ്റേറ്റ് കമ്പനികളുടെ വിലയിരുത്തൽ.
പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ, സാമ്പത്തിക സുരക്ഷിതത്വവും ഭാവിയിലെ പാർപ്പിട ആവശ്യങ്ങളും മുൻനിർത്തിയുള്ള ദീർഘകാല നിക്ഷേപങ്ങൾക്ക് പ്രവാസികൾ മുൻഗണന നൽകുന്നത് കാരണമാണ് പൊടുന്നനേ കേരളത്തിലെ പ്രോപ്പർട്ടി വിപണിയിൽ ഡിമാൻഡ് ഉയരുന്നതെന്നാണ് കെട്ടിട നിർമാണ കമ്പനികളുടെ നിരീക്ഷണം. പ്രധാനമായും കുവൈറ്റ്, ബഹ്റൈൻ, ഒമാൻ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള പ്രവാസി മലയാളികളിൽ നിന്നാണ് ഭൂരിഭാഗം അന്വേഷണങ്ങളും വരുന്നത്.
കൊച്ചി, തിരുവനന്തപുരം പോലുള്ള സംസ്ഥാനത്തെ വലിയ നഗരങ്ങൾ കേന്ദ്രീകരിച്ചാണ് ഗൾഫ് പ്രവാസികളിൽ നിന്നുള്ള കൂടുതൽ അന്വേഷണവും എത്തുന്നത്. എന്നിരുന്നാലും നിക്ഷേപകർക്കിടയിൽ വളർന്നുവരുന്ന നഗരപ്രാന്ത പ്രദേങ്ങൾക്കും ഒരുപോലെ പ്രാധാന്യം ലഭിക്കുന്നുണ്ട്. കൊച്ചി നഗരത്തിൽ തൃപ്പൂണിത്തുറ, കാക്കനാട് എന്നി മേഖലകളിലെ ഭവന പദ്ധതികൾക്കാണ് ഡിമാൻഡ്. തിരുവനന്തപുരത്ത് കഴക്കൂട്ടം മേഖലയ്ക്കാണ് ആവശ്യക്കാർ ഏറെയുള്ളത്. അതുപോലെ തൊടുപുഴ, പെരിന്തൽമണ്ണ തുടങ്ങിയ ചെറിയ പട്ടണങ്ങളിലേക്കും ഭവന പദ്ധതികൾ തേടിയുള്ള അന്വേഷണം എത്തുന്നുണ്ട്.
പശ്ചിമേഷ്യയിലെ യുദ്ധം ആരംഭിച്ചതിനുശേഷം കേരളത്തിലെ റിയൽ എസ്റ്റേറ്റ് വിപണിയിലെ ഡിമാൻഡിൽ വർധന പ്രകടമാകുന്നുണ്ടെങ്കിലും, ഇത് കെട്ടിട നിർമാണ കമ്പനികൾ കൂടുതൽ പുതിയ പദ്ധതികൾ ആരംഭിക്കുന്നതിലേലേക്ക് നിലവിൽ നയിച്ചിട്ടില്ല. രണ്ടാം നിര നഗരങ്ങളിൽ നിർമ്മാണത്തിലിരിക്കുന്നതോ പൂർത്തിയായതോ ആയ കെട്ടിട സമുച്ചയങ്ങളേക്കാൾ, ഭൂമിയായുള്ള നിക്ഷേപങ്ങൾക്കാണ് പ്രവാസികളിൽ നിന്നും മുൻഗണന ലഭിക്കുന്നത്.
അതേസമയം പശ്ചിമേഷ്യയിലെ യുദ്ധം കാരണം അസംസ്കൃത വസ്തുക്കൾക്ക് വില ഉയർന്നതോടെ നിർമാണ ചെലവിൽ ഇതിനകം 15-20% വർധന രേഖപ്പെടുത്തിയിട്ടുണ്ട്. വിപണിയിലെ ഈ വിലക്കയറ്റം ഉപഭോക്താക്കളുടെ സമീപനത്തിലും പ്രകടമായ മാറ്റം വരുത്തിയിട്ടുണ്ട്. സ്വയം വീട് നിർമ്മിക്കുന്നതിനേക്കാൾ, പ്രമുഖ ബിൽഡർമാരുടെ ബ്രാൻഡഡ് അപ്പാർട്ടുമെന്റുകൾ തിരഞ്ഞെടുക്കുന്നതിലേക്ക് നിക്ഷേപകർ മാറുന്നതായും റിയൽ എസ്റ്റേറ്റ് മേഖലയിലെ വിദഗ്ധർ സൂചിപ്പിച്ചു.
Read DhanamOnline in English
Subscribe to Dhanam Magazine