മിക്ക ഇന്ത്യക്കാർക്കും വീട് വാങ്ങുന്നത് കൂടുതൽ ബുദ്ധിമുട്ടായിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയിലുടനീളമുള്ള 81 ശതമാനത്തിലധികം പ്രോപ്പർട്ടി അന്വേഷകർക്കും വീടുകളുടെ വിലയിലെ വർദ്ധനവ് ഒരു പ്രധാന ആശങ്കയായി മാറിയിരിക്കുന്നു. രണ്ട് വർഷത്തിനുള്ളിൽ ഇന്ത്യയില്‍ വീടുകളുടെ മൂല്യം 50 ശതമാനത്തിലധികം വർദ്ധിച്ചതായി റിയല്‍ എസ്‌റ്റേറ്റ് മേഖലയിലെ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ അനാറോക്കിന്റെ (ANAROCK) സര്‍വേ വ്യക്തമാക്കുന്നു. 2025 ലെ ആദ്യ പകുതിയില്‍ റിയില്‍ എസ്റ്റേറ്റ് മേഖലയിലെ പ്രവണതകള്‍ നിരീക്ഷിച്ചാണ് സർവേ നടത്തിയത്. ഇന്ത്യയിലെ ഏഴ് പ്രധാന നഗരങ്ങളെ ഉള്‍പ്പെടുത്തിയായിരുന്നു സര്‍വേ.
മുൻനിരയിലെ ഏഴ് നഗരങ്ങളിൽ ശരാശരി വിലകൾ 2023 ലെ രണ്ടാം പാദത്തിൽ ചതുരശ്ര അടിക്ക് 6,001 രൂപയിൽ നിന്ന് 2025 ലെ രണ്ടാം പാദത്തിൽ ചതുരശ്ര അടിക്ക് 8,990 രൂപയായി ഉയർന്നു. കൂടാതെ 92 ശതമാനം പേരും പുതിയ ഫ്ലാറ്റ് സമുച്ചയ പദ്ധതികൾ എവിടെയാണ് സ്ഥിതി ചെയ്യുന്നത് എന്നതിലും അതൃപ്തരാണ്.
90 ലക്ഷം മുതൽ 1.5 കോടി രൂപ വരെ വിലയുള്ള വീട് വാങ്ങുന്നതിനാണ് 36 ശതമാനത്തിലധികം പേരും പരിഗണന നല്‍കുന്നത്. ഇത് പ്രീമിയം, ആഡംബര പ്രോപ്പർട്ടികളിലേക്കുള്ള ശക്തമായ മാറ്റത്തെ സൂചിപ്പിക്കുന്നു. 45 ലക്ഷം രൂപയ്ക്കും 90 ലക്ഷം രൂപയ്ക്കും ഇടയിൽ വിലയുള്ള വീടുകളാണ് 25 ശതമാനം പേർ ഇഷ്ടപ്പെടുന്നത്. 45 ശതമാനം ആളുകളും 3 മുറികളുളള (BHK) വീടുകളാണ് ഇഷ്ടപ്പെടുന്നത് എന്നത് വലിയ വീടുകളാണ് വാങ്ങുന്നവരുടെ ഡിമാൻഡിൽ മുന്നിൽ നിൽക്കുന്നതെന്ന് വ്യക്തമാകുന്നു.
45 ലക്ഷം രൂപയിൽ താഴെ വിലയുള്ള താങ്ങാനാവുന്ന വിലയുള്ള വീടുകളുടെ വിഹിതം 2020 ലെ ആദ്യ പാദത്തിലെ 40 ശതമാനത്തിൽ നിന്ന് 2025 ലെ ആദ്യ പാദത്തിൽ 17 ശതമാനമായി ചുരുങ്ങി.
കഴിഞ്ഞ രണ്ട് വർഷത്തിനിടെ രാജ്യത്തെ പ്രധാന 7 നഗരങ്ങളിലെ താങ്ങാനാവുന്ന വിലയിലുള്ള പുതിയ ഭവനങ്ങളുടെ നിര്‍മാണം കുത്തനെ ഇടിഞ്ഞു. 2023 ലെ ആദ്യ പാദത്തിലെ 18 ശതമാനത്തിൽ നിന്ന് 2025 ലെ ആദ്യ പാദത്തിൽ വെറും 12 ശതമാനമായി ഇത് ചുരുങ്ങി. ഭൂമിയുടെ പരിമിതമായ വലിപ്പം ഈ പ്രവണതയ്ക്കുളള പ്രധാന കാരണങ്ങളിലൊന്നാണ്.
താമസത്തിന് തയ്യാറായ വീടുകളുടെ (റെഡി ടു മൂവ് ഇൻ) ആവശ്യം കുറഞ്ഞുവരികയാണ്. വീട് വാങ്ങാന്‍ താല്‍പ്പര്യപ്പെടുന്നവരുടെ മുൻഗണനാ പട്ടികയില്‍ ഏറ്റവും താഴ്ന്ന നിലയിലാണ് ഇതെന്നും സർവേ കണ്ടെത്തി.
Real estate prices in India surge over 50% in two years, leaving most homebuyers struggling with affordability.
Read DhanamOnline in English
Subscribe to Dhanam Magazine