പ്രളയക്കെടുതി കേരളത്തിലെ റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് കനത്ത തിരിച്ചടിയാണ് നൽകിയിരിക്കുന്നത്. മഴക്കെടുതിയുടെ ഫലമായി വെള്ളപ്പൊക്ക സാധ്യതയുള്ള സ്ഥലങ്ങളിലെ വീടുകളുടേയും അപ്പാർട്മെന്റുകളുടെയും ഡിമാൻഡ് ഗണ്യമായി കുറയുമെന്നാണ് റിയൽ എസ്റ്റേറ്റ് മേഖലയിലുള്ളവർ ചൂണ്ടിക്കാട്ടുന്നത്. കേരളത്തിൽ വാട്ടർ ഫ്രണ്ട് വീടുകൾക്ക് ആവശ്യക്കാർ കുറയും.
റോഡുകളും മറ്റും തകർന്നതോടെ സ്ഥലവില കുത്തനെ കുറയാനുള്ള സാധ്യതകളും ഇവർ മുന്നിൽ കാണുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധി, കൃഷി നഷ്ടം എന്നിവയും വിലയെ പ്രതികൂലമായി ബാധിക്കും. പുഴയോട് ചേർന്ന് കൃഷി ചെയ്തിരുന്നവരും വലിയ നഷ്ടം ഏൽക്കേണ്ടി വന്നിട്ടുണ്ട്. സ്ഥലം വാങ്ങി കൃഷി ചെയ്തിരുന്ന ട്രെൻഡ് പതുക്കെ ഇല്ലാതാകും.
ഹൈറേഞ്ച് മേഖലകളിലും മറ്റ് പരിസ്ഥിതി ലോല പ്രദേശങ്ങളിലും സ്ഥലവില കുറയുമെന്നാണ് കണക്കാക്കുന്നത്.
വ്യക്തികളുടെയും ചെറുകിട ബിസിനസുകാരുടെയും സാമ്പത്തിക നില പഴയ നിലയിലാക്കാൻ സമയമെടുക്കുമെന്നതിനാൽ റിയൽ എസ്റ്റേറ്റ് ഇടപാടുകൾ സാധാരണ ഗതിയിലാകാൻ കാത്തിരിക്കേണ്ടി വരും.
എന്നാൽ ഇതൊരവസരമായി കാണാനാണ് കൂടുതൽ പേർക്കും താല്പര്യം. സർക്കാരിന്റെ നേതൃത്വത്തിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാകുന്നതോടെ റിയൽ എസ്റ്റേറ്റ് മേഖല പച്ചപിടിക്കുമെന്നാണ് ഒരു വിഭാഗം പറയുന്നത്.
സംസ്ഥാനത്തെ മൊത്തത്തിലുള്ള മാന്ദ്യം താൽക്കാലികമായിരിക്കും. റികൺസ്ട്രക്ഷന് വലിയ ഡിമാൻഡ് ആണ് വരാൻ പോകുന്നത്. ഇത് റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് അനുകൂലമായ ഘടകമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
മാത്രമല്ല, സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറി വീട് വക്കുന്നവരുടെ എണ്ണം കൂടാനാണ് സാധ്യത. നിലവിൽ പുഴയോരത്ത് വീടുള്ളവർ, മറ്റിടങ്ങളിലേക്ക് മാറാനും സാധ്യതയുണ്ട്. ഇത് റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് ഒരവസരമാണ്.
സർക്കാരിന്റെ കണക്ക് പ്രകാരം, കൺസ്ട്രക്ഷനും റിയൽ എസ്റ്റേറ്റുമാണ് സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങൾ. സമ്പദ് വ്യവസ്ഥയുടെ 15 ശതമാനത്തോളം വരും റിയൽ എസ്റ്റേറ്റ് മേഖലയുടെ സംഭാവന.
Read DhanamOnline in English
Subscribe to Dhanam Magazine